റഫ്ഹാ - അറബ് വംശജൻ നൽകാനുള്ള മൂന്നര ലക്ഷം റിയാൽ സൗദി വ്യവസായി ഒഴിവാക്കിക്കൊടുത്തു. ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാഹനാപകടത്തിൽ ദിയാധനവും ചികിത്സാ ചെലവുമായി നൽകിയ മൂന്നര ലക്ഷം റിയാലാണ് വിദേശിയുടെ കുടുംബത്തിന്റെ കഷ്ടപ്പാടിൽ മനസ്സലിഞ്ഞ് സൗദി വ്യവസായി ഒഴിവാക്കിക്കൊടുത്തത്. ആർക്കിടെക്ചറൽ കോൺട്രാക്ടുകാരനായി ജോലി ചെയ്തിരുന്ന അറബ് വംശജൻ ഓടിച്ച വാഹനം വർഷങ്ങൾക്കു മുമ്പ് റഫ്ഹാക്കു സമീപം അൽഅജ്‌റമിയ ഗ്രാമത്തിൽ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരനായ ജോർദാനി പൗരൻ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരണപ്പെട്ട ജോർദാനിയുടെ ദിയാധനമായ മൂന്നു ലക്ഷം റിയാലും പരിക്കേറ്റ മൂന്നു പേരുടെ ചികിത്സാ ചെലവ് ഇനത്തിലെ അര ലക്ഷം റിയാലും അന്ന് സൗദി വ്യവസായിയാണ് വഹിച്ചത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം അറബ് വംശജൻ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ തുക വ്യവസായി വഹിച്ചത്. എന്നാൽ അൽപ കാലത്തിനു ശേഷം വ്യവസായിയുടെ കടം വീട്ടാതെ അറബ് വംശജൻ സൗദിയിൽ നിന്ന് സ്വദേശത്തേക്ക് രക്ഷപ്പെട്ടു. ഇക്കാര്യം അറിഞ്ഞ വ്യവസായി അറബ് വംശജനെതിരെ അയാളുടെ നാട്ടിൽ നിയമ നടപടികൾ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അറബ് വംശജനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കേസ് കോടതിക്ക് കൈമാറി. മൂന്നു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ അടുത്തിടെ വ്യവസായിക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. അറബ് വംശജൻ സൗദി വ്യവസായിക്ക് മൂന്നര ലക്ഷം റിയാൽ തിരികെ നൽകണമെന്നാണ് കോടതി വിധിച്ചത്.
ദിവസങ്ങൾക്കു മുമ്പ് അറബ് വംശജന്റെ മകൾ അൽഅജ്‌റമിയയിൽ സൗദി വ്യവസായിയുടെ വീട്ടിൽ നേരിട്ടെത്തി സങ്കടം ബോധിപ്പിച്ചു. സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഭീമമായ സാമ്പത്തിക ബാധ്യത ഒരിക്കലും പിതാവിന് വീട്ടാൻ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ ശേഷിക്കുന്ന ജീവിത കാലം മുഴുവൻ പിതാവ് ജയിലിൽ കഴിച്ചുകൂട്ടേണ്ടിവരുമെന്നും ഇത് കുടുംബം ചിതറിപ്പോകാൻ ഇടയാക്കുമെന്നും പറഞ്ഞ് സങ്കടക്കണ്ണീരോടെ വ്യവസായിയെ സമീപിച്ച മകൾ പിതാവിന് മാപ്പ് നൽകാൻ കേണപേക്ഷിക്കുകയായിരുന്നു. ഇതോടെ തന്നെ വഞ്ചിച്ച് കടന്നുകളഞ്ഞ വിദേശിയോടുള്ള വ്യവസായിയുടെ രോഷം അലിഞ്ഞില്ലാതായി. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത അനുകൂല കോടതി വിധിയിലൂടെ ലഭിക്കേണ്ട തുക പൂർണമായും ഒഴിവാക്കി ദൈവീകപ്രീതി മാത്രം കാംക്ഷിച്ച് വിദേശിക്ക് മാപ്പ് നൽകാൻ വ്യവസായി തീരുമാനിക്കുകയായിരുന്നു.