മിനാ- തന്റെ ഇസ്‌ലാം ആശ്ലേഷത്തെ ക്രിസ്തുമത വിശ്വാസികളായ കുടുംബം വലിയ തോതിൽ സ്വാഗതം ചെയ്തതായി ബ്രിട്ടീഷുകാരി കെയ്‌രി ജീൻ പറഞ്ഞു. മുസ്‌ലിംകളുടെ ഉന്നതമായ സ്വഭാവഗുണങ്ങളും സഹാനുഭൂതിയും മാനവികതയുമാണ് തന്നെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്. 13 വർഷം മുമ്പ് മതം മാറിയ ശേഷം എല്ലാ അർഥത്തിലും തന്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ടിരിക്കുകയാണ്. മതം മാറ്റത്തിനു ശേഷവും താൻ സാധാരണ ജീവിതമാണ് ബ്രിട്ടനിൽ നയിക്കുന്നത്. മതം മാറ്റത്തിന്റെ പേരിൽ തനിക്ക് യാതൊരുവിധ പ്രയാസങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് 43 കാരി പറഞ്ഞു.
ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളല്ല തന്നെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്. പല സാഹചര്യങ്ങളും ഘടകങ്ങളും ഇതിന് കാരണമാണ്. മറ്റുള്ളവരോടുള്ള മുസ്‌ലിംകളുടെ പെരുമാറ്റം തന്നെയാണ് ഇസ്‌ലാം ആശ്ലേഷത്തിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.
മുസ്‌ലിംകളുടെ സവിശേഷമായ സ്വഭാവഗുണങ്ങൾക്കു പിന്നിലെ പ്രേരകങ്ങൾ അന്വേഷിക്കുന്നവർക്ക് മുസ്‌ലിംകളിലെ ഉന്നത മൂല്യങ്ങൾക്കു പിന്നിൽ ഇസ്‌ലാമാണെന്ന് ഉറച്ച ബോധ്യമുണ്ടാകും. തന്റെ ഇസ്‌ലാം ആശ്ലേഷത്തിനും ഇതാണ് പ്രധാന പ്രേരകം.
ബംഗ്ലാദേശുകാരനായ മുസ്‌ലിം ഡോക്ടറെയാണ് താൻ വിവാഹം ചെയ്തത്. അന്ന് താൻ മുസ്‌ലിമായിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് നന്നായി പഠിക്കുന്നതു വരെ മതം മാറേണ്ടതില്ല എന്ന് താൻ തീരുമാനിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുകയും തന്നോടുള്ള ഭർത്താവിന്റെ മികച്ച പെരുമാറ്റവും ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ വായിക്കുന്നതിന് തനിക്ക് പ്രേരണയായി. പ്രവാചക ചരിത്രമാണ് താൻ കൂടുതലായി പഠിച്ചത്. ഇതോടെ തനിക്ക് ഇസ്‌ലാം സത്യമതമാണെന്ന് വ്യക്തമായി. തുടർന്ന് മതം മാറുന്നതിനുള്ള തീരുമാനം താൻ ഭർത്താവിനെ അറിയിക്കുകയും അദ്ദേഹം തനിക്ക് സത്യസാക്ഷ്യ വാചകം ചൊല്ലിത്തരികയുമായിരുന്നു.
മതം മാറിയ ശേഷം തീർത്തും സാധാരണമായ ജീവിതമാണ് താൻ നയിക്കുന്നത്. താൻ ഹിജാബ് ധരിക്കുന്നു. മുസ്‌ലിമാണെന്നതിന്റെ പേരിൽ താൻ ഇതുവരെ വംശീയ വിവേചനങ്ങൾക്ക് വിധേയയായിട്ടില്ല. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം തന്റെ ജീവിതം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് എന്റെ കുടുംബാംഗങ്ങൾ തന്നെ പറയുന്നു. ഇസ്‌ലാം സമാധാനത്തിന്റെയും മിതവാദത്തിന്റെയും മതമാണെന്ന ഉത്തമ ബോധ്യത്തോടെ കുടുംബാംഗങ്ങൾ കൂടി ഇസ്‌ലാം ആശ്ലേഷിക്കണമെന്നാണ് താൻ പ്രത്യാശിക്കുന്നത്. ആദ്യമായാണ് താൻ ഹജ് നിർവഹിക്കുന്നത്. ഹജുമായി ബന്ധപ്പെട്ട കർമങ്ങൾ നിർവഹിക്കുന്ന തീർഥാടകരുടെ കാഴ്ച ഇസ്‌ലാമിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നു. പുണ്യസ്ഥലങ്ങളിൽ സൗദി ഗവൺമെന്റ് ഒരുക്കിയ സൗകര്യങ്ങളും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും ഹജ് കർമം ഏറെ എളുപ്പമാക്കി. വലിയ മാനവിക സേവനങ്ങളാണ് സുരക്ഷാ സൈനികർ നടത്തുന്നത്. ഇതിന് സുരക്ഷാ ഭടന്മാരോട് നന്ദി പറയുകയാണെന്നും കെയ്‌രി ജീൻ കൂട്ടിച്ചേർത്തു.