അഹമ്മദാബാദ് - ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ സാധ്യത തേടി ഗുജറാത്ത് സര്‍ക്കാര്‍. സുപ്രിംകോടതി ഉത്തരവില്‍ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഇതിനിടെ സുപ്രീംകോടതി ശിക്ഷാ ഇളവ് റ?ദ്ദാക്കിയതിനെതിരെ മഹാരാഷ്ട്രയില്‍ വിടുതല്‍ അപേക്ഷ നല്‍കാനാണ് പ്രതികളുടെ നീക്കം. ജയിലില്‍ തിരികെ പ്രവേശിക്കുന്നതിനു മുന്‍പേ അപേക്ഷ സമര്‍പ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവില്‍ മാതൃകാപരമായ ജീവിതം നയിച്ചെന്നും പ്രതികള്‍ അപേക്ഷയില്‍ ഉന്നയിക്കും. ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളുടെ മോചനത്തിന് ഗുജറാത്ത് സര്‍ക്കാര്‍ അവരുമായി ഒത്തു കളിച്ചെന്നും പ്രതികള്‍ സുപ്രീം കോടതിയെ കബളിപ്പിച്ചെന്നും കോടതി വിയിരുത്തിയിരുന്നു. കേസില്‍ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ് അതിനാല്‍ തന്നെ ശിക്ഷാ ഇളവിന്റെ കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.