1883 മുതലാണ് കുറേശ്ശെയായി ജൂതരുടെ ആലിയകൾ (സെറ്റൽമെന്റുകൾ) ഫലസ്തീനിൽ രൂപപ്പെടാൻ തുടങ്ങിയത്. എന്നാൽ ബാൽഫർ പ്രഖ്യാപന കാലത്ത് യഹൂദ ജനസംഖ്യ 9 ശതമാനം മാത്രമായിരുന്നു. ക്രിസ്ത്യാനികൾ 14 ഉം മുസ്‌ലിംകൾ 75 ശതമാനവുമായിരുന്നു. ബാൽഫർ മുതൽ സയണിസം ഉണർന്ന് പണിയെടുക്കാൻ തുടങ്ങി. പല സന്നദ്ധ സംഘങ്ങളും (എൻ.ജി.ഒ) ഇതിനായി രൂപീകരിച്ചു. 1930 കളിലെത്തുമ്പോൾ ജൂത ജനസംഖ്യ 20 ശതമാനത്തിനടുത്തെത്തി. അതോടുകൂടി അറബ് ജൂത സംഘർഷം പതിവാകുകയും ചെയ്തു. 1936 ൽ അറബ് പ്രക്ഷോഭമായി വികസിച്ച സംഘർഷത്തിൽ പിന്നീടിതുവരെ സമാധാനം ഉണ്ടായിട്ടില്ല.
ആധുനിക രാഷ്ട്ര സങ്കൽപത്തിൽ ഉടലെടുത്തവയാണ് നിലവിലുള്ള എല്ലാ രാജ്യങ്ങളും. 193 രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളാകുമ്പോൾ ഫലസ്തീനും വത്തിക്കാൻ സിറ്റിയും അർധ രാജ്യങ്ങളാണ്. അവയ്ക്ക് സഭയിൽ അംഗത്വമില്ല, നിരീക്ഷണ പദവി മാത്രമാണുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മിക്ക രാഷ്ട്രങ്ങളും പടിഞ്ഞാറൻ അധിനിവേശത്തിൽനിന്നും സ്വതന്ത്രരായത്. ഇന്നത്തെ രാജ്യങ്ങളിൽ 94 എണ്ണവും (48%) 1600 നും 2000 നുമിടക്ക് ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ഒരിക്കലെങ്കിലും പാരതന്ത്ര്യം അനുഭവിച്ചവയായിരുന്നു. അതിൽ കോളനികളുണ്ട്, പുത്രികാ പദവിയിലുള്ള രാജ്യങ്ങളുണ്ട്, ബ്രിട്ടന് ഭരണക്രമം കൊണ്ടുനടക്കാൻ മാത്രം അനുമതിയുള്ള കൽപിത രാജ്യങ്ങളുണ്ട്, ചില നേട്ടങ്ങൾക്കു വേണ്ടി ബ്രിട്ടൻ സംരക്ഷണമേറ്റെടുത്ത രാജ്യങ്ങളുണ്ട്, സുരക്ഷിതത്വം മാത്രം ഏറ്റെടുത്ത രാജ്യങ്ങളുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിൽ ജർമൻ പക്ഷത്ത് നിലയുറപ്പിച്ച ഒട്ടോമൻ തുർക്കിയെ ചതിയിലൂടെ തകർത്തെറിഞ്ഞ് തുർക്കിയുടെ നേരിട്ടുള്ള അധീനതയിലുണ്ടായിരുന്ന അറേബ്യൻ പെനിൻസുല ബ്രിട്ടനും ഫ്രാൻസിനുമിടയിൽ വീതംവെച്ചു. ചരിത്രത്തിൽ ഒരിക്കൽ പോലും ആ പ്രദേശം അനുഭവിച്ചിട്ടില്ലാത്ത വിധമുള്ള വിഭജനമാണ് ബ്രിട്ടന്റെ നേതൃത്വത്തിൽ നടത്തിയത്. അറബ് ദേശീയതക്ക് വേണ്ടിയുള്ള മാൻഡേറ്റാണ് ഹിജാസ്, സിറിയ, ഫലസ്തീൻ, ലെബനോൻ, ഇറാഖ് മുതലായ പ്രദേശങ്ങളിൽനിന്നുള്ള യുവാക്കളും ജനതയും ബ്രിട്ടന്റെയൊപ്പം തുർക്കി സാമ്രാജ്യത്തിനെതിരെ അവർ കീറിമുറിച്ച് നശിപ്പിച്ചത് നിലയുറപ്പിക്കാൻ കാരണമായത്. എന്നാൽ എല്ലാ അറബ് പ്രദേശങ്ങളും ചേർന്നുള്ള ഒരു ഏകീകൃത രാഷ്ട്രത്തിന് പകരം ചെറിയൊരു കഷ്ണം (ജോർദാൻ) മാത്രമാണ് മക്ക ശരീഫായിരുന്ന ഹുസൈൻ ബിൻ അലിക്ക് നൽകിയത്. ഫലസ്തീൻ, തെക്കൻ ഇറാഖ്, മെഡിറ്ററേനിയൻ തീരത്തുള്ള ഹൈഫ, ഏക്ര പോർട്ടുകൾ എന്നിവ ബ്രിട്ടൻ കൈവശം വെച്ചു. സിറിയ, ലെബനോൻ, കുർദ് പ്രവിശ്യ, തെക്കൻ തുർക്കിസ്ഥാൻ മുതലായവ ഫ്രഞ്ച് അധീനതയിൽ വന്നു. മക്മഹോൻ കരാർ പാലിച്ചില്ല. അറബ് ഖിലാഫത്ത് വെറുമൊരു സ്വപ്നം മാത്രമായി.
ജൂലൈ 1915 നും മാർച്ച് 1916 നുമിടയിൽ ബ്രിട്ടന്റെ ഈജിപ്ത് ഹൈക്കമ്മീഷണർ ലെഫ്റ്റനന്റ് കേണൽ ഹെൻട്രി മക്മഹോനും മക്ക രാജ്യത്തിന്റെ ഒട്ടോമൻ പ്രതിനിധിയായ ഹുസൈൻ അലിയും ബ്രിട്ടന്റെ അറിവോടും അനുമതിയോടും കൂടി നടത്തിയ പത്ത് കത്തിടപാടുകളുടെയും കരാറിന്റെയും (ഹുസൈൻ -മക്മഹോൻ കരാർ) പശ്ചാത്തലത്തിലാണ് ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ 1916 ലെ അറബ് പ്രക്ഷോഭ പരമ്പര അരങ്ങേറിയത്. തൽഫലമായി മേഖലയിൽനിന്ന് തുർക്കിയെയും കേന്ദ്രീയ ശക്തികളെയും കെട്ടുകെട്ടിക്കാൻ ബ്രിട്ടനും സഖ്യ ശക്തിക്കും സാധിച്ചു. 1917 ൽ ഫലസ്തീൻ, ഇറാഖ്, സിറിയ പ്രദേശങ്ങളൊക്കെ സഖ്യ ശക്തികൾ പിടിച്ചെടുത്തു. എന്നാൽ നവംബർ 18 ന് യുദ്ധമവസാനിച്ചപ്പോൾ മക്മഹോൻ കരാർ ബ്രിട്ടൻ ലംഘിച്ചു. മാത്രമല്ല, ഫലസ്തീൻ രാജ്യത്ത് സയണിസത്തിന് ഒരു ദേശം നൽകാമെന്ന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആർതർ ജെയിംസ് ബാൽഫർ പ്രമുഖ ബ്രിട്ടീഷ് സയണിസ്റ്റ് നേതാവും വ്യവസായിയുമായ ബാരൺ റോത്ഷീൽഡിന് ഔദ്യോഗികമായിത്തന്നെ എഴുതിക്കൊടുത്തു (1917 നവംബർ രണ്ടിന്). വെറും 63 വാക്കുകളുള്ള ആ ഒരു കത്താണ് പിന്നീട് ജൂത രാഷ്ട്രമായ ഇസ്രായിൽ രൂപീകരിക്കപ്പെടാൻ കാരണമായ ബാൽഫർ പ്രഖ്യാപനം.
അറബ് ദേശീയ പ്രക്ഷോഭത്തിന്റെ മുഖ്യ കേന്ദ്രങ്ങളായിരുന്നു ഫലസ്തീനും ഇറാഖുമൊക്കെ. ലോറൻസ് ഓഫ് അറേബ്യ എന്ന ടി.എസ്. ലോറൻസിന്റെ പ്രേരണയാൽ ഹുസൈൻ അലിയുടെ മകനായ ഫൈസൽ രാജകുമാരനും പ്രാദേശിക പ്രക്ഷോഭകാരികളും ചേർന്ന് ചെറിയ ചെറിയ സംഘങ്ങൾ കെട്ടിപ്പടുത്ത് രണ്ട് വർഷം നീണ്ടുനിന്ന അറബ് ദേശീയ വിപ്ലവമെന്ന പോരാട്ടമാണ് തുർക്കി ഖിലാഫത്തിന്റെ പതനത്തിന് വഴിവെച്ചത്. എന്നാൽ ലോറൻസും മക്‌മോഹനും പ്രധാനമന്ത്രി ഡേവിഡ് ലോയിഡും വിദേശകാര്യ സെക്രട്ടറി ബാൽഫറും ബ്രിട്ടന്റെ സഖ്യരാജ്യങ്ങളായ ഫ്രാൻസും ഇറ്റലിയും പിന്നീട് ഈ സഖ്യത്തിലേക്ക് കടന്നുവന്ന അമേരിക്കയും ചേർന്ന് അറബ് ദേശീയതയെയും ഹാഷിമൈറ്റ് പ്രതീക്ഷകളെയും നിഷ്‌കരുണം തള്ളി. അവർ തന്നെ ചേർന്നുണ്ടാക്കിയ ലീഗ് ഓഫ് നാഷൻസ് നീതിപൂർവം ഇടപെട്ടതുമില്ല.
യുദ്ധത്തിനിടക്ക് പല രഹസ്യ കരാറുകളും ബ്രിട്ടൻ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഫ്രാൻസും ബ്രിട്ടനും തമ്മിൽ സൈകസ്പികോട്ട് കരാർ, ഫൈസൽ രാജകുമാരനുമായി ദമാസ്‌കസ് പെരുമാറ്റച്ചട്ടം, ഇറ്റലിയുമായുണ്ടാക്കിയ ലണ്ടൻ ഉടമ്പടി, കിംഗ് അബ്ദുൽ അസീസുമായുണ്ടാക്കിയ ദരിയാ ഉടമ്പടി, റഷ്യയുമായുള്ള ട്രിപ്പിൾ എന്റന്റെ കരാർ മുതലായവയിലൊന്നും കടന്നുവരാത്ത ഒന്നായിരുന്നു ഇസ്രായിൽ രാഷ്ട്ര രൂപീകരണം.
ബ്രിട്ടനെ ഈ രഹസ്യ അജണ്ടയിലേക്ക് നയിച്ച പല കാരണങ്ങളുമുണ്ട്. ഇന്ത്യയായിരുന്നു അവരുടെ പ്രധാന വരുമാന മാർഗം. ഇന്ത്യയിൽനിന്നുള്ള കപ്പലുകൾ ലണ്ടനിലേക്ക് യഥേഷ്ടം എളുപ്പത്തിലെത്തിച്ചേരാൻ സൂയസിൽനിന്നും മെഡിറ്ററേനിയൻ കടലിലേക്കുള്ള വഴി അവരുടെ അധീനതയിൽ ആവേണ്ടതുണ്ട്. അതിനാലാണ് ഫലസ്തീന്റെ തെക്കുപടിഞ്ഞാർ പ്രദേശം അവർ കൈവശം വെച്ചത്. തങ്ങൾക്ക് മേൽകൈ ഉള്ള ഒരു ജൂതരാഷ്ട്രം ഫലസ്തീനിൽ വരിക വഴി മധ്യേഷ്യൻ പ്രദേശത്തിന്റെ രാഷ്ട്രീയം കാലാകാലം ബ്രിട്ടന് അനുകൂലമാക്കാമെന്നുള്ള തന്ത്രമായിരുന്നു മറ്റൊന്ന്. ചരിത്രപരവും മതപരവുമായ കാരണങ്ങളാൽ ജൂതർക്ക് കൂടി അവകാശപ്പെട്ടതാണ് ഫലസ്തീൻ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാർ ബ്രിട്ടനിൽ ധാരാളമുണ്ടായിരുന്നു. അതിക്രമം നേരിട്ടുകൊണ്ടേയിരിക്കുന്ന ജൂതരോട് മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടന് സഹാനുഭൂതി കൂടുതലുണ്ടായിരുന്നു.
തങ്ങളുടെ സഖ്യത്തിലേക്ക് അമേരിക്ക വരണമെന്ന് ആഗ്രഹിച്ച ബ്രിട്ടന്റെ ഇംഗിതം സാധിപ്പിക്കുന്നതിൽ നിർണായകമായത് ജൂതരുടെ ശക്തമായ ലോബിയിംഗ് ആയിരുന്നു. അമേരിക്കയിൽ എക്കാലവും ജൂതന്മാർ സർവാദരണീയരായിരുന്നു താനും. യുദ്ധകാലത്ത് സാമ്പത്തികമായി തകർന്ന ബ്രിട്ടനെ സഹായിച്ചത് ജൂതസമ്പന്നർ ചേർന്നാണ്. ബ്രിട്ടനിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ജൂത തിരസ്‌കാരത്തിനെതിരെ നിലപാട് ശക്തമാകുന്നുണ്ടായിരുന്നു. സയണിസവും അത് മുന്നോട്ടു വെച്ച ജൂതരാഷ്ട്ര സങ്കൽപവും പ്രചുരപ്രചാരം നേടിവരുന്നുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചേർന്നായിരിക്കും ബാൽഫർ പ്രഖ്യാപനം സാധ്യമാക്കിയത്.
1883 മുതലാണ് കുറേശ്ശെയായി ജൂതരുടെ ആലിയകൾ (സെറ്റൽമെന്റുകൾ) ഫലസ്തീനിൽ രൂപപ്പെടാൻ തുടങ്ങിയത്. എന്നാൽ ബാൽഫർ പ്രഖ്യാപന കാലത്ത് യഹൂദ ജനസംഖ്യ 9 ശതമാനം മാത്രമായിരുന്നു. ക്രിസ്ത്യാനികൾ 14 ഉം മുസ്‌ലിംകൾ 75 ശതമാനവുമായിരുന്നു. ബാൽഫർ മുതൽ സയണിസം ഉണർന്ന് പണിയെടുക്കാൻ തുടങ്ങി. പല സന്നദ്ധ സംഘങ്ങളും (എൻ.ജി.ഒ) ഇതിനായി രൂപീകരിച്ചു. 1930 കളിലെത്തുമ്പോൾ ജൂത ജനസംഖ്യ 20 ശതമാനത്തിനടുത്തെത്തി. അതോടുകൂടി അറബ് ജൂത സംഘർഷം പതിവാകുകയും ചെയ്തു. 1936 ൽ അറബ് പ്രക്ഷോഭമായി വികസിച്ച സംഘർഷത്തിൽ പിന്നീടിതുവരെ സമാധാനം ഉണ്ടായിട്ടില്ല. 1947 ലെത്തുമ്പോൾ ജൂത ജനസംഖ്യ 32 ശതമാനമായി വർധിച്ചുവെങ്കിലും അവരുടെ അധീനതയിൽ ഉണ്ടായിരുന്ന ഭൂവിസ്തൃതി 6 ശതമാനം മാത്രമായിരുന്നു. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവയുടെ പിന്തുണയിൽ ഐക്യരാഷ്ട്ര സഭ ഏറ്റവും ഫലഭൂയിഷ്ഠമായ 56 ശതമാനം ഭൂമിയും ചരിത്രം രേഖപ്പെട്ട കാലം മുതൽ അവിടെയുണ്ടായിരുന്ന തദ്ദേശീയരായ ഫലസ്തീൻ ജനതക്ക് വെറും 41 ശതമാനം ഭൂമിയും എന്നൊരു ദ്വിരാഷ്ട്ര ഫോർമുല അടിച്ചേൽപിച്ചു. ഇസ്രായിൽ ഉണ്ടാകുകയും ഫലസ്തീൻ ഇല്ലാതെയാകുകയും ചെയ്ത കൊടുംചതിയായിരുന്നു അത്.