Sorry, you need to enable JavaScript to visit this website.

റബര്‍ വിലത്തകര്‍ച്ച ഏറ്റെടുത്ത് ജോസഫ് വിഭാഗം പ്രക്ഷോഭത്തിന്

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ മധ്യകേരളത്തിലെ നീറുന്ന പ്രശ്‌നമായ റബര്‍ വിലത്തകര്‍ച്ച ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രക്ഷോഭത്തിന്. കേന്ദ്ര സംസ്ഥാന സര്‍്ക്കാരുകളുടെ നിലപാടാണ് ന്യായവില ലഭിക്കാത്തതെന്ന് ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരതാ ഫണ്ട് അനുസരിച്ചുളള വില ഏഴു വര്‍ഷമായിട്ടും ലഭ്യമാക്കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വില ഇനിയെങ്കിലും ലഭ്യമാക്കണമെന്നും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ  പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പങ്കാളിയായിട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയത്ത് മുഖ്യമന്ത്രി വന്നപ്പോള്‍ റബര്‍ കാര്യം പരാമര്‍ശിക്കുമെന്നാണ് കരുതിയത്. പക്ഷേ നടന്നത് മറ്റൊന്നാണ്.

കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ സംസ്ഥാനത്തെ  9 ലക്ഷത്തിലധികം വരുന്ന ജനവിഭാഗം എത്തിയിട്ടും കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും അനങ്ങാപ്പാറ നയത്തിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കര്‍ഷകരെ വഞ്ചിക്കുന്ന സാഹചര്യത്തിലാണ് റബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച്  ഉള്‍പ്പടെയുളള അനിശ്ചിതകാല പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്ന്ത്

കേരളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോഭത്തിന്  തുടക്കം കുറിച്ചുകൊണ്ട് ജനുവരി 12, 13 തീയതികളില്‍  കടുത്തുരുത്തിയില്‍ നിന്ന് കോട്ടയത്തേക്ക് റബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച് നടത്തുമെന്ന് മോന്‍സ് പറഞ്ഞു. ഇലക്ഷനു മുന്നോടിയായുളള പ്രചാരണം അല്ല അത്. നേരത്തെ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.  പലതവണ സമരം നടത്തി. ഇനി നോക്കി നില്‍ക്കാനാവില്ല. റബര്‍ കൃഷിക്കാര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കിയ 250 രൂപയുടെ വിലസ്ഥിരതാ ഫണ്ടിന്റെ വര്‍ധനഎത്രയും വേഗം നടപ്പാക്കണം.ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 50 രൂപയില്‍ കുറയാതെ ഇന്‍സെന്റീവ് കൂടി അനുവദിച്ചാല്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് 300 രൂപ അടിസ്ഥാനവിലയായി ലഭ്യമാക്കാന്‍ കഴിയുമെന്നുള്ള യാഥാര്‍ഥ്യം സര്‍ക്കാര്‍ അംഗീകരിക്കണം.

2015 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ വില സ്ഥിരതാ പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിരന്തരമായി ശ്രമിക്കുകയാണ്. ഈ ദുരവസ്ഥ പരിഹരിക്കാന്‍ കഴിയണമെങ്കില്‍ വിലസ്ഥിരതാ പദ്ധതിയില്‍ കൂടുതല്‍ റബര്‍ കര്‍ഷകര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതി വിപുലീകരിക്കണം.റബര്‍ കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും നിലനില്‍പിനും വേണ്ടി  വിവിധ കര്‍ഷക ക്ഷേമ പദ്ധതിക ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി റബര്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.  പദ്ധതി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതപ്പെട്ട റബര്‍ കൃഷിക്കാര്‍ക്ക്  പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം പുനക്രമീകരിച്ച് ലഭ്യമാക്കണം. കേരളത്തിലെ ഒന്‍പതു ലക്ഷം റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിലസ്ഥിരതാ ക്ഷേമപദ്ധതി വികസിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്  ആവശ്യപ്പെട്ടു.     
    
ഇപ്പോള്‍ നില നില്‍ക്കുന്ന റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ ബില്ലുുകള്‍ അപ് ലോഡ് ചെയ്യാന്‍ കഴിയാതെ കൃഷിക്കാര്‍ക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും നിസ്സഹായവസ്ഥയും  പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം.12 ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് റബ്ബര്‍ കര്‍ഷക സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍എ. കടുത്തുരുത്തിയില്‍ നിര്‍വഹിക്കും. 13 ന് രാവിലെ കടുത്തുരുത്തി ടൗണില്‍ നിന്ന് റബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച് ആരംഭിക്കും. 30 കിലോമീറ്റര്‍ പതയാത്രയായി സഞ്ചരിച്ച് കര്‍ഷകമാര്‍ച്ച് വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനിയില്‍ സമാപിക്കുന്നതാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ. സമാപന കര്‍ഷകസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളാ കോണ്‍ഗ്രസ്  ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍എ അധ്യക്ഷനായിരിക്കും.

 

Latest News