ഫലസ്തീൻ അനുകൂല പോസ്റ്റർ ഒട്ടിച്ചതിന് കോഴിക്കോട്ട് ആറു വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്

കോഴിക്കോട് - ഇസ്രായിൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ഫലസ്തീൻ അനുകൂല പോസ്റ്ററൊട്ടിച്ചതിന് കോഴിക്കോട്ട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ പോസ്റ്ററൊട്ടിച്ചതിന് ഫാറൂഖ് കോളജിലെ ഫ്രട്ടേണിറ്റി പ്രവർത്തകരായ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. 
 കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളജ് യൂനിറ്റ് പ്രസിഡന്റ് വസീം മൻസൂർ, സെക്രട്ടറി ഫാത്തിമ മെഹറിൻ, സഹഭാരവാഹികളായ ഹാതിം യാസിർ, അമീന ഫിറോസ്, നദ്‌വ റഹ്മാൻ, റഫ മറിയം എന്നിവർക്കെതിരെ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. 
 സ്റ്റാർ ബക്‌സിനുള്ളിൽ പോസ്റ്റർ ഒട്ടിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ഉദ്ദേശ്യമെന്ന് പറയുന്നു. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പോലീസ് കേസെടുത്തതെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. കോളജ് ഫ്രട്ടേണിറ്റി പ്രസിഡന്റും സെക്രട്ടറിയും ഇപ്പോഴും പോലീസ് പിടിയിലാണെന്നും പുറത്തുവിട്ടിട്ടില്ലെന്നും വനിതാ പ്രവർത്തകർ പ്രതികരിച്ചു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെ ചോരയിൽ മുക്കി കൊല്ലുന്ന ഇസ്രായേലിന്റെ കൂട്ട മനുഷ്യക്കുരുതിക്കെതിരേ ജനങ്ങളെ ബോധവത്കരിക്കുന്നതിനെ പോലീസ് എന്തിനാണിത്ര ഭയക്കുന്നതെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി വേട്ടയാടുകയാണെന്നും ഫ്രട്ടേണിറ്റി പ്രവർത്തകർ വ്യക്തമാക്കി.

Latest News