കോഴിക്കോട്- മുസ്ലിം ലീഗ് ചരിത്രത്തിലെ എക്കാലത്തെയും പേരുകളിലൊന്നാണ് പാണക്കാട് കുടുംബം. പി.എം.എസ്.എ പൂക്കോയതങ്ങൾ മുതൽ സാദിഖലി ശിഹാബ് തങ്ങൾ വരെ നീളുന്ന ലീഗിന്റെ സംസ്ഥാന അധ്യക്ഷൻമാരുടെ നീണ്ട നിര. മുസ്ലിം കേരളത്തിനും പാണക്കാട് കുടുംബം ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്. പാണക്കാട്ടിന്റെ പൈതൃകം എന്ന പേരിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പാണക്കാട് കുടുംബത്തെ പറ്റി തീം സോംഗ് പുറത്തിറക്കി.
കരിനിറമുള്ളോരമരക്കൊടി ശിരസ്സേറ്റി വരുന്നൊരു കപ്പൽ, കാലക്കടലെത്ര കടന്നു നയിച്ചുവരും രാജകപ്പൽ. കാറ്റിൻ കാർപെയ്ത്തിൽ കോളിൽ കടലു കലങ്ങിയിരമ്പുമ്പോൾ, കരളിടറാ പുഞ്ചിരി വീശി പായ നിവർത്തുന്നൊരു തെന്നൽ. നില്ലയില്ലാതലയും നേരം നീന്താനറിയാത്തൊരു കാലം. നിലാവെഴുന്നക്കൊടി നമ്മൾ കൈകളിലേന്തി. നിറം വറ്റിയിരുണ്ട കരങ്ങൾ നിറകണ്ണ് തുടച്ച് തുടച്ച്. നിറവെണ്മക്കൊടിയോ കരുതൽക്കരി നിറമായ് എന്നു തുടങ്ങുന്ന തീം സോംഗാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയത്. ഷമീൽ വാഫി മലയമ്മയാണ് പാട്ട് എഴുതി പാടിയിരിക്കുന്നത്.