റിയാദ്- കാലാവധിക്ക് ശേഷം വാടകക്കാരന്‍ കെട്ടിടം ഒഴിയാന്‍ വൈകിയാല്‍ കോടതി വഴി ഭൂവുടമക്ക് പിഴ ആവശ്യപ്പെടാമെന്ന് സൗദിയില്‍ വാടകക്കരാറിന് മേല്‍നോട്ടം വഹിക്കുന്ന ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. വൈകുന്ന ഓരോ ദിവസത്തിനും പിഴയായി വാടകക്കരാറിലുണ്ടെന്നും ഈ കരാര്‍ പ്രോമിസറി നോട്ട് ആയി പരിഗണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം.
സൗദിയില്‍ ജനുവരി 10 മുതല്‍ കെട്ടിട വാടക തുക ഈജാര്‍ പോര്‍ട്ടലിലൂടെ മാത്രം നല്‍കുന്ന രീതി കണിശമായി നടപ്പിലാക്കുമെന്ന് സൗദി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീര്‍ അല്‍ മുഫറജ് പറഞ്ഞു. ഈജാറിലെ ഡിജിറ്റല്‍ ചാനലുകള്‍ക്ക് പുറത്ത് വാടക തുക അടച്ചാല്‍ അതിന്റെ റസീറ്റ് തെളിവായി പരിഗണിക്കില്ല. മദ, സദാദ് എന്നിങ്ങനെ രണ്ട് വഴികളിലൂടെ ഈജാര്‍ വഴി വാടക തുക അടക്കാം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഇതു സഹായകരമാകും. അതേസമയം ഇതുവരെ 80 ലക്ഷത്തിലധികം വാടകക്കരാറുകള്‍ ഈജാര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്‌റ്റേറ്റ് വെളിപ്പെടുത്തി. ഇതില്‍ അറുപത്തിയാറു ലക്ഷത്തോളം പാര്‍പ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണുള്ളത്. പ്രതിദിനം 18000 കരാറുകളെന്ന തോതില്‍ ഇരുപത്തിയെട്ട് ലക്ഷം കരാറുകളോടെ ഏറ്റവും കൂടുതല്‍ വാടകക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്തത് നടപ്പു വര്‍ഷത്തിലാണ്. ഈജാര്‍ പോര്‍ട്ടലിന്റെ സുതാര്യതയും പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കരാര്‍ സമയത്ത് അനുബന്ധ കക്ഷികള്‍ നല്‍കുന്ന രേഖകളുടെ വിശ്വാസ്യത സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും കരാര്‍ ഇടനിലക്കാര്‍ റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റിക്ക് കീഴിലുള്ള അംഗീകൃത ഓഫീസുകാര്‍ മാത്രമാണെന്ന് ഉറപ്പു വരുത്തുന്നതിനും പോര്‍ട്ടല്‍ വഴി സൗകര്യം ചെയ്തിട്ടുണ്ട്. കരാറുകള്‍ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ നിന്ന് ഓണ്‍ലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകള്‍ വഴി വാടക തുടകയടക്കുന്നതിനും ഈജാര്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഘഡുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാനമുള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാമാണെന്നും അതോറിറ്റി വ്യക്തമാക്കി.