കൊച്ചി- മറൈന്‍ ഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി മുച്ചേത്ത് വീട്ടില്‍ മാജിക് മെഹന്ദി എന്ന അജ്മല്‍ എം. എസ്. (33), കൊച്ചി പള്ളൂരുത്തി ചിറക്കല്‍ ബ്രിഡ്ജ് സ്വദേശി ആഷ്‌ന മന്‍സില്‍ ഷമീര്‍ പി. എം (47), എളംകുളം കോര്‍പ്പറേഷന്‍ കോളനി സ്വദേശി കുളങ്ങത്തറ വീട്ടില്‍ വിഷ്ണു (24) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
അജ്മലന്റേയും ഷെമീറിന്റേയും പക്കല്‍ നിന്ന് 6.5 ഗ്രാം എം. ഡി. എം. എയും മൂന്ന് സ്മാര്‍ട്ട് ഫോണുകളും 9500 രൂപയും വിഷ്ണുവിന്റെ പക്കല്‍ നിന്ന് 20 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
മറൈന്‍ ഡ്രൈവ് ഭാഗത്തെ ചില്ലറ കഞ്ചാവ് കച്ചവടക്കാരനാണ് വിഷ്ണു. അജ്മല്‍, ഷെമീര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ വഴി മൂന്നാം കണ്ണ് എന്ന പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ മറൈന്‍ ഡ്രൈവ് ഭാഗത്ത് എം. ഡി. എം. എ. വില്‍പ്പന നടത്തി വരുന്നവരാണ്. മുന്‍ മയക്ക് മരുന്ന് കേസില്‍ പ്രതികളാണ് ഇരുവരും. ഇവരുടെ പക്കല്‍ മയക്ക് മരുന്ന് എത്തിക്കഴിഞ്ഞാല്‍ 'മിഠായി റെഡി' എന്ന പ്രത്യേകതരം കോഡ് സോഷ്യല്‍ മീഡിയായിലെ ഗ്രൂപ്പില്‍ വരുന്നു. തുടര്‍ന്ന് ആവശ്യക്കാര്‍ മിഠായി യുടെ എണ്ണം പറഞ്ഞ ശേഷം ഗ്രൂപ്പില്‍ ഉള്ള ക്യൂ ആര്‍ കോഡ് വഴി പണം നല്‍കണം. തുടര്‍ന്ന് വെളുത്ത കളറില്‍ ഉള്ള പ്ലാസ്റ്റിക് കവറില്‍ മിഠായി രൂപത്തില്‍ മയക്ക് മരുന്ന് പാക്ക് ചെയ്ത് വച്ചതിന് ശേഷം ഗൂഗിള്‍ ലൊക്കേഷനും ഇത് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും ആവശ്യക്കാര്‍ക്ക് അയക്കുന്നതാണ് ഇവരുടെ രീതി.
ഗ്രാമിന് 3000 രൂപ മുതല്‍ ഡിമാന്റ് അനുസരിച്ച് 4500 രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പന. രണ്ടാഴ്ച മുന്‍പ് എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്ത് വച്ച് രാത്രിയോടു കൂടി സംശയസ്പദമായ രീതിയില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് മിഠായി കഥ പുറത്ത് വന്നത്. രാത്രിയാകുന്നതോടെ ഡ്രോപ്പ് ചെയ്യുന്ന മിഠായി പെറുക്കാന്‍ യുവതിയുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എത്താറുണ്ടന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക ഷാഡോ സംഘവും എക്‌സൈസ് ഇന്റലിജന്‍സും എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ അജ്മലും ഷമീറും ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ ലൊക്കേഷന്‍ അനുസരിച്ച് സി. സി. ടി. വി. മുഖേന നടത്തിയ പരിശോധനയില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തുകയും ചെയ്തു. ഇരുവരും അപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നത് വരെ കാത്തുനിന്ന എക്‌സൈസ് സംഘം രാത്രി ഒരു മണിയോട് കൂടി അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അജ്മലിനേയും ഷെമീറിനേയും മയക്ക് മരുന്നുമായി പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി യുവതി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ പക്കല്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചുട്ടുണ്ട് എന്ന് കണ്ടെത്തി. മയക്ക് മരുന്ന് സ്റ്റെറിലൈസ് വാട്ടറില്‍ ലയിപ്പിച്ച ശേഷം നേരിട്ട് കുത്തിവയ്ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവര്‍ പിടിയിലായതോടു കൂടി കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി മയക്ക് മരുന്ന് സംഘങ്ങളെക്കുറിച്ചുള്ള വളരെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും എക്‌സൈസ് കണ്ടെത്തി.
അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുധീര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി. ഐ. ടി. പി. സജീവ് കുമാര്‍, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ഗിരീഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ ടി. എന്‍. അജയകുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍. ഡി. ടോമി, സി. ഇ. ഒമാരായ പി. പത്മഗിരീഷന്‍, അഭിഷാഷ് ടി, സാജന്‍ ജെ, പ്രവീണ്‍ പി. സി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.