Sorry, you need to enable JavaScript to visit this website.

നിനക്ക് പോയി ചത്തൂടെ എന്ന് പ്രിയപ്പെട്ടവളുടെ  ചോദ്യം, താങ്ങാനാവാതെ എല്ലാം നഷ്ടപ്പെട്ട യുവാവ്...

നെയ്യാറ്റിന്‍കര-ആദ്യം നീണ്ട നാളത്തെ പ്രണയം. പിന്നീട് പ്രണയ സാഫല്യമായി വിവാഹ നിശ്ചയം വരെ എത്തി. ഒടുവില്‍ നിനക്ക് പോയി ചത്തൂടെ എന്ന് പ്രിയപ്പെട്ടവളുടെ ചോദ്യം. ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കല്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി മിഥു മോഹന്‍ (23) ജീവനൊടുക്കിയതിനു പിന്നാലെ ഇയാളുമായി പ്രണയത്തില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് എതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി ബന്ധുക്കളും സുഹൃത്തുകളും.
ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി താരമായ മിഥു, ബോള്‍ ബാഡ്മിന്റണിലും ആര്‍ച്ചറിയിലും ദേശീയ തലം വരെ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ പഠനത്തിന് ഇടയില്‍ ആണ് യുവാവും നെയ്യാറ്റിന്‍കര സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2024 നവംബര്‍ മാസം വിവാഹം നടത്താം എന്നുള്ള ധാരണയില്‍ വരെ എത്തി നില്‍ക്കുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ.
മിഥു മോഹന്റെ 3 പേജുള്ള ആത്മഹത്യ കുറുപ്പില്‍ പറയുന്നത് അനുസരിച്ച് ഐഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പെണ്‍കുട്ടിക്ക് ഇയാള്‍ വാങ്ങി നല്‍കിയത്. പെണ്‍കുട്ടി പിജി പഠനത്തിനായി പോയപ്പോള്‍ മുതലാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഒരുമാസമായി യുവാവിനെ പെണ്‍കുട്ടി പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ വിഷാദത്തിലേക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം മിഥു പെണ്‍കുട്ടിയെ വീട്ടിലെത്തി കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ പോയ മിഥുവിന്റെ അമ്മ കണ്ടത് കരഞ്ഞ് കാലുപിടിച്ച് തന്നെ ഉപേക്ഷിക്കരുതെന്ന് പെണ്‍കുട്ടിയോട് അപേക്ഷിക്കുന്ന മകനെ ആണ്. പക്ഷേ അതിനൊന്നും പെണ്‍കുട്ടി വഴങ്ങിയില്ല എന്ന് പറയുന്നു. പിന്നീട് മിഥു മോഹനെ ഫോണില്‍ വിളിച്ച പെണ്‍കുട്ടി നീ ഇതുവരെ ചത്തില്ലേ എന്നും നിനക്ക് ചത്തൂടേ എന്നും ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ അമ്മ നീ ചത്താലും ഞങ്ങള്‍ക്ക് ഒന്നുമില്ല എന്ന് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിഥു ആത്മഹത്യ ചെയ്തത്. ക്ലബ്ബിനായി സ്ഥലം ആവശ്യം വന്നാല്‍ രണ്ട് സെന്റ് നല്‍കണമെന്നും തന്റെ ബാറ്റും ജേഴ്സിയും ഒന്നും കത്തിക്കരുതെന്നും അത് ക്ലബ്ബില്‍ ഉള്ളവര്‍ക്ക് നല്‍കണമെന്നും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് മിഥു ആത്മഹത്യ കുറുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഫെന്‍സിംഗ് പരിശീലിക്കുന്ന യുവതിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പഠനചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവാവിന്റെ മൂന്നു പേജുള്ള ആത്മഹത്യ കുറുപ്പ്, ഇയാളുടെ മൊബൈലിലെ നോട്ട്സില്‍ കുറിച്ച് വെച്ച കാര്യങ്ങളും ചേര്‍ത്ത് ബന്ധുക്കള്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മിഥുവിന്റെ മരണത്തില്‍ നീതി വേണമെന്ന ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് സുഹൃത്തുക്കള്‍. എന്നെ അഞ്ചുവര്‍ഷം സ്നേഹിച്ച് പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാതു. ഇപ്പൊള്‍ മിഥു ശരിക്കും പോകുന്നു.... അവളെ ഒന്നും ചെയ്യരുത്. അവള്‍ ജീവിക്കട്ടെ.. അവള്‍ക്ക് ഉള്ളത് ദൈവം കൊടുക്കും. എന്നാണ് ആത്മഹത്യാ കുറിപ്പില്‍ മിഥു കുറിച്ചത്.
 

Latest News