ഭോപ്പാൽ - അനുമതിയില്ലാതെ ശിശുസംരക്ഷണ കേന്ദ്രം നടത്തി മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന കേസിൽ ഭോപ്പാലിൽ മലയാളി വൈദികൻ അറസ്റ്റിലായി. വർഷങ്ങളായി ഭോപ്പാലിൽ അനാഥലയവും ശിശു സംരക്ഷണ കേന്ദ്രവും നടത്തിവരുന്ന സ്ഥാപനങ്ങളുടെ മാനേജർ ഫാദർ അനിൽ മാത്യുവാണ് അറസ്റ്റിലായത്.
സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നതെന്ന് ശിശുസംരക്ഷണ കമ്മിഷൻ പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ടും സ്ഥാപനത്തിനെതിരെ കേസുണ്ട്. ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു കുട്ടികൾക്ക് അവരുടെ ആരാധനാ രീതികൾ പിന്തുടരാൻ അനുമവദിച്ചില്ലെന്നും എഫ്.ഐ.ആറിൽ കുറ്റപ്പെടുത്തലുണ്ട്. വൈദികനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.