ദുബായ്- യു.എ.ഇ ഭരണകൂടം കേരളത്തിന് പ്രഖ്യാപിച്ച 700 കോടി രൂപ താൻ ഇടപെട്ട് കേരളത്തിലേക്ക് എത്തിക്കുമെന്ന തരത്തിലുള്ള പ്രചാരണം അസത്യമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ലുലു കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കി. ചില ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമാണ് ഇക്കാര്യം പ്രചരിപ്പിച്ചത്.
കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം വേണ്ടെന്ന് ഇന്നലെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ തുക കേരളത്തിന് നൽകാൻ യൂസഫലി വഴിയൊരുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്. നേരത്തെ കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് യൂസഫലി യു.എ.ഇ ഭരണാധികാരികളെ കണ്ടിരുന്നു. ഇതിന്റെ കൂടി ഫലമായാണ് കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചത്. എന്നാൽ നിയമം ചൂണ്ടിക്കാട്ടി സഹായം ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.