Sorry, you need to enable JavaScript to visit this website.

കോട്ടക്കലില്‍ വീട് കുത്തിത്തുറന്ന് 36 പവന്‍ കവര്‍ന്നു, മുഖ്യപ്രതി അറസ്റ്റില്‍

കോട്ടക്കല്‍-കോട്ടയ്ക്കലിനു സമീപം അമ്പലവട്ടത്ത്  വീട് കുത്തിതുറന്ന് 36 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടില്‍ രമേശ് (36) എന്ന ഉടുമ്പ് രമേശാണ് പിടിയിലായത്. കേരളത്തിനു പുറമേ  കര്‍ണാടക, തമിഴ്‌നാട് എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ ഈ കേസില്‍ കൂട്ടുപ്രതിയായ മലപ്പുറം ജില്ലയിലെ വാഴക്കാട് അനന്തായൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35), മോഷണ സ്വര്‍ണം വില്‍പ്പന നടത്താന്‍ സഹായിച്ച
പുളിക്കല്‍ ഒളവട്ടൂര്‍ മാങ്ങാറ്റുമുറി മാങ്ങാട്ടുച്ചാലില്‍ കൊളത്തോടു വീട്ടില്‍  ഹംസ (38)  എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 25ന്  കര്‍ണാടക ജയിലില്‍ നിന്നിറങ്ങിയ രമേശ് കോഴിക്കോട്ടെത്തി. അവിടെ നിന്നു കൂട്ടു പ്രതി റിഷാദിനെ വിളിച്ചുവരുത്തി രാത്രി മീഞ്ചന്തയില്‍ നിന്നു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് പ്രതികള്‍ കൃത്യത്തിനായി കോട്ടക്കലിലെത്തി. തുടര്‍ന്ന് ആളില്ലാത്ത വീടുകള്‍ തെരഞ്ഞു നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡരികിലെ ഗേറ്റ് പൂട്ടിക്കിടക്കുന്ന
വീട് കണ്ടത്. വീട്ടില്‍ ആളുകളില്ലെന്നു ഉറപ്പുവരുത്തിയ ശേഷം ആദ്യം മുന്‍ഭാഗത്തെ വാതില്‍  പൊളിക്കാന്‍ ശ്രമിക്കുകയും ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്  വീടിന്റെ ഒന്നാം നിലയില്‍  കയറി കൈക്കോട്ടും കത്തിയും ഉപയോഗിച്ച് വാതില്‍
പൊളിച്ചു അകത്തുകടക്കുകയുമായിരുന്നു. പ്രതികള്‍ വീട്ടില്‍ സൂക്ഷിച്ച 36 പവന്‍ ആഭരണങ്ങളാണ് മോഷണം നടത്തിയത്.
മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ചാണ്  അന്വേഷണം നടത്തിയത്. കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. അശ്വന്ത്്, പോലീസ്  ഉദ്യോഗസ്ഥരായ വിശ്വനാഥന്‍, ബിജു, ജിനേഷ്, അലക്‌സ്, ഡാന്‍സാഫ്  ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, ആര്‍. ഷഹേഷ്, കെ. ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

 

 

Latest News