കൊച്ചി - കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതിചേര്‍ത്ത് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നവംബര്‍ 25ന് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ 'ധിഷ്ണ 2023' ടെക് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിലാണ് മൂന്ന് പേരെ പ്രതി ചേര്‍ത്തത്. ടെക്‌ഫെസ്റ്റിന്റെ ചുമതലക്കാരായിരുന്നു പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ആയിരുന്ന ദീപക് കുമാര്‍ സാഹു ആണ് കേസിലെ ഒന്നാം പ്രതി. ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരാണ് മറ്റു പ്രതികള്‍. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ടെക്‌ഫെസ്റ്റിന്റെ ഭാഗമായുള്ള സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കും തിരക്കുമുണ്ടായത്. അതേസമയം, പരിപാടിക്ക് പോലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉള്‍പ്പെടെ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.