തലശേരി- വ്യക്തിപൂജയുടെയും വാഴ്ത്തുപാട്ടിന്റെയും വിവാദച്ചുഴിയിലേക്ക് വീണ്ടും സി.പി.എം. നവകേരളസദസ്സ് വേദികളില്‍ മന്ത്രിമാര്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായി പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയെ വാഴ്ത്തി 'കേരള സി.എം.' എന്ന പേരില്‍ യുട്യൂബില്‍ പിറന്ന പുതിയ ഗാനമാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയും ട്രോളുമാവുന്നത്.
പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്ന ഗാനമാണ് വിവാദത്തിന് ചൂടുപകരുന്നത്. തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങള്‍.
സാമൂഹികമാധ്യമങ്ങളില്‍ പാട്ട് ചര്‍ച്ചയും വിവാദവുമായെങ്കിലും നേതാക്കള്‍ കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യുട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തുവന്നത്.
വ്യക്തിപൂജ പാര്‍ട്ടിരീതിയല്ല, ആരും പാര്‍ട്ടിക്ക് മുകളിലുമല്ല, പാര്‍ട്ടിയാണ് വലുത്, ഏതെങ്കിലും വ്യക്തിയെ അതിനുമുകളില്‍ പ്രതിഷ്ഠിക്കാനാവില്ല എന്നൊക്കെയാണ് പാര്‍ട്ടിവേദികളില്‍ നേതാക്കള്‍ പറഞ്ഞിരുന്നത്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദന്റെ കട്ട്ഔട്ടുകള്‍ നാടാകെ നിറഞ്ഞപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഈ വാദങ്ങള്‍ നിരത്തിയിരുന്നു.
ദൈവം കേരളത്തിന് നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് നവകേരള സദസ്സിന്റെ വര്‍ക്കലയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കുകത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ പ്രാകുകയാണെന്നും കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്‍ കുമരകത്ത് പറഞ്ഞത്.
എതിരാളികള്‍ക്ക് അടുത്തെത്താന്‍ പറ്റാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അടുത്താല്‍ സൂര്യസാമീപ്യമെന്നപോലെ കരിഞ്ഞുപോകുമെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന.
2022-ല്‍ സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പാറശാല ഏരിയാകമ്മിറ്റി പിണറായി വിജയനെ സ്തുതിച്ച് അവതരിപ്പിച്ച മെഗാതിരുവാതിരയും വിവാദമായിരുന്നു.
കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും സാമൂഹികമാധ്യമപ്രചാരണങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇടപെട്ടിരുന്നു. ജയരാജന് പാര്‍ട്ടിയുടെ ശാസനയും ഏറ്റുവാങ്ങേണ്ടിവന്നു.