Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും; ചൂണ്ടയിട്ടത് മലയാളി മാധ്യമ പ്രവര്‍ത്തകനെ

ജിദ്ദ- ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ഓണ്‍ലൈനായി ചതിക്കുഴിയില്‍ പെടുത്തി തട്ടിപ്പിനിരയാക്കുന്ന പരിപാടി സൗദിയില്‍ നിര്‍ബാധം തുടരുന്നു. ഏറ്റവുമൊടുവില്‍ സൗദി പോസ്റ്റിന്റെ സേവനമെന്ന മറവിലാണ് ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകനെ ചൂണ്ടയിട്ടത്. ഒ.ടി.പി അടിക്കുന്നതിന് തൊട്ടുമുമ്പ് തട്ടിപ്പാണെന്ന് മനസ്സിലായതിനാല്‍ തല്‍ക്കാലം രക്ഷപ്പെട്ടു.
കാറിന്റെ ഇസ്തിമാറ പുതുക്കുന്ന നടപടി പൂര്‍ത്തിയാക്കുമ്പോഴാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ തട്ടിപ്പില്‍ പെടുന്നത്. ശനിയാഴ്ച വൈകുന്നേരം ബാങ്ക് വഴി ഓണ്‍ലൈനായി പണമടച്ചശേഷം അബ്ശീര്‍ ഇസ്തിമാറ പുതുക്കിയിരുന്നു. പിന്നീട് മൊബൈലിലേക്ക് സൗദി പോസ്റ്റിന്റെ (എസ്.പി.എല്‍) എസ്.എം.എസ് വന്നു. പുതിയ ഇസ്തിമാറെ എത്തിക്കുന്നതിന് പണം അടക്കണമെന്ന് ആവശ്യപ്പെടുന്ന എസ്.എം.എസില്‍ തന്നെ അതിന്റെ ലിങ്കുമുണ്ടായിരുന്നു. ഇതനുസരിച്ച് ലിങ്കില്‍ കയറി ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ചാര്‍ജായ 17.25 റിയാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ട്രാന്‍സ്ഫര്‍ ചെയ്തു.
ഞായറാഴ് രാവിലെ മൊബൈലിലേക്ക് വീണ്ടുമൊരു എസ്.എം.എസ് എത്തുന്നു. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിലാസം കൃത്യമല്ലെന്നും, കൃത്യമായ വിലാസം ഉടന്‍തന്നെ താഴെക്കാണുന്ന ലിങ്കില്‍ പോയി അയക്കണമെന്നുമായിരുന്നു സന്ദേശം. രണ്ടാമത്തെ എസ്.എം.എസ് വന്നത് എസ്.പി.എല്ലില്‍നിന്നായിരുന്നില്ല, ഒരു ഇന്റര്‍നാഷണല്‍ നമ്പരില്‍നിന്നായിരുന്നു. ഇത് ശ്രദ്ധിക്കാതെ ലിങ്കില്‍ കയറി വിശദമായ വിലാസം നല്‍കി. അപ്പോള്‍ ചാര്‍ജായി ഒരു റിയാല്‍ 13 ഹലല (1.13 റിയാല്‍) അടക്കണമെന്ന് നിര്‍ദേശം വന്നു. അതനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് നമ്പരും മറ്റ് വിശദാംശങ്ങളും നല്‍കി. എന്നാല്‍ ബാങ്കില്‍നിന്നുള്ള ഒ.ടി.പി വന്നപ്പോഴാണ് ചതി മനസ്സിലായിത്. ഒ.ടി.പി നമ്പറിനു താഴെ അടയ്ക്കാനുള്ള തുക 6041 യു.എസ് ഡോളറാണെന്നും വിംഗ്‌സ് മാളില്‍നിന്ന് പര്‍ചേസ് നടത്തിയതിന്റേതുമാണെന്നായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഒ.ടി.പി നല്‍കിയില്ല. എങ്കിലും കാര്‍ഡ് നമ്പരും മറ്റ് വിശദാംശങ്ങളും തട്ടിപ്പുകാര്‍ക്ക് നല്‍കിയത് ആശങ്കയായി.


സൗദി പോസ്റ്റിലേക്ക് പണമടച്ച് 24 മണിക്കൂറിനുള്ളില്‍ അതുമായി ബന്ധപ്പെട്ട മറ്റൊരു എസ്.എം.എസ് കൂടി വന്നതാണ് തട്ടിപ്പാണെന്ന് തിരിച്ചറിയാതിരിക്കാന്‍ കാരണം. സൗദി പോസ്റ്റില്‍ പണമടച്ചതിന് പിന്നാലെ അതെകുറിച്ചുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. ഇനി സൗദി പോസ്റ്റിന്റേതെന്ന് പറഞ്ഞ് വന്ന എസ്.എം.എസും തട്ടിപ്പായിരുന്നോ എന്ന് സംശയമുണ്ട്. അത് പക്ഷെ അബിശീര്‍ വഴി ഇസ്തിമാറ പുതുക്കിയതിന് തൊട്ടുപിന്നാലെയാണ് വന്നതും.
ശരിക്കുമുള്ളത്് ഏത്, തട്ടിപ്പേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ബാങ്ക് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരെ ലക്ഷ്യമിട്ട് ചൂണ്ടയിട്ട് കാത്തിരിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുകാര്‍ നിരവധിയാണ്. ഏതെങ്കിലും ഇര ചൂണ്ടയില്‍ കുടുങ്ങിയാല്‍ കൗശലപൂര്‍വം പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചായിരിക്കം തട്ടിപ്പ്.
ക്രെഡിറ്റ് കാര്‍ഡ് മാത്രമല്ല, ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളെയും തട്ടിപ്പുകാര്‍ വീഴ്ത്താറുണ്ട്. അല്‍റാജി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിക്കുന്ന ജിദ്ദയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഈയിടെ 1850 റിയാലാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അദ്ദേഹം പോലുമറിയാതെ കാഡിന്റെ പാസ്‌വേഡ് മാറ്റിയതായി ഒരു ദിവസം മെസേജ് വന്നു. അധികം വൈകാതെ അഞ്ച് തവണയായി പണം പിന്‍വലിക്കപ്പെട്ട മെസേജുകളും വന്നു. ബാങ്കില്‍ പരാതി നല്‍കിയപ്പോള്‍ റിയാദ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകളിലെല്ലാം ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കി ഓരോ ഇടപാടിനുമുമ്പും സൂഷ്മമായി കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യുക മാത്രമേ പ്രതിവിധിയുള്ളു.

ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു

 

 

 

Latest News