ചെന്നൈ- തമിഴ്നാട്ടില്‍ ഇത് ആഘോഷക്കാലം. ജനുവരിയിലെത്തുന്ന പൊങ്കലാണ് തമിഴ് ജനതയുടെ പ്രധാന ആഘോഷം. ഇതിനുള്ള തയാറെടുപ്പുകള്‍ മാസങ്ങള്‍ മുമ്പേ ആരംഠഭിക്കും. ഇതിനിടയ്ക്കാണ് ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം ഉള്‍പ്പടെ ആറിന ആവശ്യങ്ങള്‍ പൊങ്കലിന് മുന്‍പ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്ളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. മിക്കവാറും എല്ലാ ജില്ലകളിലേക്കും അയല്‍ സംസ്ഥാനത്തെ ബസുകള്‍ എത്തുന്നുണ്ട്. അതേസമയം ഡിഎംകെ അനുകൂല യൂണിയന്‍ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കല്‍ പ്രമാണിച്ച് 19,000 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റുമെന്ന് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കര്‍ പറഞ്ഞു. പണിമുടക്ക് ആഹ്വാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പൊതുജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.