Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശസഹായം സ്വീകരിക്കാൻ പറ്റില്ലെങ്കിൽ സമാനമായ തുക കേന്ദ്രം തരണം-കോടിയേരി

തിരുവനന്തപുരം- പ്രളയദുരിതാശ്വാസത്തിന് വിദേശഫണ്ട് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ തത്തുല്യമായ തുക കേന്ദ്ര സർക്കാർ നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി യു എ ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന സംഘപരിവാറിന്റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ ഭാഗമാണ് ബി ജെ പി സർക്കാരിന്റെ ഈ നിലപാട്.

ഐക്യരാഷ്ട്രസഭയും യു എ ഇ ഗവൺമെന്റും, ഖത്തർ ഗവൺമെന്റും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇതു സ്വീകരിക്കാൻ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് തുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാൻ കേന്ദ്രഗവൺമെന്റ് സന്നദ്ധമാകണം.

പ്രളയകെടുതിക്കു വിധേയമായ ജനങ്ങളെ പുനരധിവസിപ്പിക്കാനും, പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാനഗവൺമെന്റ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനു സർവ്വകക്ഷി യോഗം പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ ഗവൺമെന്റ് വിദേശസഹായം സ്വീകരിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി, യൂറോപ്യൻ യൂണിയൻ, ഏഷ്യൻ വികസന ബാങ്ക്, അമേരിക്ക, ജപ്പാൻ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വിവിധ സഹായങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. മറ്റുരാജ്യങ്ങളെ പല സന്ദർഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങൾക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കിൽ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോൾ വാഗ്ദാനം ചെയിതിട്ടുള്ള സഹായങ്ങൾ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകൾ ഉണ്ടാകണം.

കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നിൽ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവൺമെന്റിന്റെ നിലപാടു തിരുത്തിക്കണം.
 

Latest News