ആലപ്പുഴ- ആലപ്പുഴയിൽ നടന്ന കേരളം-യു.പി രഞ്ജിട്രോഫി മത്സരം സമനിലയിൽ കലാശിച്ചു. 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടുവിക്കറ്റിന് 72 റൺസ് എന്ന നിലയിൽ നിൽക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്‌കോർ: യു.പി: 302 & 323/3 ഡി. കേരളം: 243 & 72/2
കേരളത്തിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുത് ആണ് മാൻ ഓഫ് ദി മാച്ച്. ഒരു വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ യു.പിക്ക് സെഞ്ചുറി നേടിയ ആര്യൻ ജൂയലിനെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ പ്രിയം ഗാർഗ് പിന്നീട് സെഞ്ച്വറിയും അടിച്ചെടുത്തു. 106 റൺസെടുത്ത പ്രിയം ഗാർഗ് പുറത്തായതോടെ യു പി രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് കൃഷ്ണപ്രസാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും രോഹൻ പ്രേമും നിലയുറപ്പിച്ച് കളിച്ചു. 42 റൺസെടുത്താണ് രോഹൻ കുന്നുമ്മൽ പുറത്തായത്.