- നിരന്തരം വ്യാജവാർത്ത ചമയ്ക്കുന്ന ലേഖകനെ പിരിച്ചുവിടണം
കോഴിക്കോട് - സ്തുതിപാഠകർക്കിടയിൽ പെട്ടുപോയ എല്ലാ ഭരണാധികാരികൾക്കും ചരിത്രത്തിൽ ദുരന്തമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി മറക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാവിനെതിരെ ദേശാഭിമാനി വ്യാജരേഖ ചമച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും പത്രത്തിനും ലേഖകനുമെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിക്കാർ പോലീസിനെ അപമാനിക്കുന്നത് കാണുമ്പോൾ മുഖ്യമന്ത്രിക്ക് നാണമാകില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ.എസ്.യു നേതാവ് അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ദേശാഭിമാനിയും സി.പി.എം, എസ്.എഫ്.ഐ നേതാക്കളും ഉയർത്തിയ ആരോപണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റെന്ന നിലയിൽ അൻസിലിന്റെ പേരിൽ വ്യാജരേഖ ചമച്ചെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. വ്യാജരേഖ ചമച്ച ദേശാഭിമാനിയിലെ ലേഖകൻ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ വ്യാജവാർത്തകൾ നിരന്തരമായി നൽകുന്ന ആളാണ്. ദേശാഭിമാനിയുടെയും സി.പി.എം നേതൃത്വത്തിന്റെയും അറിവോടെയാണ് വ്യാജരേഖ ചമച്ചത്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.യു പ്രവർത്തനത്തിനിടെ ജോലിക്ക് പോയ അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് വരുത്തിത്തീർത്ത് കേസിൽ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നത്. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കൾ പരീക്ഷ എഴുതാതെ പാസായെന്നും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ചമച്ചെന്നും ആരോപണം വന്നപ്പോൾ കെ.എസ്.യുവും ഇതുപോലെയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നത്. ആരോപണം തെറ്റാണെന്ന് ഞാൻ പറഞ്ഞതിന്റെ പിറ്റേന്ന് അൻസിൽ ജലീലിനെ സംരക്ഷിക്കുകയാണെന്ന രീതിയിലുള്ള വാർത്ത വന്നു. അൻസിലിനുണ്ടായ അപകീർത്തിക്ക് ദേശാഭിമാനിയും സി.പി.എമ്മും നഷ്ടപരിഹാരം നൽകണം. നിരന്തരമായി വ്യാജവാർത്ത ചമയ്ക്കുന്ന ലേഖകനെ പിരിച്ചുവിടുകയാണ് ദേശാഭിമാനി ചെയ്യേണ്ടത്. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി ദേശാഭിമാനിയിൽ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘത്തിന്റെ തലപ്പത്തുള്ള ഈ ലേഖകനാണ് അൻസിലിനെതിരെ വ്യാജരേഖയുണ്ടാക്കി കേസിൽ പ്രതിയാക്കാൻ ശ്രമിച്ചത്. വ്യാജ വാർത്തയാണെന്നാണ് പോലീസ് റിപ്പോർട്ടിലുമുള്ളത്. ക്രൂരമായ വേട്ടയാടലാണ് ഒരു വിദ്യാർത്ഥിക്കെതിരെ നടന്നതെന്ന് മനസ്സിലാക്കി നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിക്കുള്ള എല്ലാ സഹായവും കോൺഗ്രസ് അൻസിൽ ജലീലിന് നൽകും.
സ്തുതിപാഠകവൃന്ദത്തിന് ഇടയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സൂര്യനാണ്, കഴുകനാണ്, കാരണഭൂതനാണ്, കുന്തമാണ്, കുടച്ചക്രമാണ്, ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ മന്ത്രിമാർ തന്നെ പറയുകയാണ്. ഇതൊക്കെ കേട്ട് മയങ്ങി ഇരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയിരിക്കുന്നു. സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ഭരണാധികാരികൾക്കും സംഭവിച്ചതാണ് പിണറായി വിജയനും സംഭവിച്ചിരിക്കുന്നത്. പി. ജയരാജന് വേണ്ടി പാട്ട് ഇറക്കിയപ്പോൾ വ്യക്തിപൂജയാണെന്ന് പറഞ്ഞ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോൾ മുഖ്യമന്ത്രി സൂര്യനാണെന്നും അടുത്തേക്ക് പോയാൽ കരിഞ്ഞു പോകുമെന്നും പറയുന്നത്. കരിഞ്ഞു പോയില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാർ അയച്ച് 51 വെട്ടുവെട്ടി കരിയിച്ചു കളയും. ഒരാൾ സൂര്യനാണെന്ന് പറയുമ്പോഴാണ് മറ്റൊരാൾ കഴുകനാണെന്നും മറ്റൊരാൾ കാരണഭൂതനാണെന്നും വേറൊരാൾ ദൈവത്തിന്റെ വരദാനമാണെന്നും പറയുന്നത്. ശരിക്കും ആരാണ് പിണറായി വിജയൻ? അയാൾ ആരായാലും കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും പൂട്ടാറായി, ആശുപത്രികളിൽ മരുന്നില്ല, സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങി, ജീവനക്കാർക്കും കരാറുകാർക്കും കോടികളാണ് കുടിശിക നൽകാനുള്ളത്, പട്ടികജാതിക്കാർക്ക് മൂന്ന് കൊല്ലമായി ആനുകൂല്യങ്ങളില്ല, ലൈഫ് മിഷൻ സ്തംഭിച്ചു, വികസന പരിപാടികളും നിലച്ചു. ഇതൊക്കെയാണ് നാട്ടിലെ സാഹചര്യമെന്നിരിക്കെയാണ് സ്തുതിപാഠക സംഘം ഇറങ്ങി മുഖ്യമന്ത്രി പുതിയ അവതാരമാണെന്ന് വരുത്തിത്തീർക്കുന്ന ദയനീയ സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. സി.പി.എമ്മിന്റെ ജീർണത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പിണറായിയെ സ്തുതിച്ചുള്ള വീഡിയോ. ഇതു തന്നെയാണ് മോഡിക്ക് വേണ്ടി ബി.ജെ.പിയും ചെയ്യുന്നത്. ഇത് കേട്ട് കേരളത്തിലെ ജനം ചിരിക്കുമെന്ന് മനസിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവരായി സി.പി.എം നേതൃത്വം അധപതിച്ചു.
എല്ലാ നേതാക്കളും ഒന്നിച്ച് ആലോചിച്ചാണ് കോൺഗ്രസും യു.ഡി.എഫും സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും ജനകീയ വിചാരണ സദസുകൾ നടക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന ജാഥയും തീരുമാനിച്ചിട്ടുണ്ട്. ജാഥയുടെ മുന്നൊരുക്കം നടത്തുന്നതിനുള്ള പരിപാടി ഈ മാസം എട്ട് മുതൽ ആരംഭിക്കും. എ.ഐ.സി.സി നിർദ്ദേശ പ്രകാരമുള്ള പരിപാടികളും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ യു.ഡി.എഫ് യോഗങ്ങൾ നടന്നൊരു കാലമാണിത്. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാറുണ്ട്. ആറ് മാസത്തിനിടെ രണ്ട് തവണ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. സർക്കാരിനെതിരായ സമരം ഇപ്പോഴും തുടരുകയാണ്. വണ്ടിപ്പെരിയാറിൽ മകളെ മാപ്പ് എന്ന പേരിൽ നാളെ പരിപാടി നടക്കും. നിരവധി പേരാണ് ഇപ്പോഴും ജയിലിൽ കഴിയുന്നത്. യു.ഡി.എഫിന്റെ സംഘടനകളെല്ലാം സമരത്തിലാണ്. ഇത്രയും സമരം നടന്നൊരു കാലഘട്ടം ഉണ്ടായിട്ടില്ല.
സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ രോഗികൾ വലയുകയാണ്. 75 ശതമാനം മരുന്നുകളുമില്ല. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആശുപത്രികളുടെ ഇന്റന്റുകൾ അനുസരിച്ചുള്ള മരുന്നുകൾ വിതരണം ചെയ്യുന്നില്ല. കോടികൾ കുടിശികയുള്ളതു കൊണ്ട് കമ്പനികൾ മെഡിക്കൽ സർവീസസ് കോർപറേഷന് മരുന്നുകൾ വിതരണം ചെയ്യുന്നില്ല. ഒരു ബാച്ച് മരുന്ന് മാത്രം ലഭ്യമാകുന്നതു കൊണ്ട് ഗുണനിലവാര പരിശോധനയും സംസ്ഥാനത്ത് നടക്കുന്നില്ല. കോവിഡ് കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സർക്കാരാണിത്. എല്ലായിടത്തും മരുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. സപ്ലൈകോയ്ക്ക് സംഭവിച്ചതു തന്നെയാണ് മെഡിക്കൽ സർവീസസ് കോർപറേഷനിലും സംഭവിക്കുന്നത്. മരുന്ന് വിതരണം സ്തംഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധിക്കുന്നില്ല.
സ്വകാര്യ ആശുപത്രികൾ കാരുണ്യ ഇൻഷൂറൻസ് കാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. കോടികളാണ് ആശുപത്രികൾക്കുള്ള കുടിശിക. സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള മെഡിസെപ് തകർന്നു. കേരളം കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവള പത്രങ്ങളിലും അപകടകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കേരളീയത്തിനും നവകരള സദസിനും പണം പരിച്ചത് ഉദ്യോഗസ്ഥരാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. ഇതിനൊക്കെ എതിരെയാണ് യു.ഡി.എഫും കോൺഗ്രസും സമരം ചെയ്യുന്നത്.
പ്രതിപക്ഷ നേതാവിന്റെ നഗരസഭ വരെ നവകേരള സദസിന് പണം നൽകിയെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മന്ത്രിയുടെ ഓഫീസിൽ നിന്നും സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് പണം കൊടുപ്പിച്ചത്. നവകേരള സദസിന്റെ സംഘാടകസമതി കൈപ്പറ്റിയ ഒരു ലക്ഷം രൂപയും അവർ തന്നെ നഗരസഭയിൽ തിരിച്ചടച്ചെന്ന് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കാണുമ്പോൾ പറയണം.
പോയ് കക്കൂസ് കഴുകെടാ എന്ന് പോലീസിനോട് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ മറ്റൊരു ഉദ്യോഗസ്ഥൻ ലാളിച്ചാണ് വണ്ടിയിൽ കയറ്റിയത്. കണ്ണൂരിൽ എം.എൽ.എ പോലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പോലീസിന്റെ പിടിപ്പുകേടാണ് അക്രമത്തിന് കാരണമെന്ന് കല്യാശേരി ഏരിയാ സെക്രട്ടറി പറഞ്ഞു. എം.വി. ജയരാജനും നിരന്തരമായി പോലീസിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും പാർട്ടി നേതാക്കൾ പോലീസുമായി സംഘർഷത്തിലാണ്. സ്വന്തം പാർട്ടിക്കാർ പോലീസിനെ അപമാനിക്കുമ്പോൾ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എവിടെ പോയിരിക്കുകയാണെന്ന് സതീശൻ ചോദിച്ചു.