മെല്‍ബണ്‍ - ഡേവിഡ് വാണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഉസ്മാന്‍ ഖ്വാജക്കൊപ്പം ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് ആര് ഓപണ്‍ ചെയ്യുമെന്ന ചോദ്യം സജീവമായി. അതിന് ഉത്തരം നല്‍കാതെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരക്ക് സെലക്ടര്‍മാര്‍ പതിമൂന്നംഗ ടീമിനെ പ്രഖ്യാപിക്കുകയും കാമറൂണ്‍ ഗ്രീന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവുമെന്ന് വ്യക്തമാവുകയും ചെയ്തു. ഓപണര്‍ മാറ്റ് റെന്‍ഷോയെ റിസര്‍വായാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇതോടെ നാലാം നമ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ഓപണറുടെ റോളിലെത്തുമെന്ന് വ്യക്തമായി. ഗ്രീന്‍ മധ്യനിരയിലാണ് കളിക്കുക.
17 ന് അഡ്‌ലയ്ഡിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡേ-നൈറ്റായി ബ്രിസ്‌ബെയ്‌നില്‍ അരങ്ങേറും. പരിചയസമ്പത്തില്ലാത്ത ടീമിനെയാണ് വെസ്റ്റിന്‍ഡീസ് അയച്ചിരിക്കുന്നത്. ഏഴ് പുതുമുഖങ്ങളുണ്ട് ടീമില്‍.
റെന്‍ഷോക്ക് പുറമെ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ വാണര്‍ക്കു പകരക്കാരനായി പറയപ്പെട്ടിരുന്നു. ബാന്‍ക്രോഫ്റ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലുമാണ്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഏഴു മാസം വിലക്കനുഭവിച്ചിരുന്നു. വിലക്കിനു ശേഷം രണ്ട് ടെസ്റ്റ് മാത്രമാണ് കളിച്ചത്. ഗ്രീനിന്റെ ഓള്‍റ ൗണ്ട് സാധ്യത ഉപയോഗപ്പെടുത്താനാണ് സ്മിത്തിനെ ഓപണറാക്കുന്നത്. കഴിഞ്ഞ ജൂലൈയിലെ ആഷസ് പരമ്പര മുതല്‍ മിച്ചല്‍ മാര്‍ഷാണ് ഓള്‍റൗണ്ടറുടെ സ്ഥാനത്ത് കളിക്കുന്നത്.
ഏകദിനങ്ങളില്‍ പെയ്‌സ്ബൗളര്‍ ലാന്‍സ് മോറിസ് അരങ്ങേറും. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ആഷ്റ്റന്‍ ആഗര്‍ എന്നിവരെ തഴഞ്ഞു. ആരണ്‍ ഹാര്‍ഡി, മാറ്റ് ഷോര്‍ട്, ജയ് റിച്ചാഡ്‌സന്‍, നാഥന്‍ എലിസ് എന്നിവരാണ് ടീമിലെ പെയ്‌സര്‍മാര്‍. ജോ ഇന്‍ഗ്ലിസ് വിക്കറ്റ് കാക്കും. സ്മിത്താണ് ഏകദിന ടീമിനെ നയിക്കുക.