മലപ്പുറം-75 ലക്ഷം രൂപ ലോട്ടറി അടിച്ച ബംഗാൾ സ്വദേശി ഭയം മൂലം ലോട്ടറി ടിക്കറ്റുമായി പോലീസ് സ്റ്റേഷനിൽ എത്തി. സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് പോലീസിന്റെ സഹായത്തോടെ ബാങ്കിൽ എത്തിച്ചു.സംസ്ഥാന സർക്കാരിന്റെ വിൻവിൻ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ബംഗാൾ സ്വദേശി അശോകിന് ആയിരുന്നു.75 ലക്ഷം രൂപ സമ്മാനം നേടിയ വിവരമറിഞ്ഞ് ഭയന്നുപോയ ഇയാൾ സമ്മാനാർഹമായ ടിക്കറ്റുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി.
പുലാമന്തോളിൽ കഴിഞ്ഞ കുറെ മാസങ്ങളായി വാടക ക്വാർട്ടേഴ്സിലാണ് ഇയാൾ താമസം. മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണു ചെയ്യുന്നത്. പുലാമന്തോളിലെ ഇന്ത്യൻ ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റെടുത്തത്.തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടർന്ന് രാവിലെ സുഹൃത്തുക്കളായ രണ്ട് മലയാളികളെയും കൂട്ടിയാണ് അശോക് പോ ലീസ് സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് ബാങ്കിലെത്തിക്കാൻ സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. പോലീസ് സുരക്ഷയിൽ ലോട്ടറി ടിക്കറ്റ് പെരിന്തൽമണ്ണയിലെ ബാങ്കിൽ എത്തിച്ചതോടെയാണ് അശോകിന് ആശ്വാസമായത്.