Sorry, you need to enable JavaScript to visit this website.

ഡ്രൈവിംഗ് സംസ്‌കാരം; വേണം മാറ്റങ്ങൾ

നഗരങ്ങളിലെ തിരക്കിനിടയിൽ പോലും അമിത വേഗം, ട്രാഫിക് സിഗ്‌നലുകളുടെ ലംഘനം, കാൽനടക്കാരെ പാടെ അവഗണിക്കൽ, അലക്ഷ്യമായ ഓവർടേക്കിംഗ് തുടങ്ങി ട്രാഫിക് രംഗത്ത് കാണുന്ന അച്ചടക്കമില്ലായ്മ ഇന്നും പഴയതു പോലെ തന്നെ.മറ്റു വാഹനങ്ങളെ തീരെ പരിഗണിക്കാതെ, തന്റെ മാത്രം സൗകര്യത്തിനും വേഗതക്കും പ്രാധാന്യം നൽകുന്നവരാണ് ഡ്രൈവർമാരിൽ വലിയൊരു പങ്കും.സീബ്രാ ലൈനുകളിൽ പോലും കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അവസരം നൽകാൻ പല ഡ്രൈവർമാർക്കും മനസ്സു വരാറില്ല.സ്വന്തം വാഹനത്തിൽ കയറിയാൽ സഹജീവികളെ നിസ്സാരമായി കാണുന്ന അപരിഷ്‌കൃത സംസ്‌കാരം ഇന്നും ഡ്രൈവിംഗ് രംഗത്തുണ്ട്.ഇതെല്ലാം മാറ്റിയെടുക്കാൻ എ.ഐ ക്യാമറകൾ കൊണ്ടോ കർശന നിയമങ്ങൾ കൊണ്ടോ മാത്രം കഴിയില്ല.

 
എ.ഐ ക്യാമറ വിവാദം ഏറെക്കുറെ കെട്ടടങ്ങി.പുതിയ വിഷയങ്ങൾ വരുമ്പോൾ പഴയ വിവാദങ്ങൾ കെട്ടിടങ്ങുന്നത് നാട്ടുനടപ്പാണല്ലോ.ട്രാഫിക് നിയന്ത്രണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന എ.ഐ ക്യാമറകളുടെ വരവ് നിരത്തുകളിൽ എന്ത് മാറ്റം വരുത്തിയെന്നത് സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.റോഡപകടങ്ങൾ കുറക്കാൻ എ.ഐ ക്യാമറകളുടെ വരവ് ഇടയാക്കിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത്.അപ്പോഴും അപകട മരണങ്ങളുടെ വാർത്തകൾക്ക് കുറവില്ലെന്നത് മറുവശം.എ.ഐ ക്യാമറയുടെ കൈകാര്യം സംബന്ധിച്ച് കെൽട്രോണും വാഹന ഗതാഗത വകുപ്പും തമ്മിലുള്ള തർക്കം തുടരുന്നുമുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്കിടയിൽ അവബോധവും ഭീതിയും വളർത്താൻ എ.ഐ ക്യാമറകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.വാഹനമോടിക്കുന്നവർ, നഗരങ്ങളിലെങ്കിലും കുറേക്കൂടി ജാഗ്രതയുള്ളവരായി മാറി എന്നത് നിർമിത ബുദ്ധി ക്യാമറകളുടെ ഗുണഫലമാണ്.എവിടെയെല്ലാം ക്യാമറകളുണ്ടെന്നറിയാൻ മൊബൈൽ ആപ്പുകൾ സൗകര്യമൊരുക്കുന്നുണ്ട്.അതുകൊണ്ട് ക്യാമറയുള്ള സ്ഥലങ്ങളിലെങ്കിലും ജാഗ്രത പുലർത്താൻ ഡ്രൈവർമാർ ശ്രദ്ധിക്കുന്നുണ്ട്.
വാഹനമോടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ചില നിയമങ്ങൾ കർശനമാക്കിയ ശേഷമാണ് സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്.ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും കുട്ടികളും ഹെൽമറ്റ് ധരിക്കണമെന്നും കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും സർക്കാർ കർശനമായി പറഞ്ഞിട്ടുണ്ട്.ഈ രണ്ട് കാര്യങ്ങളിൽ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.നഗരങ്ങളിൽ ബൈക്കിൽ പോകുന്നവരെല്ലാം ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നുണ്ട്.ക്യാമറകൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ഇത് പാലിക്കപ്പെടുന്നുമില്ല.നിയമം പാലിക്കാൻ ക്യാമറക്കണ്ണുകൾ നിർബന്ധമാണെന്ന സൂചനയാണ് ഇത് തരുന്നത്.നിയമത്തെ അനുകൂലിക്കുന്ന, സ്വാഭാവികമായൊരു ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയുടുക്കാൻ ജനങ്ങൾ ഇപ്പോഴും മുന്നോട്ടു വന്നിട്ടില്ല.
മലപ്പുറം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം നടപ്പാക്കിയ ഒരു പദ്ധതി ഈ രംഗത്ത് പുതിയ സന്ദേശം നൽകുന്നതാണ്.ബൈക്ക് യാത്രികർക്ക് ഹെൽമറ്റ് ധരിക്കൽ എത്രമാത്രം നിർബന്ധമാണ് എന്നത് സംബന്ധിച്ച അവബോധം വളർത്തുന്നത് കൂടിയായിരുന്നു ഈ പദ്ധതി.ജില്ലയിലെ അയ്യായിരം കുട്ടികൾക്ക് സൗജ്യമായി ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതായിരുന്നു വേറിട്ട ഈ പദ്ധതി.സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വളർന്നു വരുന്ന തലമുറക്കിടയിൽ മികച്ച ഡ്രൈവിംഗ് സംസ്‌കാരം വളർത്താൻ സഹായിക്കുന്നതാണ്.സ്‌കൂൾ വിദ്യാർഥികൾ പോലും ബൈക്കുകൾ ഉപയോഗിക്കുന്ന കാലമാണ്.ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവോടെ കുട്ടികളിലെ ഇരുചക്ര വാഹന ഉപയോഗം കൂടിയിട്ടുമുണ്ട്.ഇവരൊന്നും വേണ്ടത്ര സുരക്ഷയോടെയല്ല ബൈക്ക് ഓടിക്കുന്നത്.ഹെൽമറ്റ് ധരിക്കാത്തവർ നിരവധി.രണ്ടിലേറെ പേർ യാത്ര ചെയ്യുന്ന സംഭവങ്ങളുമേറെ.ബൈക്ക് സ്റ്റണ്ടിംഗ് പോലുള്ള അപകടകരമായ സർക്കസുകൾ അതോടൊപ്പം നടക്കുന്നു.ഇത്തരത്തിൽ, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വിലകൽപിക്കാതെയുള്ള അലക്ഷ്യവും നിയമം പാലിക്കാതെയുമുള്ള ഡ്രൈവിംഗ് കുട്ടികൾക്കിടയിൽ വളരുകയാണ്.
ബൈക്കുകളിൽ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയും പ്രധാനമാണ്.സ്‌കൂളിലേക്ക് രക്ഷിതാവിനൊപ്പം ബൈക്കിൽ വരുന്ന കുട്ടികളുണ്ട്.ഇവർക്ക് കൂടി ഹെൽമറ്റ് നിർബന്ധമാണെന്ന കാര്യമാണ് പുതിയ പദ്ധതിയിലൂടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓർമിപ്പിക്കുന്നത്.
ഡ്രൈവിംഗ് സുരക്ഷിതമാക്കാൻ സർക്കാരും അനുബന്ധ ഏജൻസികളും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട ഡ്രൈവിംഗ് സംസ്‌കാരം ഇനിയും രൂപപ്പെടുന്നില്ല.നഗരങ്ങളിലെ തിരക്കിനിടയിൽ പോലും അമിത വേഗം, ട്രാഫിക് സിഗ്‌നലുകളുടെ ലംഘനം, കാൽനടക്കാരെ പാടെ അവഗണിക്കൽ, അലക്ഷ്യമായ ഓവർടേക്കിംഗ് തുടങ്ങി ട്രാഫിക് രംഗത്ത് കാണുന്ന അച്ചടക്കമില്ലായ്മ ഇന്നും പഴയതു പോലെ തന്നെ.മറ്റു വാഹനങ്ങളെ തീരെ പരിഗണിക്കാതെ, തന്റെ മാത്രം സൗകര്യത്തിനും വേഗതക്കും പ്രാധാന്യം നൽകുന്നവരാണ് ഡ്രൈവർമാരിൽ വലിയൊരു പങ്കും.സീബ്രാ ലൈനുകളിൽ പോലും കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അവസരം നൽകാൻ പല ഡ്രൈവർമാർക്കും മനസ്സു വരാറില്ല.സ്വന്തം വാഹനത്തിൽ കയറിയാൽ സഹജീവികളെ നിസ്സാരമായി കാണുന്ന അപരിഷ്‌കൃത സംസ്‌കാരം ഇന്നും ഡ്രൈവിംഗ് രംഗത്തുണ്ട്.ഇതെല്ലാം മാറ്റിയെടുക്കാൻ എ.ഐ ക്യാമറകൾ കൊണ്ടോ കർശന നിയമങ്ങൾ കൊണ്ടോ മാത്രം കഴിയില്ല.
റോഡപകടങ്ങളുടെ കാരണങ്ങളിൽ പ്രധാനമായത് അലക്ഷ്യമായ ഡ്രൈവിംഗാണ്.വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങളെ പരിഗണിക്കാതെ പോകുന്നത് പലപ്പോഴും നിരത്തുകൾ അപകടങ്ങൾക്കും അടിപിടികൾക്കും കാരണമാകുന്നു.കൃത്യനിഷ്ഠ പാലിക്കാത്തതുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് അമിത വേഗത്തിൽ യാത്ര ചെയ്ത് അപകടങ്ങളിൽ അവസാനിക്കുന്നതും പതിവ് സംഭവങ്ങളാണ്.മികച്ച ഡ്രൈവിംഗ് സംസ്‌കാരമെന്നത് പുത്തനോ ആധുനികമോ വില കൂടിയതോ ആയ വാഹനങ്ങൾ ഓടിക്കുന്നതല്ല.എത്ര ചെറിയ വാഹനമായാലും പൊതുനിയമങ്ങൾ പാലിച്ചും മറ്റു വാഹനങ്ങളെയും കാൽനടക്കാരെയും പരിഗണിച്ചും നാട്ടിലെ റോഡുകളുടെ പരിമിതികളെ തിരിച്ചറിഞ്ഞും ഡ്രൈവ് ചെയ്യാൻ പഠിക്കേണ്ടതുണ്ട്.സ്വന്തം ജീവനും സമയത്തിനും വിലയിലുള്ളതു പോലെ തന്നെ മറ്റുള്ളവരുടേതിനും വിലയുണ്ടെന്ന സത്യം വാഹനവുമായി നിരത്തിലിറങ്ങുന്ന ഓരോരുത്തരും മനസ്സിലാക്കണം. 

 

Latest News