കോഴിക്കോട് - പ്രവാസികളുടെ സ്വപ്ന പദ്ധതിയായ കേരളത്തെയും ഗൾഫ് നാടുകളെയും ബന്ധിപ്പിക്കുന്ന യാത്രാകപ്പൽ സർവീസ് ബേപ്പൂരിൽനിന്നായിരിക്കുമെന്ന് മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സുലൈമാൻ സേട്ട് സെന്റർ കോഴിക്കോട് ചാപ്റ്ററിന്റെ ആദരവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി സലീം അധ്യക്ഷനായി.
നോർക്കയും മാരിടൈം ബോർഡും ചേർന്ന് നടത്തുന്ന കപ്പൽ സർവീസിന് ജനുവരിയിൽ ടെണ്ടർ ക്ഷണിക്കുമെന്ന് അഹമ്മദ് അറിയിച്ചു.
മന്ത്രി സ്ഥാനം രണ്ടര വർഷമേ ഉണ്ടാകൂ എന്നതിനാൽ അതിനനുസരിച്ച പദ്ധതികളാണ് ഏറ്റെടുത്തത്. വിസിൽ എന്ന സ്ഥാപനവുമായി ചേർന്ന് അദാനി നടത്തുന്ന വിഴിഞ്ഞം പോർട്ട് പണി മുടങ്ങിയിരുന്നു. പാറയുടെ അലഭ്യതയായിരുന്നു ഒരു പ്രശ്നം. തമിഴ്നാട് മന്ത്രിയെ കണ്ട് പാറ കിട്ടിയതോടെയാണ് പണി മുന്നോട്ടു പോയത്. മെയ് മാസത്തോടെ പദ്ധതി പൂർണ നിലയിലാവും. ഇന്ത്യയിലെ ഏറ്റവും വലിയ ഈ തുറമുഖം വഴി വർഷം 2000 കോടിയുടെ ബിസിനസാണ് നടക്കുക അദ്ദേഹം പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉപഹാരങ്ങൾ നൽകി. കാസിം ഇരിക്കൂർ, സഫീർ സഖാഫി, ആർ. ജയന്ത് കുമാർ, ബഷീർ പട്ടേൽതാഴം സംസാരിച്ചു. എംവി റംസി ഇസ്മയിൽ സ്വാഗതം പറഞ്ഞു.