Sorry, you need to enable JavaScript to visit this website.

സമ്പത്തിൽ കൊഴുക്കുന്ന രാഷ്ട്രീയ കക്ഷികൾ

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ സുതാര്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തിൽ രാജ്യത്ത് രൂപീകരിക്കപ്പെട്ട ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് 2022 -23 ൽ രാഷ്ട്രീയ  പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ 70 ശതമാനവും ബി.ജെ.പിയുടെ ഫണ്ടിലേക്കാണ് പോയിട്ടുള്ളത്. അതായത് രജിസ്‌ട്രേഡ് പാർട്ടികൾക്കെല്ലാം കൂടി 2022-23 ൽ ആകെ കിട്ടിയ 366.49 കോടി രൂപയിൽ 259 കോടിയും എത്തിയത് ബി.ജെ.പി അക്കൗണ്ടിലേക്ക്. കോൺഗ്രസിന് കിട്ടിയത് വെറും 50 ലക്ഷം. ബി.ആർ.എസിന് 90 കോടിയും വൈ.എസ്.ആർ കോൺഗ്രസിന് 16 കോടിയും കിട്ടി. എ.എ.പിക്ക് കിട്ടിയത് 90 ലക്ഷം. 

 

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമെന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ചാകരക്കാലമാണ്. അവരുടെ പാർട്ടി ഫണ്ടിലേക്കും പോക്കറ്റിലേക്കും കണക്കില്ലാതെ പണം ഒഴുകിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണത്. സാധാരണക്കാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന് പുറമെ കോർപറേറ്റ് കമ്പനികളിൽ നിന്നും സമ്പന്നരിൽ നിന്നും കണക്കിലുള്ളതും കണക്കിൽ പെടാത്തതുമായ പണം സ്വരൂപിക്കാനുള്ള ഏറ്റവും പറ്റിയ അവസരമാണ് പൊതുതെരഞ്ഞെടുപ്പ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ചില കണക്ക് പുറത്ത് വന്നിരിക്കുന്നത്. 
രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ സുതാര്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തിൽ രാജ്യത്ത് രൂപീകരിക്കപ്പെട്ട ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് 2022 -23 ൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ 70 ശതമാനവും ബി.ജെ.പിയുടെ ഫണ്ടിലേക്കാണ് പോയിട്ടുള്ളത്. അതായത് രജിസ്‌ട്രേഡ് പാർട്ടികൾക്കെല്ലാം കൂടി 2022-23 ൽ ആകെ കിട്ടിയ 366.49 കോടി രൂപയിൽ 259 കോടിയും എത്തിയത് ബി.ജെ.പി അക്കൗണ്ടിലേക്ക്. കോൺഗ്രസിന് കിട്ടിയത് വെറും 50 ലക്ഷം. ബി.ആർ.എസിന് 90 കോടിയും വൈ.എസ്.ആർ കോൺഗ്രസിന് 16 കോടിയും കിട്ടി. എ.എ.പിക്ക് കിട്ടിയത് 90 ലക്ഷം. കോർപറ്റേറ്റ് സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഇലക്ട്രറൽ ട്രസ്റ്റുകൾ പിരിച്ചു നൽകിയതാണ് ഈ പണം. അതിൽ തന്നെ സംഭാവനയുടെ 99 ശതമാനവും നൽകിയത് ഒരു ട്രസ്റ്റാണ്. നരേന്ദ്ര മോഡിയും ബി.ജെ.പിയും രാജ്യത്തെ കോർപറേറ്റുകൾക്കും സമ്പന്നർക്കും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ഇലക്ടറൽ ട്രസ്റ്റുകൾ വഴി കിട്ടിയിട്ടുള്ള സംഭാവനകൾ.


1962 ലെ ആദായ നികുതി ചട്ടങ്ങൾ ഭേദഗതി ചെയ്തു കൊണ്ടാണ് 2013 ൽ ഇലക്ടറൽ ട്രസ്റ്റുകൾ രൂപീകരിക്കാൻ അനുമതി നൽകിയത്. ഇടപാടുകളിലെ സുതാര്യത ലക്ഷ്യമിട്ട് രൂപീകരിച്ച ഇലക്ടറൽ ട്രസ്റ്റുകൾക്ക് പിന്നിൽ പ്രധാനമായും കോർപറേറ്റ് കമ്പനികളാണ്. ഈ ട്രസ്റ്റുകളുടെ കൃത്യമായ വിവരങ്ങൾ പോലും ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഏത് കമ്പനികളാണ് ട്രസ്റ്റുകൾ ഉണ്ടാക്കി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തമല്ല. കോർപറേറ്റുകളിൽ നിന്നും വൻകിട കമ്പനികളിൽ നിന്നും മറ്റും കള്ളപ്പണം രാഷ്ട്രീയ പാർട്ടികളിലേക്ക് ഒഴുകുന്നതടക്കമുള്ള നിയമവിരുദ്ധ  
പണ കൈമാറ്റം തടയുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുന്ന രീതിയിലാണ് ഇലക്ടറൽ ട്രസ്റ്റുകളുടെ പ്രവർത്തങ്ങൾ. ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടികൾക്കു മാത്രമാണ് ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് സംഭാവന സ്വീകരിക്കാനാകുക. ഇതിന് നികുതി നൽകേണ്ടതില്ല.


രാജ്യത്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ അംഗീകാരമുള്ള 18 ഇലക്ടറൽ ട്രസ്റ്റുകൾ നിലവിലുണ്ട്. എന്നാൽ ആരാണ് ഈ ട്രസ്റ്റുകൾ രൂപീകരിച്ചതെന്നോ, എവിടെ നിന്നാണ് ട്രസ്റ്റുകൾ പണം ശേഖരിക്കുന്നതെന്നോ അടക്കമുള്ള കാര്യങ്ങളിൽ വലിയ അവ്യക്തത നിലനിൽക്കുന്നതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ പറയുന്നു. വലിയ കോർപറേറ്റ് താൽപര്യങ്ങളാണ് ഇത്തരം സംഭാവനകൾക്ക് പിന്നിലുള്ളത്. കോർപറേറ്റുകളുടെ ഇഷ്ടക്കാരായ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ട്രസ്റ്റിന്റെ ഗുണം കാര്യമായി ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇത്തരം ഫണ്ടുകളിൽ സിംഹഭാഗവും ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. 2013 ൽ ഇലക്ടറൽ ട്രസ്റ്റുകൾ രൂപീകരിച്ചത് മുതൽ ഇതുവരെ 2635.09 കോടിയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭവന ലഭിച്ചിട്ടുള്ളത്. ഇതിൽ മൂന്നിൽ രണ്ട് ശതമാനത്തിലധികവും കരസ്ഥമാക്കിയത് ബി.ജെ.പി തന്നെ.


ഇലക്ടറൽ ട്രസ്റ്റുകൾ വഴി കിട്ടുന്ന സംഭാവനകൾ കണക്കിൽ പെടുന്നതാണെങ്കിൽ കണക്കിൽ പെടാത്ത കോടികൾ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിലേക്കും നേതാക്കളുടെ പോക്കറ്റിലേക്കും എത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളിലെ വർധന പരിശോധിച്ചാൽ തന്നെ ഓരോ വർഷവും അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമ്പത്തിന്റെ ആഴം വ്യക്തമാകും.
2021-22 ൽ ഇന്ത്യയിലെ എട്ട് ദേശീയ പാർട്ടികൾ വെളിപ്പെടുത്തിയ ആസ്തി 8829.15 കോടിയാണ്. അതിൽ 6046.81 കോടിയുടെ ആസ്തി ബി.ജെ.പിയുടേതാണ്. അതായത് ദേശീയ പാർട്ടികളുടെ ആകെ സ്വത്തിന്റെ 68.47 ശതമാനവും ബി.ജെ.പിയുടെ പക്കലാണുള്ളത്. ഇനി ഇതിലുള്ള വർധന കൂടി നോക്കാം. 2020-21 സാമ്പത്തിക വർഷത്തിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ ആസ്തി 4990.19 കോടിയാണ്. ഇത് 2021-22 വർഷത്തിലെത്തിയപ്പോൾ 21.17 ശതമാനമാണ് വർധിച്ചത്. മറുവശത്ത്, 2020-21 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന്റെ പ്രഖ്യാപിത ആസ്തി 691.11 കോടിയായിരുന്നു. ഇത് 2021-22 കാലയളവിൽ 16.58 ശതമാനം വർധിച്ച് 805.68 കോടിയായി. സ്വത്ത് വർധനയുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും മാത്രമല്ല, ബി.എസ്.പി ഒഴികെയുള്ള പാർട്ടികളെല്ലാം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 


തൃണമൂൽ കോൺഗ്രസിന്റെ മൊത്തം ആസ്തി 2020-21 ൽ 182.01 കോടിയിൽ നിന്ന് 151.70 ശതമാനം വർധിച്ച് 2021-22 ൽ 458.10 കോടിയായി ഉയർന്നു. എൻ.സി.പിയുടെ ആസ്തി 2021-22 ലെ 30.93 കോടിയിൽ നിന്ന് 74.54 കോടിയായി വർധിച്ചു. സി.പി.എമ്മിന്റെ 654.79 കോടിയുടെ ആസ്തി 2021-22ൽ 735.77 കോടിയായി ഉയർന്നിട്ടുണ്ട്. സി.പി.ഐയുടെ ആസ്തി 2020-21 ൽ 14.05 കോടിയിൽ നിന്ന് 2021-22 ൽ 15.72 കോടിയായി ഉയർന്നു. ഇതെല്ലാം വെളിപ്പെടുത്തിയ സ്വത്തുക്കളുടെ കണക്കാണെന്ന് ഓർക്കണം. ഇതിന്റെ എത്രയോ ഇരട്ടി വെളിപ്പെടുത്താത്ത സ്വത്തുക്കൾ രാഷ്ട്രീയ പാർട്ടികൾക്കുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. 
സമ്പത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തടിച്ചു കൊഴുക്കുമ്പോൾ രാജ്യത്തെ ജനങ്ങളുടെ ഗതി കൂടി ഒന്ന് മനസ്സിലാക്കാം. ആഗോള വിശപ്പ് സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111 ാം സ്ഥാനത്താണ് ഇന്ത്യ. ഗുരുതര സാഹചര്യം നേരിടുന്ന വിഭാഗത്തിലാണ് ഇന്ത്യയെ വിശപ്പ് സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും വിശപ്പ് സൂചികയിൽ ഭേദപ്പെട്ട സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇന്ത്യ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം കൂടിവരികയും നിത്യച്ചെലവിന് പോലും വകയില്ലാതെ വലിയ വിഭാഗം ജനങ്ങൾ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയും ചെയ്യുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ സമ്പത്ത് കുന്നുകൂടുകയാണ്.
 

Latest News