ജിദ്ദ- ബാങ്കിംഗ് തട്ടിപ്പിന് ഇരയായി ഒരു മലയാളിക്ക് കൂടി ജിദ്ദയിൽ പണം നഷ്ടമായി. ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകൻ കൂടിയായ ഹിഫ്‌സുറഹ്മാനാണ് പണം നഷ്ടമായത്. രണ്ടായിരത്തിലേറെ റിയാലാണ് രണ്ടു തവണായി ഇദ്ദേഹത്തിന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നഷ്ടമായത്.
വാഹനത്തിന്റെ ഇൻഷുറൻസ് തുക അടക്കുന്നതിന് ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായതെന്ന് ഹിഫ്‌സുറഹ്മാൻ പറഞ്ഞു. ഇൻഷുറൻസ് തുക അടക്കുന്നതിന് വേണ്ടി ബി കെയർ എന്ന ആപ്പ് വഴി ശ്രമിച്ചതിന്റെ അവസാനം പണം നഷ്ടമാകുകയും മൊബൈൽ സിം കട്ടാകുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വാഹനത്തിന്റെ ഇൻഷുറൻസ് തുക തീർന്നതിന്റെ തുടർന്ന്, ബാങ്ക് അൽ ബിലാദിന്റെ കാർഡ് വഴി തുക അടക്കാൻ ശ്രമിക്കുകയായിരുന്ന. ഒ.ടി.പി സബ്മിറ്റ് ചെയ്തപ്പോൾ നഫാദ് സൈറ്റിലേക്ക് പ്രവേശിച്ചു. എന്നാൽ ഈ സമയത്ത് സിം മാറ്റാനുള്ള സന്ദേശമാണ് വന്നത്. തുടക്കത്തിൽ ഇത് കാൻസൽ ചെയ്‌തെങ്കിലും പിന്നീട് പെയ്‌മെന്റിന്റെ ബാക്കി കാര്യങ്ങൾ പൂർത്തിയാക്കി. ഇതിനിടയിൽ സിസ്റ്റം ഹാംഗ് ആവുകയും ചെയ്തു.
എന്നാൽ പിറ്റേ ദിവസം രാവിലെ ആയപ്പോഴേക്കും സിം പ്രവർത്തന രഹിതമായ നിലയാലിയിരുന്നു. സിം പ്രൊവൈഡർ കമ്പനിയുമായി ബന്ധപ്പെട്ട് സിം വീണ്ടും ആക്ടിവേറ്റാക്കുകയും ചെയ്തു. അന്ന് വൈകുന്നേരം തന്റെ ബാങ്ക് എക്കൗണ്ടിൽനിന്ന് ആദ്യം 1963 റിയാലും തൊട്ടടുത്ത നിമിഷം 400 റിയാലും പിൻവലിച്ചതായുള്ള മെസേജും വന്നു. ഉടൻ ബാങ്കിൽ വിളിച്ചു കാര്യം പറയുകയും അവർ എക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു. തുർക്കിയിൽനിന്നാണ് ട്രാൻസാക്ഷൻ നടന്നത്. പണം തിരികെ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയതായും ഹിഫ്‌സുറഹ്മാൻ പറഞ്ഞു. തന്റെ സിം ഹാക്ക് ചെയ്തവർ ജോർദാനിലേക്ക് വിളിച്ചതായും കാൾ ഡീറ്റൈയിൽസിലുണ്ട്. പരാതി പോലീസ് സ്‌റ്റേഷനിൽ നൽകാനും അതിന്റെ കോപ്പി ബാങ്കിൽ സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടതായും ഹിഫ്‌സുറഹ്മാൻ പറഞ്ഞു. അതേസമയം, സമാനമായ അനുഭവം ഉണ്ടായതായി നിരവധി മലയാളികൾ വ്യക്തമാക്കുന്നുണ്ട്.