Sorry, you need to enable JavaScript to visit this website.

കെ. സുരേന്ദ്രന് ടി. എന്‍. പ്രതാപന്‍ എം. പിയുടെ പി. ആര്‍. ഒയുടെ വക്കീല്‍ നോട്ടീസ്

തൃശൂര്‍- ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ടി. എന്‍. പ്രതാപന്‍ എം. പിയുടെ പി. ആര്‍. ഒ എന്‍. എസ്. അബ്ദുല്‍ ഹമീദിന്റെ വക്കീല്‍ നോട്ടീസ്. കെ. സുരേന്ദ്രന്‍ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമാധ്യത്തിലും പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ടി. എന്‍. പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് പി. എഫ്. ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പി. എഫ്. ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഫോട്ടോ സഹിതം തെളിവുകള്‍ പുറത്തു വിടുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അനൂപ് വി. ആര്‍ മുഖേനെയാണ് അബ്ദുല്‍ ഹമീദ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Latest News