Sorry, you need to enable JavaScript to visit this website.

മെഡിസെപ്: മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

കല്‍പറ്റ-മെഡിസെപ് പദ്ധതി ഗുണഭോക്താക്കളില്‍ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്നു ഒഴിവാക്കിയിട്ടില്ല. എന്നാല്‍  പുകയില, മദ്യം ഉപയോഗം മൂലമുള്ള രോഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. വിവരാവകാശ നിയമപ്രകാരം ചോദ്യത്തിന് ഷൊര്‍ണൂര്‍ പരുത്തിപ്രയിലെ  കെ.കെ.അശോകനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. മെഡിസെപ് പരിരക്ഷയില്‍നിന്നു മദ്യവും സിഗറ്റും ഉപയോഗിക്കുന്നവരെയും ഉപയോഗിച്ചിരുന്നവരെയും പൂര്‍ണമായി പുറത്താക്കിയതായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരന്നു അശോകന്റെ ചോദ്യം.
സര്‍ക്കാരും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഒപ്പുവെച്ച ധാരണാപത്രത്തിലെ ഷെഡ്യൂള്‍ ഒമ്പതിലെ എക്‌സ്‌ക്ലൂഷന്‍ ക്ലോസ് പ്രകാരം മദ്യമോ സമാന വസ്തുക്കളോ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു രോഗത്തിന് ലഹരി ഉപയോഗം ഏതെങ്കിലും തരത്തില്‍ കാരണമായെങ്കില്‍ മാത്രമാണ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെവരിക. മദ്യം, സിഗരറ്റ് ഉപയോഗിക്കുന്നവരെ മെഡിസെപ് പദ്ധതിയില്‍ പ്രീമിയം അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കാനാകില്ല.
മെഡിസെപ്  പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹാരത്തിന് പോര്‍ട്ടലില്‍ സജ്ജമാക്കിയ ഗ്രീവന്‍സ് മെനുവില്‍ രജിസ്റ്റര്‍ ചെയ്യാമെന്നു മറുപടിയില്‍ പറയുന്നു. ഗ്രീവന്‍സ് മെനുവിലെ ലെവല്‍ ഒന്നില്‍ രജിസ്റ്റര്‍
ചെയ്യുന്ന പരാതികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് മറുപടി നല്‍കും. ഇത് തൃപ്തികരമല്ലെങ്കില്‍ ഗ്രീവന്‍സ് മെനുവിലെ ലെവല്‍ രണ്ട് മുഖേന രജിസ്റ്റര്‍ ചെയ്ത് പരാതികള്‍ പരിഹരിക്കാം.
മെഡിസെപ് പോളിസിയുടെ വാര്‍ഷിക പ്രീമിയം 18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 5,664 രൂപയാണ്. പദ്ധതി നടത്തിപ്പിനു സര്‍ക്കാരും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച്
ഒരു വര്‍ഷത്തെ പ്രീമിയം മുന്‍കൂര്‍ വ്യവസ്ഥയില്‍ നാല് ഗഡുക്കളായി  കമ്പനിക്ക് സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിയ തുക മാസം 500 രൂപ നിരക്കില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍നിന്നു കുറവുചെയ്ത് ക്രമീകരിക്കുകയാണ് ചെയ്യുന്നത്. പ്രീമിയത്തിനു പുറമേ മാസം 28 രൂപ പ്രകാരം വര്‍ഷം ഈടാക്കുന്ന 336 രൂപ കോര്‍പസ് ഫണ്ടിലേക്ക് മാറ്റുകയും ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. 2023 ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് മെഡിസെപ് പദ്ധതിയില്‍ 11,30,467 പ്രാഥമിക ഗുണഭോക്താക്കളുണ്ട്. പദ്ധതിയുടെ ആദ്യ  പോളിസി വര്‍ഷത്തില്‍ 646,04,55,087 രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കി. രണ്ടാം പോളിസി വര്‍ഷത്തില്‍ ഇതിനകം മൂന്നു ഗഡുക്കളായി 480,22,22,400 രൂപയാണ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു.

Latest News