കോഴിക്കോട് - കൂടത്തായി സയനൈഡ് കൊലപാതകക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. റോയ് വധക്കേസില്‍ ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിയുടെ ഭര്‍ത്തവായിരുന്ന റോയ്, ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് എന്നിവര്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. എല്ലാവരെയും പല കാലങ്ങളിലായി ജോളി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.