അയോധ്യ വികാരമുയർത്തി തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കാൻ ബി.ജെപിക്കാവുമോ? രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും വലിയ പ്രതീക്ഷയിലാണ്. സെമി ഫൈനൽ തോറ്റെങ്കിലും 2004ലെ വാജ്‌പേയി അനുഭവം അവരുടെ പ്രതീക്ഷയ്ക്ക് നിറം പകരുന്നു
അധികം വൈകാതെ രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. 2014ൽ ജയിച്ച് അധികാരത്തിലേറി 2019ൽ തുടർ ഭരണവും കൈക്കലാക്കിയ ബി.ജെ.പി വീണ്ടും അധികാരത്തിലേറുമോ, അതോ ഭരണമാറ്റമുണ്ടാവുമോ എന്നതാണ് എല്ലാവരും താൽപര്യത്തോടെ വീക്ഷിക്കുന്നത്. എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിൽ 2004ൽ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയ്ക്ക് തിരിച്ചടിയാണുണ്ടായത്. അതുകൊണ്ട് ഇപ്പോഴത്തെ അനുകൂല സാഹചര്യം വോട്ടെടുപ്പ് വേളയിൽ നിലനിൽക്കണമെന്നില്ല. ജനുവരി 22ന്റെ രാമക്ഷേത്ര ഉദ്ഘാടനം ഹിന്ദി ഹൃദയഭൂമിയിൽ വോട്ടാക്കി മാറ്റാമെന്നാണ് ബി.ജ.പി കണക്കുകൂട്ടുന്നത്. അയോധ്യയിൽ വൻതോതിലുള്ള നിക്ഷേപമാണ് കേന്ദ്രം അടുത്തിടെ നടത്തിയത്. മര്യാദ പുരുഷോത്തമൻ അന്താരാഷ്ട്ര വിമാനത്താവളവും അത്യാധുനിക സൗകര്യമുള്ള റെയിൽവേ സ്‌റ്റേഷനുമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരം ട്രെയിൻ സർവീസുകളാണ് അയോധ്യയിലേക്ക് ഈ സീസണിൽ നടത്തുക. അമ്പലവും രാമനും കൃഷ്ണനും പറഞ്ഞിരുന്നാൽ എല്ലാ കാലത്തും ആളുകളെ ആകർഷിക്കാനാവുമോ? ഉത്തരേന്ത്യയിലെ ജനങ്ങൾക്കും തൊഴിലില്ലായ്മയും ദാരിദ്രവുമുണ്ടാകില്ലേ? രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുകയാണ്. കേന്ദ്ര സർക്കാർ നിയമനങ്ങൾ വളരെ കുറച്ചു. ആരെയെങ്കിലും ജോലിയ്‌ക്കെടുക്കുണ്ടെങ്കിൽ അത് കരാർ നിയമനമായിരിക്കും. റെയിൽവേയിലൊക്കെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്നുണ്ട്. മൂന്ന് ട്രെയിൻ ഉൾപ്പെട്ട അപകടം സംഭവിച്ചത് അടുത്ത കാലത്താണ്. ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത് ട്രെയിനിന്റെ മഹിമ പറഞ്ഞ് പുതുതായി കൂടുതൽ സർവീസുകൾ ഇത്തരം ട്രെയിനുകൾ ഉപയോഗിച്ച് നടത്തുന്നു. ഇന്ത്യൻ ജനസംഖ്യയിൽ നൂറ് കോടിയിലേറെ പേർക്ക് പോലും താങ്ങാനാവാത്ത വിധമാണ് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിന് അടുത്തുനിൽക്കുന്ന വന്ദേഭാരത് റേറ്റ്. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന റെയിൽവേയുടെ ജനസൗഹൃദ ഭാവം മാറുന്നതാണ് അടുത്ത കാലത്തായി കണ്ടത്. എങ്ങിനെയും പണം വാരിക്കൂട്ടുക എന്നതാണ് സ്ട്രാറ്റജി. കഴിഞ്ഞ നാല് വർഷത്തിനിടെ ടിക്കറ്റ് ക്യാൻസലേഷനിൽനിന്ന് മാത്രം 4000 കോടി റെയിൽവേ നേടി. യാത്രക്കാരന് റിസർവേഷൻ നൽകാതെ തലേ ദിവസം തൽക്കാൽ, പ്രീമിയം തൽക്കാൽ എന്നീ വിഭാഗങ്ങളിൽ കൊള്ള നിരക്ക് ഈടാക്കി ലക്ഷക്കണക്കിന് കോടി ഈടാക്കുന്നത് വേറെയും. ഇതിനൊക്കെ അപ്പുറമാണ് മുതിർന്ന പൗരന്മാർക്ക് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് അനുവദിച്ചിരുന്ന യാത്രാ നിരക്കിലെ ഇളവ് നിഷേധിച്ചത്. അറുപത് കഴിഞ്ഞ പുരുഷനും 55 പിന്നിട്ട സ്ത്രീയ്ക്കും പാതി നിരക്കെന്ന ഇളവാണ് കോവിഡിന് ശേഷം എടുത്തു കളഞ്ഞത്. എന്നാൽ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. കോടികൾ മുടക്കിയാണ് റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുന്നത്. ഉത്തര കേരളത്തിലെ അഞ്ച് റെയിൽവേ സ്‌റ്റേഷനുകളും ഇതിലുൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിൽ തിരൂർ ഒഴികെ നാലും കമ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങൾ. കാസർകോട്, പയ്യന്നൂർ, വടകര, ഷൊർണൂർ എന്നിവയാണ് പട്ടികയിൽ. ഇതിൽ ഷൊർണൂരിന്റെ പാർലമെന്റ് പ്രതിനിധി രാഷ്ട്രപതിയായിരുന്നിട്ട് പോലും ഒരു മാറ്റവും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം കണ്ടിട്ടില്ലെന്നതും സ്മരണീയമാണ്.
2024ലെ പൊതു തെരഞ്ഞെടുപ്പ് സമാഗതമായെന്ന സൂചന നൽകുന്ന കാര്യങ്ങൾ കേരളത്തിലും സംഭവിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോഡി തൃശൂരിൽ വനിതാ സമ്മേളനത്തിൽ പങ്കെടുത്തു. തൃശൂരിൽ ഇനിയും വരുമെന്നാണ് സൂചന. സിനിമാ നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയെ നിർത്തിയാൽ തൃശൂരിൽ ജയിക്കാമെന്ന ധാരണ ബി.ജെ.പിക്കുള്ളത് പോലെ. ഉള്ള എം.എൽ.എ സ്ഥാനം വരെ നഷ്ടമായ സംസ്ഥാനമാണ് കേരളമെന്നത് വേറെ കാര്യം. യുഡിഎഫിന് കേരളത്തിലെ എല്ലാ സീറ്റിലും വേണമെങ്കിൽ ജയിക്കാവുന്ന സാഹചര്യമാണല്ലോ. കാരണഭൂതനോട് നന്ദി പറയുക. കോൺഗ്രസിലെ തമ്മിലടി, ലീഗ്-സമസ്ത എന്നീ ഘടകങ്ങൾ പരിഗണിക്കുമ്പോൾ എത്രയെണ്ണം ജയിക്കുമെന്ന് പറയാനാവില്ല. എന്തിനായിരുന്നു നവ കേരള സദസ്, എന്തിനാണ് അവസാന ഘട്ടത്തിൽ നവ കേരള സദസിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് ഇറങ്ങി തിരിച്ചത്, കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അടിപിടി കൂടുന്നതെന്തിന് എന്നീ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസും സി.പി.എമ്മും സൗഹൃദത്തിലല്ല. സി.പി.എമ്മിന് ശക്തിയുള്ള രണ്ടിടത്തും അവർ കോൺഗ്രസിനേയും തൃണമൂൽ കോൺഗ്രസിനേയും നേരിടും.
രാഹുൽ ഗാന്ധി ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽ നിന്ന് തുടങ്ങി 15 സംസ്ഥാനങ്ങളിലൂടെ മാർച്ച് 20ന് മുംബൈയിൽ സമാപിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുകയാണ്. കന്യാകുമാരി-ശ്രീനഗർ ഒന്നാം ജോഡോ യാത്രയുടെ മൈലേജ് വോട്ടായി മാറിയില്ലെങ്കിലും രാഹുൽ എന്ന നേതാവിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്തു. കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കാനും ന്യൂനതകൾ തുറന്നുകാട്ടാനും രാഹുലിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് രാഹുലിന്റെ യാത്ര ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ കടന്നുപോകുകയാകും. യാത്ര രാഷ്ട്രീയമായി പരമാവധി പ്രയോജനപ്പെടുത്താനാകും പാർട്ടി ശ്രമിക്കുക. കഴിഞ്ഞ ജൂണിൽ രൂപീകരിച്ച ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി വിഷയത്തിൽ പറയത്തക്ക പുരോഗതിയുണ്ടായിട്ടില്ല.
2014ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയത് ഇന്ത്യയിലെമ്പാടും വീശിയ മോഡി തരംഗത്തോടെയായിരുന്നു. സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു കാമ്പയിൻ. 2019ൽ അത്തരമൊരു തരംഗമുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടില്ലെങ്കിലും 2014നെക്കാൾ മികച്ച വിജയം കൊയ്തെടുക്കാൻ മോഡി ഫാക്ടർ അവർക്ക് ഗുണകരമായി. 2024ലും മോഡിയാണ് നയിക്കുന്നത്. ബി.ജെ.പി മുദ്രാവാക്യം മാറ്റിയത് ശ്രദ്ധേയമാണ്. -മോഡിയുടെ ഗ്യാരണ്ടി. സ്ത്രീ സുരക്ഷ മുതൽ രാജ്യ വികസനം വരെ എല്ലാം ഇതിലുൾപ്പെടും. ഇതിൽ സ്ത്രീ സുരക്ഷ ഗ്യാരണ്ടി പ്രചാരണത്തിനേറ്റ കനത്ത ആഘാതമായി കഴിഞ്ഞ ദിവസം ബിൽക്കീസ് ബാനു കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി.
കേസിൽ 11 പ്രതികളുടേയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയായ സ്ത്രീയുടെ നീതിയും അവകാശവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് ബാനുവും സിപിഎം, തൃണമൂൽ നേതാക്കൾ അടക്കമുള്ളവരും സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനുവിന്റെ ഹരജി നിലനിൽക്കുമെന്ന് പറഞ്ഞ കോടതി ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി. ഈ നാണക്കേടിന് പുറമേയാണ്
കായിക താരങ്ങൾ അവാർഡുകൾ തിരിച്ചു നൽകി പ്രതിഷേധിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകിയിരുന്നു.
ഈ വർഷം മെയ് അവസാനത്തോടെ കേന്ദ്രത്തിൽ ആരു ഭരിക്കുമെന്ന ചിത്രം വ്യക്തമാകും. ഇനി ചടുല രാഷ്ട്രീയ നീക്കങ്ങളുടെയും വാക്പോരുകളുടെയും കണക്കെടുപ്പുകളുടെയും ദിനങ്ങളാകും. തയ്യാറെടുപ്പുകൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സന്ദർശനം തുടങ്ങുകയാണ്. ഫെബ്രുവരിയിൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാം. ജനാധിപത്യത്തിന്റെ ഉത്സവ നാളുകൾ വരവായി.