Sorry, you need to enable JavaScript to visit this website.

കേരളീയത്തില്‍ നടി ശോഭനയുടെ  നൃത്തത്തിന് ചെലവ് ഏട്ട് ലക്ഷം 

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള കലാപരിപാടികളുടെ ചെലവ് പുറത്ത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് 1.55 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനെന്ന അവകാശത്തോടെയാണ് സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ നടന്ന സെന്‍ട്രല്‍ സ്റ്റേഡയത്തിലെ വേദിയില്‍ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. അതേസമയം, കേരളീയം കഴിഞ്ഞ് രണ്ട് മാസമായിട്ടും സ്പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കേരളീയത്തിന്റെ ആദ്യ ദിനം നടി ശോഭനയുടെ നൃത്തം അവതരിപ്പിച്ചിരുന്നു. ഏട്ട് ലക്ഷം രൂപയാണ് ഇതിന് വേണ്ടി നല്‍കിയത്. രണ്ടാം ദിവസം ജിഎസ് പ്രദീപും മുകേഷ് എംഎല്‍എയും ചേര്‍ന്ന് സംഘടിപ്പിച്ച സ്പെഷ്യല്‍ ഷോയ്ക്ക് 8,30,000 രൂപയാണ് ചെലവായതായി കണക്കില്‍ കാണുന്നത്. മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ നടന്ന ഷോയ്ക്ക് 40,5000 രൂപയും കെഎസ് ചിത്രയുടെ ഗാനമേളയ്ക്ക് 2,05,0000 രൂപയുമാണ് നല്‍കിയത്. കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷന്‍ ഷോയ്ക്ക് 3,80,000 രൂപയും ചെലവായി.
സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 11,9000 രൂപയും സമാപന ദിവസം നടന്ന പ്രത്യേക ഷോയ്ക്ക് 9,90,000 രൂപയുമാണ് നല്‍കിയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഴ് പരിപാടിയുടെ കണക്ക് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. പരിപാടിക്കായുള്ള തുക കണ്ടെത്താന്‍ സ്പോണ്‍സര്‍മാര്‍രെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
 

Latest News