Sorry, you need to enable JavaScript to visit this website.

കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് കസ്റ്റഡിയിലെടുത്ത  യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്ര കടന്നുവരുന്ന വഴിയില്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ പോലീസ് കസ്റ്റിഡില്‍ എടുത്ത യുവതി ഹര്‍ജിയുമായി ഹൈക്കോടതിയില്‍. തന്നെ ഏഴു മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പോലിസ് അന്യായമായി തടവില്‍വെച്ചെന്നും ഇതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുമാണ് കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശി എല്‍ അര്‍ച്ചന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് മാറ്റി. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. മുഖ്യമന്ത്രിയും സംഘവും കടന്നു പോകുന്നതു കാണാന്‍ രണ്ടാലുംമൂട് ജങ്ഷനില്‍ ഭര്‍തൃമാതാവ് ടി. അംബികാദേവിക്കൊപ്പമെത്തിയതായിരുന്നു അര്‍ച്ചന. ഭര്‍ത്താവ് ബി.ജെ.പി. പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന ധാരണയെത്തുടര്‍ന്നു പോലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തു.
രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹര്‍ജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പോലീസ് കേട്ടില്ല. ഭര്‍ത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റു ചെയ്യാനാവുമെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
ഒപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. അമ്മ കേസില്‍ പ്രതിയാണെന്നു പറഞ്ഞു കുട്ടികളെ സ്‌കൂളില്‍ കളിയാക്കുന്നുവെന്നും അര്‍ച്ചന പറഞ്ഞു. ഈ സാഹചര്യത്തിലാണു നീതി തേടി ഹൈക്കോടതിയില്‍ എത്തിയത്.
കുട്ടികളെ വിളിക്കാന്‍ പോയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസികമായി താന്‍ ഏറെ വിഷമിച്ചു. നീതിക്കായാണ് ഹൈകോടതിയെ സമീപിച്ചതെന്നും അര്‍ച്ചന പറഞ്ഞു.

Latest News