Sorry, you need to enable JavaScript to visit this website.

എളിയ തോതില്‍ തുടങ്ങി കര്‍ഷക ജീവിതത്തെ മാറ്റിമറിച്ച കാംകോ, ഇനി അഗ്രി ഡ്രോണുകളും പറക്കും

നെടുമ്പാശ്ശേരി- കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം ലക്ഷ്യമിട്ട് ജപ്പാനിലെ കുമ്പേട്ട കമ്പനിയുമായുള്ള പങ്കാളിത്വത്തില്‍ 1973 ല്‍ ആരംഭിച്ച സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് സുവര്‍ണ ജൂബലി ആഘോഷിക്കുന്ന കേരള അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ (കാംകോ). 1.64 കോടി രൂപയാണ് അന്നത്തെ മുതല്‍മുടക്ക്. നിലവില്‍ 220 കോടി രൂപ വാര്‍ഷിക ടേണോവറുള്ള സ്ഥാപനമാണിത്. 1984 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാംകോ തുടര്‍ച്ചായി കഴിഞ സാമ്പത്തിക വര്‍ഷം വരെ സര്‍ക്കാരിന് ഡിവിഡന്റ് നല്‍കി വരുന്നുണ്ട്. ചെറിയതോതില്‍ ആരംഭിച്ച സംരംഭം  വൈവിധ്യവല്‍ക്കരണത്തിലൂടെയാണ് വളര്‍ന്നത്. നിലവില്‍ കാംകോയ്ക്ക് വിവിധ സ്ഥലങ്ങളിലായി ആറ് യൂണിറ്റുകളുണ്ട് . തുടക്കത്തില്‍ അത്താണി യൂണിറ്റില്‍ പാവര്‍ ടില്ലറാണ്  ഉത്പ്പാദിച്ചിരുന്നത്. ഇതിന്റെ ആവശ്യം വര്‍ദ്ധിച്ചതോടെ 1944 ല്‍ കളമശ്ശേരിയിലും 1995 ല്‍ പാലക്കാട് കഞ്ചിക്കോടും പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. 1999 ല്‍ കാംകോ കൊയ്ത്തു യന്ത്രം ഉത്പ്പാദിപ്പിച്ച് തുടങ്ങി. 2001 ല്‍ ഇതിനായി തൃശൂര്‍  മാളയില്‍ പുതിയ ഫാക്ടറി ആരംഭിച്ചു. 2012 ല്‍  അത്താണി യൂണിറ്റില്‍ മിനി ട്രാക്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി ഒരു പുതിയ പ്ലാന്റ് ആരംഭിച്ചു .
കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍നിന്നും അനുവദിച്ച 10 കോടി രൂപ മുടക്കി 2013 ല്‍ കണ്ണൂര്‍  വലിയ വെളിച്ചത്ത് ന്യൂ ജനറേഷന്‍ പവര്‍ ടില്ലറും മറ്റ് കാര്‍ഷികയന്ത്രങ്ങളും ഉത്പ്പാദിപ്പിക്കാനുള്ള ഫാക്ടറി തുടങ്ങി. പവര്‍ ടില്ലര്‍ മാത്രം ഉണ്ടാക്കാന്‍ ആരംഭിച്ച കാംകോ പവര്‍ റീപ്പര്‍, മിനി ട്രാക്ടര്‍, ഗാര്‍ഡന്‍ ടില്ലര്‍, പവര്‍ വീഡര്‍, മൈക്രോ വീഡര്‍, റൈസ് മില്ലുകള്‍, പമ്പ് സെറ്റുകള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിനകം മൂന്ന് ലക്ഷത്തില്‍പരം പവര്‍ ടില്ലറുകളും 40000 പവര്‍ റീപ്പറുകളും ഈ സ്ഥാപനം ഉത്പാദിപ്പിച്ച് വിപണനം ചെയ്തു. 700 ഓളം ജീവനക്കാര്‍ നേരിട്ടും 2000 ത്തോളം പേര്‍ പരോക്ഷമായും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. കാര്‍ഷിക മേഖലയിലെ കീടനാശിനി പ്രയോഗത്തിനും നിരീക്ഷണത്തിനും ഉതകുന്നതാണ് പുതുതായി ഉത്പാദിപ്പിക്കുന്ന ഡ്രോണുകള്‍. നെല്ല്, തെങ്ങ്, റബര്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ കാര്‍ഷിക വിളകള്‍ക്ക് ഇത് പ്രയോജനപ്പെടും. പതിനഞ്ച് എച്ച് പി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച മിനിട്രാക്ടറുകളാണ് പുതിയതായി വിപണിയില്‍ ഇറക്കുന്നത്. മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് എക്കോ ലെപ്പാഡ് പവര്‍ വീഡര്‍, ചെറുകിട ഇടത്തരം ഫാമുകളില്‍ വിളവെടുപ്പിന് ഉപകാരപ്രദമാണ് മിനി കമ്പൈന്‍ഡ് ഹാര്‍വെസ്റ്റര്‍. വായു മലിനീകരണം ഇല്ലാത്ത വിധം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയതായി വികസിപ്പിച്ചിട്ടുള്ള ടില്ലറും പവര്‍ റീപ്പറും.

Latest News