പത്തനംതിട്ട - രാവിലെ പറിച്ചു കൊടുത്ത ചക്ക ഉച്ചക്ക് വേവിച്ചു നൽകാഞ്ഞതിന്അമ്മയുടെ രണ്ടുകൈയ്യും തല്ലിയൊടിച്ചു. റാന്നിയിലാണ് സംഭവം. തേവർ കാട്ടിൽ സരോജിനിയുടെ(65) കൈയാണ് മകൻ വിജേഷ്(32) തല്ലിയൊടിച്ചത്. ചക്ക വേവിച്ച് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം
ഇന്ന് രാവിലെ ആയിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും വിജേഷ് ഒരു ചക്ക പറിച്ച് വീട്ടിൽ കൊണ്ടുവന്നു. അമ്മയോടിത് വേവിച്ച് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ പുറത്തേക്ക് പോയി. എന്നാൽ അമ്മ മറ്റു ജോലികളിൽ മുഴുകിയതിനാൽ ചക്ക വേവിക്കാൻകഴിഞ്ഞില്ല. ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് വൃദ്ധ മാതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
വീടിൻ്റെ പരിസരത്തുണ്ടായിരുന്ന മര കമ്പ് ഉപയോഗിച്ചായിരുന്നു അമ്മയെ ഇയാൾ മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും നടുവിനും പരിക്കേറ്റ സരോജിനിയെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.