എല്ലാതരം മാധ്യമ ഭീകരതയും ദിനം പതി അലിഞ്ഞ് ഇല്ലാതാവുകയാണ്. ഫലസ്തീന്റെ സത്യം, ഇസ്രായിലിന്റെ നിരന്തര ഭീകര പ്രവർത്തനങ്ങൾ എല്ലാം കിട്ടാവുന്ന എല്ലാ വേദികളിലും കലാകാരന്മാർ അവരുടെ രീതികളിൽ അവതരിപ്പിച്ചു വരുന്നുണ്ട്. ആ നിരയിലേക്കാണിപ്പോൾ കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ കരുന്നു കലാകാരന്മാരും അവരുടെ പങ്കുമായി അണിചേരുന്നത്.
ഗാസയിലെ കുഞ്ഞുങ്ങളുടെ നോവു മറക്കാൻ കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദിക്കും കഴിഞ്ഞില്ല. പാട്ടായും കവിതയായും നാടകമായും ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ വേദിയിലും ഗാസയും യുദ്ധ ക്രൂരതകളും നിറഞ്ഞു നിന്നത് കാണുമ്പോൾ അത് നൽകുന്ന പ്രതീക്ഷ ചെറുതല്ല- വളർന്നു വരുന്ന തലമുറയും ഫലസ്തീന്റെ നോവ് ശരിയാംവണ്ണം ഏറ്റുവാങ്ങുകയാണ്. അന്തരീക്ഷത്തിലെ ഒരു തരത്തിലുള്ള ചിന്താ മാലിന്യവും പുതുതലമുറയുടെ മനസ്സിനെ ബാധിക്കുന്നില്ല എന്ന പ്രഖ്യാപനവുമായിരുന്നു വേദികളിൽ നിന്ന് വേദികളിലേക്ക് പടർന്ന കലാ ഇനങ്ങൾ. മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ അളകനന്ദ എന്ന കുട്ടി ഉദാഹരണം. അറബിക് ഗാന മത്സരത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെക്കുറിച്ചായിരുന്നു അളകനന്ദ പരിശീലിച്ച പാട്ട്. പരിശീലകരുടെയും അധ്യാപകരുടെയും നിർദേശത്തിൽ പാട്ട് വിഷയം അതിവേഗം ഗാസയിലെത്തി. ഗാസയുമായി ബന്ധപ്പെട്ട എത്രയോ അറബി ഗാനങ്ങൾ വേദിയിൽ ഇനിയും പിറന്നിട്ടുണ്ടാകും. അവയൊക്കെ വരും ദിവസങ്ങളിലായിരിക്കും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുക. ദിവസങ്ങൾക്ക് മുമ്പ് ഷാർജ അൽ ഖ്വാസ്വിമി യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി തൃശൂർ മാള സ്വദേശി അമീന നൂറ പാടിയ അറബി ഭാഷയിലുള്ള ഫലസ്തീൻ പോരാട്ട പാട്ട് ഇതിനോടകം ലക്ഷങ്ങൾ കേട്ടു കഴിഞ്ഞിട്ടുണ്ടാകും. അറബ് ലോകത്തുള്ള മനുഷ്യരായിരുന്നു അധികവും ആ പാട്ടിന്റെ ശ്രോതാക്കൾ. അമീന നൂറയുടെ പിൻഗാമികളായി യുവജനോത്സവത്തിലെ ഫലസ്തീൻ പാട്ടുകളെ കാണാം. തലമുറ, തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന നന്മ.
ഫലസ്തീനിലെ പോരാടുന്ന ജനതക്കായി പാടാൻ നാളത്തെ തലമുറയെ പരിശീലിപ്പിക്കുന്ന അധ്യാപകരും പരിശീലകരും അവരറിയാതെ ധർമസമരത്തിൽ പങ്കാളികളാവുകയാണ്. ആധുനിക കാലത്തെ യുദ്ധ വിജയത്തിന്റെ വഴികൾ ഇതൊക്കെ തന്നെയാണ്. മനുഷ്യ വിരുദ്ധ ശക്തികളുടെ കോടികളുടെ പടക്കോപ്പുകൾക്ക് തകർക്കാനാത്ത ആയുധമാണ് ഇതൊക്കെ. അതെ, ബലപ്രയോഗത്തിലൂടെ ഇസ്രായിൽ രാജ്യം സൃഷ്ടിക്കരുതെന്ന് ഇരുപതാം നൂറ്റാണ്ടിൽ തന്നെ ശക്തിപൂർവം പറഞ്ഞ ഗാന്ധിജിയുടെ നാട്ടിലെ ഇളംതലമുറയും ആ വഴിക്ക് തന്നെയെന്ന് പാട്ടായും വരയായും കവിതയായും വീണ്ടും വീണ്ടും പറയുന്നു.
എത്ര മാത്രം ഗൗരവത്തിലാണ് കുരുന്നുകൾ പുത്തൻ കാല ഫലസ്തീൻ രാഷ്ട്രീയമൊക്കെ പഠിച്ചതും മനസ്സിലാക്കിയതുമെന്ന് അതിശയത്തോടെ മാത്രമേ കാണാനാകൂ. മുതിർന്നവരെ നേർവഴിക്ക് നയിക്കാൻ കഴിയുന്ന കുട്ടികൾ തന്നെയാണിവർ എന്ന് തെളിയിക്കുന്ന നിരവധി കലാ ഇനങ്ങളിലൊന്നായിരുന്നു കലോത്സവ വേദിയിൽ എത്തിയ ഗാസ റേഡിയോ എന്ന നാടകം. വടക്കേക്കാട് ഐ.സി.എച്ച്.എസ് ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ മുന്നിൽ ബാബു വൈലത്തൂർ എന്ന പരിശീലകൻ ഗാസയുടെ വേദന പറയുന്ന നാടകത്തെപ്പറ്റി (ഗാസ റേഡിയോ) പറഞ്ഞപ്പോൾ കുട്ടികളെല്ലം ശരിക്കും ഗാസയിലെ കുട്ടികളായി. അങ്ങനെയാണ് കലോത്സവ വേദിയെ ആവേശത്തിലാക്കി ഗാസ റേഡിയോ എന്ന നാടകം അരങ്ങേറിയത്. സ്‌കൂൾ കലോത്സവമായതിനാൽ ഇനി ഇതൊരു തരംഗമായി മാറാൻ അധിക നാൾ വേണ്ടിവരില്ല. ഉത്സവങ്ങളും വാർഷികാഘോഷങ്ങളുമൊക്കെ ഫലസ്തീൻ നാടകവും പാട്ടുമൊക്കെ തരംഗമാക്കി മാറ്റും. യുദ്ധത്തിന്റെ രാഷ്ട്രീയം അതിശയിപ്പിക്കും വിധമാണ് കുട്ടികൾ മനസ്സിലാക്കിയെടുത്തതെന്ന് ഗാസ റേഡിയോയുടെ പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാതരം മാധ്യമ ഭീകരതയും ദിനംപ്രതി അലിഞ്ഞ് ഇല്ലാതാവുകയാണ്. ഫലസ്തീന്റെ സത്യം, ഇസ്രായിലിന്റെ നിരന്തര ഭീകര പ്രവർത്തനങ്ങൾ എല്ലാം കിട്ടാവുന്ന എല്ലാ വേദികളിലും കലാകാരന്മാർ അവരുടെ രീതികളിൽ അവതരിപ്പിച്ചു വരുന്നുണ്ട്. ആ നിരയിലേക്കാണിപ്പോൾ കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ കരുന്നു കലാകാരന്മാരും അവരുടെ പങ്കുമായി അണി ചേരുന്നത്.
ജാബിർ സുലൈം കണ്ണീരിറ്റു വീഴുന്ന ശബ്ദത്തിൽ പാടിയ ഒരു കുഞ്ഞുമോളുടെ ചിതറിയ ചിരി വാരി....എന്നു തുടങ്ങുന്ന ഗാസയിൽ തന്നെ പോയ് പാർക്കണം എന്ന പാട്ടിന്റെ വരികൾ ഇംഗ്ലീഷ് ഗാനത്തിൽ നിന്നുള്ളതാണ്. ഇപ്പോഴിതാ സ്വീഡിഷ് ബാൻഡായ കൊഫിയ 1970 കാലത്ത് പുറത്തിറക്കിയ ലെവ ഫലസതീന ... (ഫലസ്തീൻ നീണാൾ വാഴട്ടെ ) എന്ന ഗാനത്തിന്റെ മലയാളവും ഇപ്പോൾ ഹിറ്റാണ്- വാഴ്ക ഫലസ്തീൻ അമ്പേതകരും സയണിസം...എന്ന് പാട്ടിന് പരിഭാഷ നൽകി പാടാൻ നേതൃത്വം നൽകിയത് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ പർച്ചേസ് മാനേജരായ ജാബിർ സുലൈം തന്നെ- ഫലസ്തീൻ പോരാട്ട വഴിയിലെ ജാബിറിന്റെ രണ്ടാമത്തെ ഇടപെടൽ. ഇതൊക്കെ വെച്ചാണ് യുവജനോത്സവ വേദിയിലെ കുരുന്നുകളുടെ ഫലസ്തീൻ ഇടപെടലും കാണേണ്ടത്. മലയാളത്തിലും ഇനിയുമിനിയും ഗാസയിലെ കുരുന്നുകൾ പാട്ടായും അല്ലാതെയും പെയ്തിറങ്ങും. ചോര തുടിക്കും ചെറു കൈകൾ പേറുന്ന ഈ പന്തങ്ങൾ കെടുത്തിക്കളയാൻ ആർക്കുമാകില്ല, ആർക്കും.