കല്‍പറ്റ-ദേശീയപാതയില്‍ പൊന്‍കുഴി ഭാഗത്ത് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍നിന്നു 2021 മെയ് ആറിന് 11034.400 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യ പ്രതി വിദേശത്ത്. മലപ്പുറം അഴിഞ്ഞിലത്ത് പ്രവര്‍ത്തിച്ചിരുന്ന വി.എ.ബി കോസ്മറ്റിക്‌സ് മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് ബഷീറാണ് രാജ്യത്ത് ഇല്ലാത്തത്. ഇയാളെ കണ്ടെത്തി പിടികൂടുന്നതിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടും മറ്റും ശ്രമിച്ചുവരികയാണെന്നു അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി അജ്മല്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സജിത്ത് ചന്ദ്രനും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ 52 ബാരലുകളില്‍ സ്പിരിറ്റ് കണ്ടെത്തിയത്. സാനിറ്റൈസര്‍ നിര്‍മാണത്തിനെന്ന പേരില്‍ വി.എ.ബി കോസ്മറ്റിക്‌സിലേക്കു കൊണ്ടുവന്നതായിരുന്നു സ്പിരിറ്റ്. കണ്ടെയ്‌നറിലുള്ളത് സ്പിരിറ്റാണെന്ന് സംശയം തോന്നിയ ഡ്രൈവര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ച് മുങ്ങിയശേഷം എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു.കര്‍ണാടകയിലെ മാണ്ഡ്യ കൊപ്പം എന്‍.എസ്.എല്‍ ഷുഗേഴ്‌സ് കമ്പനിയില്‍നിന്നാണ് ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് മറയാക്കി സ്പിരിറ്റ് കൊണ്ടുവന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.