കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുകയാണ് കേന്ദ്രം എന്നതിൽ തർക്കമില്ല. നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട വിഹിതങ്ങൾ തടഞ്ഞുവെക്കുകയാണ്. എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധം കാര്യമായി എവിടെനിന്നും ഉണ്ടാകുന്നില്ല. പല രീതിയിൽ അതു സാധ്യമാണ്. നേരത്തെ പറഞ്ഞപോലെ ദൽഹിയിൽ പോയി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തലാണ് ഏറ്റവും മിനിമം. അതുപോലും നമ്മൾ ചെയ്യുന്നില്ല. പിന്നീട് വേണ്ടത് ശക്തമായ നിസ്സഹകരണമാണ്. സാമ്പത്തികമായി നമ്മെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തോട് നിസ്സഹകരണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. അതിന്റെ കാരണത്തെ കുറിച്ചുള്ള രാഷ്ട്രീയ തർക്കങ്ങൾ തുടരുകയാണ്. പതിവുപോലെ കേരളം കേന്ദ്രത്തേയും കേന്ദ്രം കേരളത്തേയും കുറ്റപ്പെടുത്തുക തന്നെയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇരുകൂട്ടർക്കും ഉത്തരവാദിത്തമുണ്ട്. അതിനിടയിലാണ് ഏഴെട്ടു വർഷമായി സമരങ്ങളൊന്നും ചെയ്യാത്ത ഡിവൈഎഫ്‌ഐ ഈ വിഷയത്തിലിടപെടുന്നത്. എന്നാൽ സമരമോ പ്രക്ഷേഭമോ ഒന്നുമല്ല അവർ ചെയ്യാൻ പോകുന്നത്. മറിച്ച് ഇടക്കിടെ കേരളത്തിൽ ആവർത്തിക്കുന്ന മനുഷ്യച്ചങ്ങല. മുദ്രാവാക്യമോ, ഇനിയും സഹിക്കേണാ നമ്മൾ കേന്ദ്രത്തിന്റെ ഈ അവഗണന എന്ന്? എന്താണ് വാസ്തവം? കേന്ദ്രം കേരളത്തെ അവഗണിക്കുകയാണോ? അല്ല എന്നതാണ് യാഥാർത്ഥ്യം. കേന്ദ്രം കേരളത്തെ അവഹേളിക്കുകയാണ്. കേരളം ഇന്നു നേരിടുന്ന രൂക്ഷമായ സമ്പത്തിക പ്രതിസന്ധിയുടെ പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അതു തന്നെയാണ്. ഇപ്പോഴിതാ സാമ്പത്തിക വർഷാവസാനം പ്രതിസന്ധിയുടെ ആക്കം കൂട്ടി കേന്ദ്രം കടുംവെട്ടു വെട്ടിയതായാണ് വാർത്ത. അവസാനപാദത്തിൽ സംസ്ഥാനം 7437.61 കോടിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ 1838 കോടി മാത്രമാണ് അനുവദിച്ചത്. അതിരൂക്ഷമായ പ്രതിസന്ധിയായിരിക്കും സാമ്പത്തിക വർഷാവസാനം കേരളം നേരിടാൻ പോകുന്നതെന്നർത്ഥം. ്അപ്പോഴാണ് മനുഷ്യച്ചങ്ങലയുമായി ഡിെൈവഫ്‌ഐ രംഗത്തു വരുന്നത്.
കേരളത്തിൽ ഒരറ്റം മുതൽ മറ്റെ അറ്റം വരെ മനുഷ്യച്ചങ്ങല സംഘടിപ്പക്കാൻ കഴിയുക സിപിഎമ്മിനും അവരുടെ വർഗ ബഹുജന സംഘടനകൾക്കും മാത്രമാണ്. എന്നാലത് എന്തിനു സംഘടിപ്പിക്കുന്നു എന്നതാണ് പ്രധാനം. ശബരിമല വിവാദ കാലത്ത് ഇവരുടെ നേതൃത്വത്തിൽ സ്ത്രീകളുടെ ചങ്ങല സൃഷ്ടിച്ചല്ലോ. എന്തിനായിരുന്നു അത്? ഒറ്റവാക്കിൽ പറഞ്ഞാൽ ലിംഗനീതിക്ക്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാൻ തയാറായി വന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാതെ പോലീസ് തിരിച്ചയക്കുമ്പോഴായിരുന്നു ആ ചങ്ങല. സംഘപരിവാർ ശക്തികൾ തെരുവിൽ കലാപം സൃഷ്ടിക്കുമ്പോൾ അവർക്കു മുന്നിൽ മുട്ടുകുത്തുകയായിരുന്നു സർക്കാർ ചെയ്തത്. നൂറു സ്ത്രീകളുമായി ശബരിമല കയറാൻ പാർട്ടിയുടെ വനിതാ വിഭാഗം തയാറായിരുന്നെങ്കിൽ, വേണ്ട, സ്ത്രീചങ്ങല പമ്പയിലേക്കായിരുന്നെങ്കിൽ അതുണ്ടാക്കുമായിരുന്ന സാമൂഹ്യ വിപ്ലവം എന്തായിരുന്നു? എന്നാൽ അതിനുള്ള ആർജവം ഇല്ലാത്തതിനാലായിരുന്നു അന്ന് കൊട്ടിഘോഷിച്ച ചങ്ങല സംഘടിപ്പിച്ചത്.
സമാനമാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ ചെയ്യുന്നതും. കേന്ദ്രം കേരളത്തെ നിരന്തരമായി അവഹേളിക്കുന്നതിനെതിരെ ശക്തമായ ഒരു പ്രക്ഷോഭമാണ് എൽഡിഎഫ് നേതൃത്വത്തിൽ നടക്കേണ്ടത്. അതിൽ പ്രതിപക്ഷത്തേയും പങ്കെടുപ്പിക്കണം. ഇതൊരു പുതിയ ആശയമൊന്നുമല്ല. നായനാരും ആന്റണിയുെമാക്കെ ഭരിക്കുമ്പോൾ നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ട് ദൽഹിയിൽ പോയി എത്രയോ തവണ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. എന്നാൽ കുറെ കൊല്ലങ്ങളായി അത്തരമൊരു പോരാട്ടം നമ്മൾ കാണുന്നതേയില്ല. പകരം കാണുന്നത് കേന്ദ്രത്തിനു മുന്നിൽ പിച്ചച്ചട്ടിയെടുത്തു നിൽക്കുന്ന കേരളത്തെയാണ്. പരമാവധി ഉപയോഗിക്കുന്ന വാക്ക് അവഗണനയെന്നാണ്. ഇനിയും സഹിക്കണോ നമ്മളീ അവഗണന എന്നാണ് ദയനീയമായി ഡിവൈഎഫ്‌ഐ ചോദിക്കുന്നത്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ നിരന്നു നിന്നാണ് ഇതു ചോദിക്കുന്നത് എന്നു മാത്രം. നവകേരള സദസ്സിനു ശേഷം എൽഡിഎഫ് ദൽഹിയിൽ പോയി സമരം നടത്തുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാലതേക്കുറിച്ചൊന്നും ഇപ്പോൾ കേൾക്കുന്നില്ല. പകരമാണ് ഈ ചങ്ങലയുടെ, ഫലത്തിൽ അടിമച്ചങ്ങലയുടെ വാർത്ത കേൾക്കുന്നത്.
ഫെഡറലിസത്തെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുമ്പോഴും കേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയുടേത്. അതാകട്ടെ കൂടുതൽ കൂടുതൽ രൂക്ഷമാകുകയുമാണ്. എല്ലാവിധ ബഹുസ്വരതയും വൈവിധ്യങ്ങളും കുഴിച്ചുമൂടുക എന്നത് സംഘപരിവാർ അജണ്ടക്ക് അനിവാര്യമാണ്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മേഖലയിൽ അതിന്റെ പ്രതിഫലനമാണ് ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യം. അതിന്റെ തന്നെ ഭാഗമാണ് കേന്ദ്രത്തിന്റെ പിടിമുറുക്കലുകളും ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ഇറക്കി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തലും. അതിനെതിരെ ശക്തമായ എന്തെങ്കിലും പ്രതിഷേധം കേരളത്തിൽ നിന്നുണ്ടാകുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. ഫെഡറലിസത്തെ തകർക്കുന്ന മറ്റൊന്നാണ് ഗവർണർ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. ഇപ്പോഴത്തെ ഗവർണറും മുഖ്യമന്ത്രിയുമായുള്ള തർക്കങ്ങളിൽ ഇടപടാനുദ്ദേശിക്കുന്നില്ല. പക്ഷേ ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും അനുയോജ്യമല്ല ഗവർണർ എന്ന പദവി എന്നത് എത്രയോ പ്രകടമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനു മീതെയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി കാലഹരണപ്പെട്ട നേതാക്കളെ ഗവർണർ പദവി കൊടുത്ത് വിടുന്നത്. ഭരണഘടനാ രൂപീകരണ സമിതിയിൽ തന്നെ ഗവർണർ എന്ന പദവി വേണോ എന്ന വിഷയം രൂക്ഷമായ തർക്കങ്ങൾക്കു വിധായമായിരുന്നു. അവസാനം ഒരു ഒത്തുതീർപ്പു പോലെയാണ് തുഛമായ അധികാരങ്ങളോടെ ഗവർണർ പദവി അംഗീകരിക്കപ്പെട്ടത്. എന്നാൽ പതുക്കെപ്പതുക്കെ സംഭവിച്ചത് മറ്റൊന്നാണ്. ഗവർണറിലൂടെ കേന്ദ്രം സംസ്ഥാനങ്ങൾക്കു മേലെ പിടിമുറുക്കുകയാണ്. അതിന്റെ അങ്ങേയറ്റമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. എന്നാൽ ഗവർണർക്കെതിരെ പ്രഹസന സമരങ്ങൾ നടത്തുന്നവർ കാതലായ ഈ വിഷയം ഉന്നയിക്കുന്നതേയില്ല. ഗവർണർ പദവി റദ്ദാക്കണമെന്ന നിലപാടൊക്കെയുള്ള സിപിഐ പോലും അടുത്ത കാലത്ത് അതേക്കുറിച്ചു സംസാരിക്കുന്നില്ല.
കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുകയാണ് കേന്ദ്രം എന്നതിൽ തർക്കമില്ല. നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട വിഹിതങ്ങൾ തടഞ്ഞുവെക്കുകയാണ്. എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധം കാര്യമായി എവിടെനിന്നും ഉണ്ടാകുന്നില്ല. പല രീതിയിൽ അതു സാധ്യമാണ്. നേരത്തെ പറഞ്ഞ പോലെ ദൽഹിയിൽ പോയി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തലാണ് ഏറ്റവും മിനിമം. അതുപോലും നമ്മൾ ചെയ്യുന്നില്ല. പിന്നീട് വേണ്ടത് ശക്തമായ നിസ്സഹകരണമാണ്. സാമ്പത്തികമായി നമ്മെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തോട് നിസ്സഹകരണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രം മാത്രമാണ് ഉത്തരവാദി എന്നല്ല ഇപ്പറഞ്ഞതിന്റെയെല്ലാം അർത്ഥം. കാലങ്ങളായി നമ്മൾ തുടരുന്ന തെറ്റായ നയങ്ങളും അതിന് കാരണമാണ്. കടം മേടിച്ച് വികസനം നടപ്പാക്കാമെന്നും അതിന് കേന്ദ്രം അനുമതി നൽകണമെന്നുമുള്ള നിലപാടു തന്നെ തിരുത്തണം. മുരടിക്കുന്ന ഉൽപാദന മേളകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കാതെ മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും അതു പോലുള്ള മറ്റു ചില മേഖലകളിൽ നിന്നും അതുപോലെ പ്രവാസി പണത്തെ ആശ്രയിച്ചും നിലനിൽക്കാമെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. തെഴിലില്ലായ്മക്കുള്ള പരിഹാരം സംരംഭകത്വങ്ങൾ ഉയർന്നു വരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ്. അക്കാര്യത്തിൽ നമ്മൾ ഇപ്പോഴും പരാജയമാണ്. അൽപം വാണിജ്യം മാത്രമാണ് നടക്കുന്നത്. സംരംഭകത്വം ഉയർന്നു വരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം സർക്കാർ ഒരാവശ്യവുമില്ലാത്ത മേഖലകളിൽ പണം നിക്ഷേപിക്കുകയാണ്. അവയിൽ മഹാഭൂരിപക്ഷവും നീങ്ങുന്നത് കെഎസ്ആർടിസിയുടെ വഴിക്കാണ്. ജീവിതത്തെ നേരിട്ടു ബാധിക്കുന്ന അവശ്യ മേഖലയിൽ മാത്രമേ സർക്കാർ പണം നിക്ഷേപിക്കേണ്ടതുള്ളൂ. എന്നാൽ നടക്കുന്നത് നേരെ തിരിച്ചാണ്. വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്ത് പല വ്യവസായങ്ങൾക്കും സേവനങ്ങൾക്കുമാണ് പണം നിക്ഷേപിക്കുന്നത്. സർക്കാർ തൊഴിൽദായക സ്ഥാപനമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. അപ്പോൾ തന്നെ കുറെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.