കോഴിക്കോട് - രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കുന്നതാണ് രാഷ്ട്രീയ വിവേകമെന്നും അത് കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കാലിക്കറ്റ് പ്രസ്‌ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ഫിറോസ് ഖാൻ അധ്യക്ഷനായി.
ബി.ജെ.പിക്കെതിരായ ഇന്ത്യാ സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ ഉത്തരേന്ത്യയിലാണ് ജനവിധി തേടേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഇന്ത്യാ മുന്നണിക്ക് ഇളകാത്ത 20 എം.പിമാരെ കേരളത്തിന് നൽകാൻ കഴിയും. തൂക്ക് സഭ ഉണ്ടാവുകയാണെങ്കിൽ ബി.ജെ.പി ഏത് തരത്തിലും നീങ്ങും. അത്തരം പിടിയിൽ വീഴാത്തവർ ഇടതുപക്ഷ അംഗങ്ങൾ മാത്രമേയുള്ളൂ.
ബാബരി പള്ളി തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്ര ചടങ്ങിൽ സംബന്ധിക്കുന്നതിനെ കുറിച്ച് കോൺഗ്രസിൽ മറ്റൊരാലോചന ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇനിയൊരു തവണ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ ഭരണഘടനാമൂല്യങ്ങൾ ആകെ അട്ടിമറിക്കപ്പെടും. ഇപ്പോൾ തന്നെ പ്രതിപക്ഷമില്ലാത്ത പാർലമെന്റാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
ഈച്ച പോലും കടക്കാത്തത്ര സുരക്ഷയുള്ളത് എന്ന് വീമ്പു പറഞ്ഞ പാർലിമെന്റിലേക്ക് കടന്നുകയറാനായെങ്കിൽ ഗുരുതരമായ വീഴ്ചയാണ് സുരക്ഷാ കാര്യത്തിൽ ഉണ്ടായത്. സഭക്കകത്ത് പുക പടർത്താനായി. ഇത് വിഷപ്പുകയാണെങ്കിലോ? ഈ അക്രമികൾക്ക് സഭയിൽ കടക്കാൻ സൗകര്യം ചെയ്തു കൊടുത്തത് പ്രതിപക്ഷ എം.പിമാരോ മുസ്‌ലിം പേരുകാരനോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഈ വീഴ്ചയെ പറ്റി പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട എം.പിമാരെ മുഴുവൻ പുറത്താക്കുകയാണുണ്ടായത്. ഇനിയും അത്തരം ആവശ്യങ്ങൾ ഉന്നയിക്കുക തന്നെ ചെയ്യും.
നരേന്ദ്ര മോഡി തൃശൂരിൽ വന്ന് നൽകിയ ഗ്യാരണ്ടികളിൽ ഒന്നു പോലും നടപ്പാക്കാനല്ല. നേരത്തെ നൽകിയ ഗ്യാരണ്ടികളിൽ ഏത് നടപ്പായെന്ന് പറയട്ടെ. രണ്ട് കോടി തൊഴിൽ ഉണ്ടാക്കുമെന്നും ഓരോ പൗരന്റെയും കീശയിൽ ഒന്നര ലക്ഷം നിക്ഷേപിക്കുമെന്നുമെല്ലാം ഗ്യാരണ്ടി പറഞ്ഞിരുന്നു. കൊക്കിന് പരന്ന പാത്രത്തിൽ പാൽ വിളമ്പിയ കുറുക്കന്റെ തന്ത്രമാണ് വനിതാ സംവരണ നിയമത്തിൽ ബി.ജെ.പിയുടേത്.
തൃശൂരെന്നല്ല കേരളത്തിൽ എവിടെയും ബി.ജെ.പി ജയിക്കില്ല. തൃശൂരിൽ ഇത്തവണ എൽ.ഡി.എഫാണ് ജയിക്കുക. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്താണോ മൂന്നാം സ്ഥാനത്താണോ എന്ന് മാത്രം നോക്കിയാൽ മതി. അതിന്റെ അങ്കലാപ്പ് മാത്രമാണ് ടി.എൻ. പ്രതാപന്.
അവസാനം നടന്ന വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഇന്ത്യാ മുന്നണിയുടെ സ്പിരിറ്റ് കാണിക്കാത്തതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം. ഇടതു പാർട്ടികൾ ആവശ്യപ്പെട്ടത് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമാണ്. അതു പോലും നൽകിയില്ല. മധ്യപ്രദേശിൽ എസ്.പിക്കും നൽകാൻ കൂട്ടാക്കിയില്ല.
മാവോയിസ്റ്റുകളെന്നല്ല ആരെയും വെടിവെച്ചു കൊല്ലരുതെന്ന സി.പി.ഐ നയത്തിൽ മാറ്റമില്ല. വാർത്ത റിപ്പോർട്ട് ചെയ്യുന്നവരെയോ കരിങ്കൊടി കാട്ടുന്നവരെയോ അടിച്ചമർത്തുന്ന രീതിയോട് സി.പി.ഐക്ക് യോജിപ്പില്ല. രാമക്ഷേത്രമടക്കം പല വിഷയങ്ങളിലും കോൺഗ്രസിന്റെ നിലപാടുകൾ ലീഗിന് പ്രയാസം ഉണ്ടാക്കുന്നുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവർ മുന്നണി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബിനോയ് പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാഗേഷ് സംസാരിച്ചു.