കൊച്ചി - സംസ്ഥാന ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ട -കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റോബിന്‍ ബസിന് അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെ എസ് ആര്‍ ടി സിയുടെ അടക്കം വാദങ്ങളെ തള്ളിക്കൊണ്ടാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ജീവ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ടൂറിസ്റ്റ് ബസുകള്‍ക്ക് കഴിയുമെന്നും ഇത്തരം നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുള്ള കെ എസ് ആര്‍ ടി സിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളിലടക്കം സര്‍വീസ് നടത്താവുന്നതാണ്. വിനോദ സഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടു പോകാന്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) മോട്ടോര്‍ വാഹന നിയമത്തിലെ രണ്ടു വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന കെ എസ് ആര്‍ ടി സിയുടെ വാദം നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സിയുടെ ഹര്‍ജിലെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഇതോടെ റോബിന്‍ ഉടമ ഗിരീഷ് ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുക്കുന്നത്.