ഐക്യകേരളത്തോളം തന്നെ പഴക്കമുള്ള സ്‌കൂൾ കലോത്സവം ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് ഈക്കാലമത്രയും മുന്നോട്ടു പോയത്. ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നതും പ്രതിഭ, തിലകം പട്ടങ്ങൾ എടുത്തുകളഞ്ഞതും അവയിൽ ചിലതു മാത്രം. സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ എന്നും നിറഞ്ഞ ആവേശമാണുള്ളത്. ഇതിനിടയിൽ പ്രതിഭ, തിലകം പട്ടങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കലോത്സവ നടത്തിപ്പിലും പങ്കെടുക്കുന്നതിലും ഉണ്ടായിരിക്കുന്ന ചെലവിന്റെ ഗണ്യമായ വർധനയാണ് എടുത്തുപറയേണ്ട വലിയൊരു പോരായ്മ. പണക്കൊഴുപ്പിന്റെ മേളയായി കലോത്സവങ്ങൾ മാറുന്നതായുള്ള ആക്ഷേപങ്ങളിൽ കാര്യമില്ലാതില്ല.
കേരളത്തിന്റെ യശസ്സുയർത്തി കൗമാര പ്രതിഭകൾ നിറഞ്ഞാടുന്ന സ്‌കൂൾ കലോത്സവ വേദി ഉണരുകയായി. നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് ഈടുറ്റ സംഭാവനകൾ നൽകിയിട്ടുള്ള ഒട്ടേറെ കലാകാരന്മാരുടെ നാടായ കൊല്ലത്ത് തിരിതെളിഞ്ഞ കലാമാമാങ്കം കുട്ടികളുടെ സർഗവാസന കൊണ്ടു സമ്പന്നമാകും. എട്ടാം തീയതി വരെ അത് നീളും. മികച്ച കലാപ്രകടനങ്ങളുടെ ആഹ്ളാദവും ഒട്ടേറെ വിവാദങ്ങളുടെ നിരാശയും നിറഞ്ഞതാണ് ഇതുവരെയുള്ള കലോത്സവ ചരിത്രം. പരാതികളില്ലാത്ത കലോത്സവമാണ് ഇത്തവണ എല്ലാവരുടേയും പ്രതീക്ഷയും ആഗ്രഹവും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള ഒരുക്കമാണ് പൂർത്തിയായിരിക്കുന്നത്. ആക്ഷേപങ്ങളില്ലാതെ കലോത്സവങ്ങൾ സംഘടിപ്പിക്കുക എന്നതു ഒട്ടേറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഒരുപാടു പേരുടെ അത്യധ്വാനമാണ് ഓരോ കലാമേളയ്ക്കും പിന്നിലുള്ളത്. നാടിന് അഭിമാനകരമായ രീതിയിൽ 65 ാമതു സംസ്ഥാന സ്‌കൂൾ കലോത്സവം ഒരുക്കാൻ സംഘാടകർക്കും കാണികളുടെ മനസ്സു നിറയുന്ന പ്രകടനങ്ങൾക്ക് 249 ഇനങ്ങളിലായി മത്സരിക്കുന്ന പതിനാലായിരത്തോളം കലാപ്രതിഭകൾക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു. കുട്ടികൾക്കു കലാപ്രകടനത്തിനുള്ള മികച്ച വേദി എന്നതിനൊപ്പം നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെടാതെ കാക്കുന്നതിനും സ്‌കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
കഴിഞ്ഞ വർഷത്തെ കലോത്സവ വിജയികളായ കോഴിക്കോട്ടുനിന്ന് ആഘോഷപൂർവം കൊല്ലത്ത് എത്തിച്ച സ്വർണക്കപ്പിനായുള്ള പോരാട്ടത്തിന് ഇത്തവണയും മാറ്റേറെയുണ്ടാകും. കുട്ടിക്കാലം മുതലുള്ള കഠിനമായ സാധനയുടെ പ്രകടന വേദിയാണ് പല കുട്ടികൾക്കും കലോത്സവം. ഇതു മനസ്സിലാക്കി അവരെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദിക്കുന്നതിനും ഒട്ടും പിശുക്കുണ്ടാകരുത്. ഇതൊരു മത്സരവേദി കൂടിയാണെന്നിരിക്കേ വിധിനിർണയത്തിൽ പാകപ്പിഴകൾ ഉണ്ടാകാൻ പാടില്ല. വിധികർത്താക്കളെക്കുറിച്ചുള്ള ആക്ഷേപങ്ങൾ പലപ്പോഴും കലോത്സവങ്ങളുടെ ശോഭ കെടുത്തിയിട്ടുണ്ട്. മുൻവിധിയും പക്ഷപാതപരമായ വിധി നിർണയവും ഉണ്ടാകില്ലെന്ന തോന്നൽ മത്സരാർഥികളിൽ ഉണ്ടായാൽ തന്നെ പരാതികൾ കുറയും. കലോത്സവവുമായി ബന്ധപ്പെട്ടു വർധിച്ചുവരുന്ന അനഭിലഷണീയ പ്രവണതകൾക്കു കൊല്ലത്തു കറുവു വരുമെന്നു പ്രത്യാശിക്കുന്നു.
അരങ്ങിൽ കുട്ടികൾ ആടിയും പാടിയും തകർക്കുമ്പോൾ അണിയറയിലും പുറത്തുമായി മത്സര ഫലത്തെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടുന്ന ഒരു കൂട്ടരുണ്ട്. ഇവരിൽ മാതാപിതാക്കളും കുട്ടികളെ അഭ്യസിപ്പിക്കുന്നവരും അധ്യാപകരും എല്ലാം ഉൾപ്പെടുന്നു. മത്സര ഫലത്തോടൊപ്പമുള്ള ഇവരുടെ വാക്കും പ്രവൃത്തിയുമാണ് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും കാര്യങ്ങൾ എത്തിക്കുക. കലാപ്രകടനത്തിനും കലാസ്വാദനത്തിനും പ്രാധാന്യം നൽകുന്നവർ ഒരിക്കലും ഇത്തരം കശപിശയ്ക്കു നിൽക്കാറില്ല. മത്സരങ്ങളിലെ സ്ഥാനക്രമമല്ല ഒരാളുടെ കലാമികവിനെ ആത്യന്തികമായി അടയാളപ്പെടുത്തുകയെന്നു തെളിയിച്ച എത്രയോ മഹാന്മാരായ കലാകാരന്മാരുടെ നാടാണ് നമ്മുടേത്. തോറ്റാലും ജയിച്ചാലും കലാസപര്യ തുടരുമെന്ന നിശ്ചയത്തോടെയും അർപ്പണത്തോടെയും മുന്നോട്ടു പോയാൽ ആസ്വാദകർ നിറഞ്ഞ മനസ്സോടെ ഒപ്പമുണ്ടാകുമെന്ന തിരിച്ചറിവോടെയും വേണം, ഓരോ കലാപ്രതിഭയും കൊല്ലത്തു മത്സരിക്കാനും അതിനു ശേഷം തിരിച്ചുപോകാനും.
ഐക്യകേരളത്തോളം തന്നെ പഴക്കമുള്ള സ്‌കൂൾ കലോത്സവം ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് ഈക്കാലമത്രയും മുന്നോട്ടു പോയത്. ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നതും പ്രതിഭ, തിലകം പട്ടങ്ങൾ എടുത്തുകളഞ്ഞതും അവയിൽ ചിലതു മാത്രം. സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ എന്നും നിറഞ്ഞ ആവേശമാണുള്ളത്. ഇതിനിടയിൽ പ്രതിഭ, തിലകം പട്ടങ്ങൾ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കലോത്സവ നടത്തിപ്പിലും പങ്കടുക്കുന്നതിലും ഉണ്ടായിരിക്കുന്ന ചെലവിന്റെ ഗണ്യമായ വർധനയാണ് എടുത്തുപറയേണ്ട വലിയൊരു പോരായ്മ. പണക്കൊഴുപ്പിന്റെ മേളയായി കലോത്സവങ്ങൾ മാറുന്നതായുള്ള ആക്ഷേപങ്ങളിൽ കാര്യമില്ലാതില്ല. നൃത്ത ഇനങ്ങളിലും മറ്റും മത്സരിക്കുന്ന കുട്ടികൾക്കു പതിനായിരങ്ങൾ ചെലവഴിക്കേണ്ടിവരും. കലാമികവിനു വേണ്ടി ഇത്രയേറെ ചെലവഴിക്കാൻ സാധാരണക്കാർക്കു സാധിക്കില്ല. സാമ്പത്തിക പ്രയാസമുള്ള മാതാപിതാക്കളുടെ കുട്ടികൾക്കു കലോത്സവ വേദികൾ അന്യമാകാതിരിക്കാൻ വേണ്ട നടപടികളുണ്ടാകണം. ഇതിനിടെ, കലോത്സവത്തിന്റെ പ്രചാരണം കൊഴുപ്പിക്കാൻ കഴിഞ്ഞില്ലെന്ന പരിഭവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു പോലുമുണ്ടായി. പിന്നീട് സ്‌കൂളുകളുടെ ചെലവിൽ പ്രചാരണം കൊഴുപ്പിക്കാൻ നടത്തിയ നീക്കം വിമർശന വിധേയമാകുകയും ചെയ്തു. എങ്കിലും കലോത്സവം ഇങ്ങെത്തിയതോടെ കലോത്സവ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായമായി കൊല്ലം മാറട്ടെയെന്ന ആശംസയും പ്രാർഥനയുമാണ് എവിടേയും നിറയുന്നത്. കണ്ണിലും കാതിലും ഇനി കലയുടെ കൊല്ലം.