റിയാദ്- ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുത്ത ബാക്കി കാലയളവിലെ തുക തൊഴിലുടമക്ക് തിരിച്ചെടുക്കാമെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ തൊഴില്‍ കരാര്‍ റദ്ദാക്കുകയോ ചെയ്യുമ്പോഴാണ് ബാക്കി കാലയളവിലെ തുക തിരിച്ചെടുക്കേണ്ടത്.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്കാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമാക്കുന്നത്. റിക്രൂട്ട്‌മെന്റിന് തൊഴിലുടമയും റിക്രൂട്ട്‌മെന്റ് സ്ഥാപനവും തമ്മില്‍ ഒപ്പുവെക്കുന്ന കരാറിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യേണ്ടത്.
രണ്ടു വര്‍ഷത്തിനു ശേഷം റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യാനും ചെയ്യാതിരിക്കാനും തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. നിലവില്‍ മുസാനിദ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. 2023 ആദ്യത്തിലാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുറന്‍സ് സേവനം മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഓപ്ഷനലായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്. നിലവില്‍ റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യല്‍ നിര്‍ബന്ധമല്ല. ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഈ സേവനം ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ ഒളിച്ചോടുകയോ ജോലിക്ക് സന്നദ്ധരാകാതിരിക്കുകയോ മരണപ്പെടുകയോ തൊഴില്‍ നിര്‍വഹിക്കാന്‍ തൊഴിലാളികള്‍ അശക്തരായി മാറുകയോ ജോലി നിര്‍വഹിക്കാന്‍ കഴിയാത്ത നിലക്കുള്ള മാറാരോഗങ്ങള്‍ പിടിപെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ക്കുള്ള നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം തൊഴിലുടമകള്‍ക്ക് ലഭിക്കും. ഗാര്‍ഹിക തൊഴിലാളി മരണപ്പെടുന്ന പക്ഷം മൃതദേഹവും വ്യക്തിപരമായ വസ്തുക്കളും സ്വദേശത്തേക്ക് അയക്കാനുള്ള ചെലവും ഇന്‍ഷുറന്‍സ് പോളിസി വഹിക്കും. അപകടങ്ങളുടെ ഫലമായി തൊഴിലാളിക്ക് ഭാഗികമോ പൂര്‍ണമായോ വൈകല്യം സംഭവിക്കല്‍, മരണമോ വൈകല്യം സംഭവിക്കുന്നതു മൂലമോ വേതനവും സര്‍വീസ് ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കാതിരിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസി ഉറപ്പു വരുത്തും.