കാസര്‍കോട്-പത്തനംതിട്ട ജില്ലാ ജഡ്ജി എന്ന വ്യാജേന നീലേശ്വരം, ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു താമസ യാത്ര സൗകര്യങ്ങള്‍ ഒപ്പിച്ചെടുത്ത 'പെരുംകള്ളന് ' കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തു കണ്ടെത്തി.
വിവിധ ബാങ്കുകളിലായി 920 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതിന്റെ രേഖകളാണ് പത്തനംതിട്ടയിലെ ഷംനാദ് ഷൗക്കത്തിന്റെ ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. 350 കോടിയുടെ ബാങ്ക് നിക്ഷേപം ഇയാള്‍ക്ക് ഉണ്ടെന്നും ചില രേഖകള്‍ വ്യക്തമാക്കുന്നു. നാലരക്കോടി രൂപ പിഴ അടക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസും ബാഗില്‍ ഉണ്ടായിരുന്നു. പിടിച്ചെടുത്ത രേഖകള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അറവുശാലകളായി ജിദ്ദയിലെ മലയാളി റെസ്റ്റോറന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം
കാഞ്ഞങ്ങാട്ടുള്ള ഒരു വ്യാജ സിദ്ധനെ കാണാനാണ് ഇയാള്‍ പത്തനംതിട്ടയില്‍നിന്ന് എത്തിയതെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് ദേശീയപാതയില്‍ കുടുങ്ങിയ ഇയാളെ പോലീസ് കാഞ്ഞങ്ങാട്ടെ ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ എത്തിക്കുന്നത്. ഭീഷണിയുള്ള ജഡ്ജിയെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട് എന്ന് പോലീസ് സന്ദേശം കൈമാറുകയും ചെയ്തു. ഇതിനിടയില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് ജഡ്ജി നല്‍കിയ മേല്‍വിലാസം അന്വേഷിച്ചപ്പോള്‍ ജഡ്ജി അല്ല സബ് കലക്ടര്‍ എന്നാണ് നല്‍കിയതെന്ന് ഹോട്ടല്‍ മാനേജര്‍ നൈറ്റ് ഡ്യൂട്ടിയില്‍ എസ്.ഐ സൈഫുദ്ദീനെ അറിയിച്ചു. എന്നാല്‍ സുരക്ഷാഭീഷണി ഉള്ളതിനാല്‍ അഡ്രസ്സ് മാറ്റി നല്‍കിയതായിരിക്കാം എന്ന് എസ്.ഐ കരുതി. പുലര്‍ച്ചെ നാലിനുള്ള മംഗള എക്‌സ്പ്രസ്സില്‍ കയറ്റാനാണ് പോലീസ് നീലേശ്വരം റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എസ്.ഐ സൈഫുദ്ദീന്‍ പടന്നക്കാട് ദേശീയപാതയില്‍ പോലീസ് വാഹനം നിര്‍ത്തിച്ച് ആണ് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഐ.ഡി കാര്‍ഡ് ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഗുണ്ടാ ലിസ്റ്റില്‍ അടക്കം ഉള്‍പ്പെട്ടിട്ടുള്ള വമ്പന്‍ സ്രാവ് ആണെന്ന് വ്യക്തമായത്. ഇതിനിടയില്‍ ദേശീയപാതയില്‍ വെച്ച് വ്യാജ ജഡ്ജിയും എസ്‌ഐയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉന്നയിച്ചായിരുന്നു 'ജഡ്ജി' എസ്. ഐയെ നേരിട്ടത്. പക്ഷേ എസ്. ഐയും പോലീസ് സംഘവും കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.