Sorry, you need to enable JavaScript to visit this website.

എം.വി ഗോവിന്ദന്റേത് സ്ഥിരം വിവരക്കേട്; കലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്ക് എതിരേയെന്നും പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം - കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് എതിരേയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കൽ തുടരണമെന്ന കലാപാഹ്വാനം നടത്തിയത് പിണറായി വിജയനാണ്. എഫ്.ഐ.ആറിൽ വധശ്രമം എന്ന് പറഞ്ഞ കേസ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു പറഞ്ഞ് ന്യായീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 നിരന്തരം വാർത്താമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നതിന്റെ തെളിവാണ് രാഹുലിന്റെ അറസ്റ്റ്.രാഹുൽ മാങ്കൂട്ടത്തിലിനോട് കന്റോൺമെന്റ് സി.ഐ പെരുമാറിയത് വളരെ മോശമായും ക്രൂരമായുമാണ്. ഞങ്ങൾക്കറിയാം എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. എം.വി ഗോവിന്ദൻ പറയുന്നത് രാഹുൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖയാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
 

Latest News