മിനാ- യുദ്ധം വേർപെടുത്തിയ സിറിയൻ കുടുംബത്തിന് വർഷങ്ങളുടെ വിരഹ വേദനക്കൊടുവിൽ പുണ്യഭൂമിയിൽ പുനഃസമാഗമം. വർഷങ്ങൾ നീണ്ട വേർപാടിനു ശേഷമാണ് കുടുംബാംഗങ്ങൾക്ക് പുണ്യഭൂമിയിൽ വെച്ച് വീണ്ടും കണ്ണു നിറയെ കാണാനായതെന്ന് സിറിയക്കാരി ഉമ്മു ഉമർ പറഞ്ഞു. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ ഇവരുടെ മകൻ ഉമർ നവവരനായിരിക്കെ ഭാര്യയെയും കൂട്ടി ഈജിപ്തിലേക്ക് പോവുകയായിരുന്നു. ഉമ്മു ഉമർ ജോർദാനിലേക്ക് പലായനം ചെയ്തു. മറ്റു ചില കുടുംബാംഗങ്ങൾ സിറിയയിൽ തുടർന്നു.
ഈ വർഷത്തെ ഹജിന് ഉമ്മു ഉമർ ജോർദാനിൽ നിന്ന് എത്തുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് പുതുമണവാട്ടിയെയും കൂട്ടി ഈജിപ്തിലേക്ക് പോയ മകൻ ഉമർ ഭാര്യയെയും കൂട്ടി ഹജിനെത്തി. ഉമറിന്റെ ഭാര്യക്ക് സ്വന്തം മാതാപിതാക്കളെയും സഹോദരനെയും പുണ്യഭൂമിയിൽ വെച്ച് കാണുന്നതിനും സാധിച്ചു. ഉമറിനും ഭാര്യക്കുമൊപ്പം ഹജ് നിർവഹിക്കുന്നതിന് വരാൻ സാധിക്കാത്ത പേരമക്കളെ കൂടി കാണുന്നതിന് അല്ലാഹു ആയുസ്സ് നൽകണേയെന്ന പ്രാർഥനയിലാണ് ഉമ്മു ഉമർ.