Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് സ്വർഗമാണെന്ന് പറയുന്നവർ ജനങ്ങളുടെ ദുരിതം കാണുന്നില്ല -ഐഷ സുൽത്താന 

നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ മെഗാ സ്റ്റേജ് ഷോ ഐഷ സുൽത്താന ഉദ്ഘാടനം ചെയ്യുന്നു. 

നിലമ്പൂർ-ലക്ഷദ്വീപ് സ്വർഗമാണെന്നു പറയുന്നവർ ജനങ്ങളുടെ ദുരിതം കാണുന്നില്ലെന്നു  സംവിധായിക    ഐഷ സുൽത്താന. നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ മെഗാ സ്റ്റേജ് ഷോ   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രി  നരേന്ദ്രമേഡി ലക്ഷദ്വീപ് സന്ദർശിച്ച് ദ്വീപിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയുകയാണ്. ബോളിവുഡ് താരങ്ങൾ ദ്വീപ് സ്വർഗമാണെന്നു പറയുന്നു. എന്നാൽ ഇവരാരും ലക്ഷദ്വീപ്  ജനതയുടെ ദുരിതം അറിയുന്നില്ല. ആരോഗ്യ മേഖലയിലടക്കം ലക്ഷദ്വീപ് ജനത ഏറെ ദുരിതമനുഭവിക്കുകയാണ്. രോഗമായാൽ കേരളമാണ് ആശ്രയം. എന്നാൽ കേരളത്തിൽ വെച്ച് മരണപ്പെട്ടാൽ ലക്ഷദ്വീപിലെത്തിച്ച് ഖബറടക്കാൻ പോലും സാധിക്കുന്നില്ലെന്നും തന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ വർഷം നഷ്ടമായെന്നും വിതുമ്പലോടെ ഐഷ പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.  തന്റെ ജനതക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും   സിനിമയിലൂടെ ജനങ്ങളുടെ ദുരിതം തുറന്നു കാട്ടുമെന്നും അവർ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റത്തിനുള്ള വകുപ്പായ 124 എ എന്ന തന്റെ അടുത്ത സിനിമയിലെ പാട്ടുപാടാൻ സദസ്സിൽ നിന്നു എത്തി വേദിയിൽ പാട്ടുപാടിയ എയ്ഞ്ചൽ, ഇർഷാദ് എന്നിവർക്ക് അവസരവും വാഗ്ദാനം ചെയ്തു.
പാട്ടുത്സവ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.  വി.എ. കരീം, എ. ഗോപിനാഥ്, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോർജ്, കൗൺസിലർമാരായ ഡെയ്സി ചാക്കോ, ഷീജ വെട്ടത്തേഴത്ത്, സാലി ബിജു, കെ. രാജലക്ഷ്മി, റസിയ ബംഗാളത്ത്, ഗോകുലം നിലമ്പൂർ മാനേജർ മുഹമ്മദ് റാഫി, യു. നരേന്ദ്രൻ, പി.വി. സനിൽകുമാർ, വിൻസെന്റ് എ. ഗോൺസാഗ, ഷാജി കെ. തോമസ്, അനിൽ റോസ്, സി.കെ. മുഹമ്മദ് ഇഖ്ബാൽ, ഷബീറലി മുക്കട്ട എന്നിവർ പ്രസംഗിച്ചു. ഇന്നു വൈകുന്നേരം ആറരക്ക് സാംസ്‌കാരിക സമ്മേളനം പി.വി. അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്നു കണ്ണൂർ ഷെരീഫിന്റെ ഗോൾഡൻ നൈറ്റ് അരങ്ങേറും. 

Latest News