കോഴിക്കോട് - വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാന്‍ തീരുമാനിച്ചതായി ഐ.എൻ. എൽ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന സംസ്ഥാന പ്രവർത്തക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ആവശ്യമായ സമയത്ത് സീറ്റിന്റെ കാര്യത്തിലടക്കം വ്യക്തത വരുത്തുമെന്നും
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. അയോധ്യ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുള്ള കോൺഗ്രസ്സിന്റെ സമീപനം ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനു കേസിലെ സുപ്രീം കോടതി വിധി ഏറെ പ്രതീക്ഷ നല്കുന്നതാണെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടുവെന്ന് ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ പറഞ്ഞു.