- ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തിയതായി അധികൃതർ
മലപ്പുറം - വസ്ത്രങ്ങളിൽ നിറം നൽകാൻ ഉപയോഗിക്കുന്ന കളർ ചേർത്തുണ്ടാക്കിയ മിഠായി പിടികൂടി. തിരൂർ ബി.പി അങ്ങാടി നേർച്ച സ്ഥലത്തു വിൽപ്പനയ്ക്കുവെച്ച മിഠായിയാണ് പിടികൂടിയത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി, തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടി പിടിച്ചെടുത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിൾ കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More
എന്നാൽ, ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിർമിക്കരുതെന്ന് ഒരു മുന്നറിയിപ്പും തന്നിട്ടില്ലെന്ന പൊട്ടൻ വാദമാണ് മിഠായി നിർമാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നും വിവരമുണ്ട്.
നേർച്ചസ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച വായിലിട്ടാൽ പുക വരുന്ന ഭക്ഷ്യവസ്തുക്കൾ മലപ്പുറത്ത് നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി. ലിക്വിഡ് നൈട്രജനാണ് മിഠായിക്ക് വെളുത്ത പുക നൽകുന്നത്. തൃശൂരിൽ നിന്നുള്ള ചിലരാണ് ഇവിടെയെത്തി പുകയുള്ള ബിസ്‌കറ്റ് വിൽപന നടത്തിയത്. ഇത്തരം വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകാൻ സാധ്യതയുണ്ട്. പുകയ്ക്കു കാരണം ലിക്വിഡ് നൈട്രജനാണെന്നു കണ്ടെത്തിയതോടെ കട പൂട്ടിച്ചു. സ്റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് വേഫർ ബിസ്‌കറ്റിലാക്കുന്നതോടെയാണ് ഇതിൽനിന്ന് പുക ഉയരുന്നതത്രെ.