ലോകത്തിലെ ഏറ്റവും സമ്പന്നരായ വനിതാ കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഏഴാം സ്ഥാനത്ത്. 2017 ജൂണിനും 2018 ജൂണിനുമിടയില്‍ മാത്രം സിന്ധു സമ്പാദിച്ചത് 85 ലക്ഷം ഡോളറാണ് (60 കോടി രൂപ). ബാഡ്മിന്റണ്‍ പ്രധാനമായും ഏഷ്യന്‍ ഗെയിമായിട്ടു പോലും സിന്ധു ഇത്ര മുകളില്‍ സ്ഥാനം നേടിയത് അദ്ഭുതമായി. ബാഡ്മിന്റണില്‍ പ്രൈസ് മണി ടെന്നിസ് പോലെ കോടികളല്ല. എന്നിട്ടും ഇപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സിമോണ ഹാലെപ്പും മുന്‍ ഒന്നാം നമ്പറും മൂന്ന് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയുമായ എയ്ഞ്ചലിക് കെര്‍ബറുമൊക്കെ സിന്ധുവിനെക്കാള്‍ പിന്നിലാണ്. സിന്ധുവിന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്കും (ഏതാണ്ട് 80 ലക്ഷം ഡോളര്‍) പരസ്യങ്ങളില്‍ നിന്നാണ്.
പ്രസവത്തിനായി വിട്ടുനിന്നപ്പോള്‍ വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും സെറീന വില്യംസാണ് ഏറ്റവും സമ്പന്നയായ വനിതാ താരം (1.806 കോടി ഡോളര്‍). ടെന്നിസ് താരങ്ങളായ കരൊലൈന്‍ വോസ്‌നിയാക്കി, സ്ലോന്‍ സ്റ്റീഫന്‍സ്, ഗര്‍ബീന്‍ മുഗുരുസ, മരിയ ഷരപോവ, വീനസ് വില്യംസ് എന്നിവരാണ് സിന്ധുവിനെക്കാള്‍ മുന്നില്‍.
ഒളിംപിക്‌സില്‍ വെള്ളി നേടിയ സിന്ധുവിന് വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ മാത്രം 13 കോടി രൂപ സമ്മാനിച്ചിട്ടുണ്ട്. അതേസമയം ചാമ്പ്യനായ കരൊലൈന മാരിന് സ്‌പെയിന്‍ ഗവണ്‍മെന്റില്‍ നിന്ന് കിട്ടിയത് വെറും 70 ലക്ഷം രൂപക്ക് തുല്യമായ തുകയാണ്.