തിരുവനന്തപുരം - അക്രമത്തിന് നേതൃത്വം നല്കിയതിനാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ. അക്രമം നടത്താൻ മുൻകയ്യെടുത്ത ആരാണ് ജയിലിൽ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ മാധ്യമങ്ങൾക്കെതിരെയും മന്ത്രി വിമർശം ഉന്നയിച്ചു. 'മാധ്യമങ്ങൾ ചില ആളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുകയാണ്. മാധ്യമങ്ങൾ പുതിയ കുറെ നേതാക്കളെ സൃഷ്ടിക്കുന്നു. ഇന്ന് ഈ മന്ത്രിസഭയിൽ ആരാണ് ജയിലിൽ പോകാത്തത്. ഞാൻ അടക്കം ജയിലിൽ പോയിട്ടുണ്ട്. അന്ന് ഒരു മാധ്യമങ്ങളും സഹായത്തിനുണ്ടായില്ല. മാധ്യമങ്ങളുടെ സഹായം അന്നുണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലോകപ്രശസ്തനായേനെ. രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ജയിലിൽ പോകാൻ താത്പര്യപ്പെടുന്നവരാണ് എപ്പോഴും പൊതുപ്രവർത്തനത്തിൽ മുന്നോട്ട് വരുന്നത്. നിയമ വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്യില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
നവകേരള സദസ്സിലെ പോലീസ് രാജിൽ പ്രതിഷേധിച്ചുള്ള യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലെ അതിക്രമകേസിലാണ് രാഹുലിനെ പോലീസ് ഇന്നലെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ്‌ചെയ്ത് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഈ കേസിലെ ഒന്നാം പ്രതിയാണ്. രാഹുൽ നൽകിയ ജാമ്യഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതി തള്ളിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.