Sorry, you need to enable JavaScript to visit this website.

വർഗീയ രാഷ്ട്രീയം തൃശൂരിൽ വിലപ്പോകില്ല

ജനാധിപത്യവും മതേതരത്വവും മുറുകെ പിടിക്കുന്ന ഇരുമുന്നണികളേയും പിന്നിലാക്കി കേരളത്തിൽ തൃശൂരോ മറ്റേതെങ്കിലും മണ്ഡലമോ സ്വന്തമാക്കാൻ ബി.ജെ.പിക്കാവുമെന്നു കരുതാനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. ശരിയാണ്, സാംസ്‌കാരികമായും മാനസികമായുമൊക്കെ സംഘിവൽക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനം തന്നെയാണ് കേരളം. പക്ഷേ തൽക്കാലം അതിനെ രാഷ്ട്രീയ നേട്ടമാക്കാൻ ബി.ജെ.പിക്കാകുമെന്നു കരുതാവുന്ന അവസ്ഥ ഇപ്പോഴുമില്ല. ശക്തമായ ഇരുമുന്നണി സംവിധാനം അതനുവദിക്കില്ല.  

 

കഴിഞ്ഞ ദിവസം തൃശൂരിൽ ബി.ജെ.പി സംഘടിപ്പിച്ച നാരീശക്തി സമ്മേളനത്തിൽ പങ്കെടുത്തതോടെ വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ചു എന്നു കരുതാം. മോഡിയുടെ ഗാരണ്ടി മോഡിയുടെ ഗാരണ്ടി എന്നു 18 തവണ ആവർത്തിക്കുക വഴി ഈ തെരഞ്ഞെടുപ്പിലും സ്വന്തം ബ്രാന്റ് സ്ഥാപിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്. ദേശീയ തലത്തിൽ തന്നെ ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാണ് വാർത്തകൾ. അതേസമയം തൃശൂർ പിടിച്ച് കേരളത്തിൽ നിന്നുള്ള ലോക്‌സഭ പ്രാതിനിധ്യത്തിനു തുടക്കം കുറിക്കുക എന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ വികാരം മോഡി ഉൾക്കൊണ്ടോ എന്നത് സംശയമാണ്. റോഡ് ഷോയിൽ മോഡിക്കൊപ്പം നിൽക്കാൻ സുരേഷ് ഗോപിക്ക് അവസരം നൽകിയെങ്കിലും പരിപാടിയിൽ സംസാരിക്കാൻ അവസരം കൊടുത്തില്ല. എന്തിന്, സുരേഷ് ഗോപിയുടെ പേരുപോലും മോഡി പറഞ്ഞില്ല. സുരേഷ് ഗോപിക്കായി മതിലെഴുത്തു നടത്തിയവരൊക്കെ നിരാശരായി എന്നാണ് വാർത്ത. സുരേഷ് ഗോപിയുടെ പേരു പ്രഖ്യാപിച്ച് മോഡി രാജ്യത്തെ ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് പലരും പ്രതീക്ഷിച്ചത്. 

തീർച്ചയായും ഒന്നാം ക്ലാസ് മണ്ഡലമായി വിലയിരുത്തിയിരിക്കുന്ന തൃശൂരിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബി.ജെ.പി ഈ പരിപാടി സംഘടിപ്പിച്ചത് എന്നതിൽ സംശയമില്ല. സമ്മേളനം വിജയകരമായിരുന്നു. പക്ഷേ തൃശൂരെടുക്കാൻ ബി.ജെപിക്കും സുരേഷ് ഗോപിക്കുമാകുമോ? അവിഹിതമെന്നൊക്കെ വിശേഷിപ്പിക്കപ്പെടാറുള്ള ധാരണകളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ അതു സാധ്യമല്ല എന്നതാണ് വസ്തുത. മോഡിയുടെ ഗാരണ്ടി എന്നു പറയുന്നതിനേക്കാൾ ഉറപ്പിച്ച് പറയാനാകും തൃശൂരിന്റെ ഗാരണ്ടി, ആ സ്വപ്‌നം വെറും സ്വപ്‌നമായി അവശേഷിക്കും. 

തൃശൂർ, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് തൃശൂർ ലോക്‌സഭ മണ്ഡലം. 2019 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ടി.എൻ. പ്രതാപന് 4,15,089 വോട്ടും സി.പി.ഐ സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് 3,21,456 വോട്ടും സുരേഷ് ഗോപിക്ക് 2,93,822 വോട്ടുമാണ് ലഭിച്ചത്. 28 ശതമാനം വോട്ടാണ് സുരേഷ് ഗോപി നേടിയത്. അത് മോശമാണെന്നു പറയാനാവില്ല. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലം കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ഇത്തവണ ആഞ്ഞുപിടിച്ചാൽ വിജയിക്കാമെന്നു ബി.ജെ.പി കരുതുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാനം ക്രിസ്ത്യൻ വോട്ടുകളിലുള്ള പ്രതീക്ഷ തന്നെ. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ടുകൾ ധാരാളമുണ്ട്. മറ്റു മണ്ഡലങ്ങളിൽ അതിനേക്കാൾ കൂടുതൽ മുസ്‌ലിം വോട്ടുകളാകാമെങ്കിലും ക്രിസ്ത്യൻ വോട്ടുകളുമുണ്ട്. പൊതുവിൽ കോൺഗ്രസിനു പോകുന്ന ഈ വോട്ടുകളിൽ വലിയൊരു വിഭാഗം ഇത്തവണ തങ്ങൾക്കു കിട്ടുമെന്നാണവർ കരുതുന്നത്. അതിനായുള്ള ശ്രമങ്ങൾ ഏറെ നാളായി ആരംഭിച്ചതാണല്ലോ. മണിപ്പൂർ സംഭവ വികാസങ്ങൾ അൽപം തിരിച്ചടിയായെങ്കിലും അതിനെ മറികടക്കാനായി എന്നാണ് ഇന്നവർ കരുതുന്നത്. അതോടൊപ്പം തൃശൂർ നഗരത്തിലടക്കം പല മേഖലകളിലുമുള്ള സവർണ - ഈഴവ വോട്ടുകളിലും വർധനയുണ്ടാകുമെന്ന് ബി.ജെ.പി കരുതുന്നു. സുരേഷ് ഗോപിയുടെ വ്യക്തിത്വവും സഹായകമാകും. വനിത വോട്ടുകളിലും വലിയ വർധനയുണ്ടാകും.  മുസ്‌ലിം വോട്ടുകളിൽ ഒന്നുപോലും കിട്ടുകയില്ലെങ്കിലും വിജയത്തിന് അതെല്ലാം ധാരാളമാണെന്നാണ് ബി.ജെ.പി പ്രവർത്തകർ കരുതുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്ക് ക്രിസ്മസ് വിരുന്നു കൊടുത്താണ് മോഡി തൃശൂരിലെത്തിയത് എന്നതും പ്രസക്തമാണ്. അതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിച്ചെങ്കിലും നിയമ നടപടിക്കു പോകാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നതിനു കാരണവും മറ്റൊന്നല്ല.

സുരേഷ് ഗോപിയുടെ പേരു പറഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രസംഗം തന്നെയാണ് മോഡി നടത്തിയത്. നാരീശക്തി സമ്മേളനമായിരുന്നതിനാൽ തന്റെ നേതൃത്വത്തിൽ നടപ്പാക്കിയെന്നവകാശപ്പെടുന്ന സ്ത്രീ സൗഹൃദ പദ്ധതികളായിരുന്നു കൂടുതൽ വിശദീകരിച്ചത് എന്നു മാത്രം. അതേസമയം മോഡിയുടെ ഗാരണ്ടി എന്നവകാശപ്പെട്ടവയിൽ പലതും കേരളം മുന്നേ നടപ്പാക്കിയവയാണെന്നതാണ് വസ്തുത. സ്വാഭാവികമായും എന്നു നടപ്പാക്കുമെന്നുറപ്പു പറയാനാവാത്ത വനിത സംവരണ നിയമത്തിലായിരുന്നു മോഡി കൂടുതൽ ഊന്നിയത്.  ഒപ്പം ഇരുമുന്നണികളേയും ശക്തമായി തന്നെ മോഡി ആക്രമിച്ചു. കേരളം ഭരിച്ച ഇരുമുന്നണി സർക്കാരുകളും സ്ത്രീകളെ ദുർബലരായാണ് കണക്കാക്കിയതെന്നാണ് മോഡി പറഞ്ഞത്. ഒപ്പം തന്റെ സർക്കാർ രാജ്യമെങ്ങും നടത്തുന്നു എന്നവകാശപ്പെടുന്ന ഒരുപാട് ക്ഷേമപദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നുമുള്ള പേരുകൾ മാത്രമാണു വ്യത്യസ്തം. അക്രമം, കുടുംബാധിപത്യം, അഴിമതി തുടങ്ങി ജനങ്ങളെ വഞ്ചിക്കുന്ന വിഷയങ്ങളിൽ ഇരുകൂട്ടരും ഒന്നിച്ചാണ്. ഇന്ത്യ മുന്നണിയുണ്ടാക്കാൻ ഇവരെ പ്രേരിപ്പിച്ചത് ഈ ഐക്യമാണ്. അഴിമതിയും വഞ്ചനയും ആശയമാക്കിയ ഇന്ത്യ മുന്നണിയെ ബി.ജെ.പി പരാജയപ്പെടുത്തും എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ പ്രസംഗം. തൃശൂരിലായതിനാൽ സ്വാഭാവികമായും പൂരത്തേയും വടക്കുംനാഥനേയും അദ്ദേഹം പരാമർശിച്ചു. ഒപ്പം ശബരിമലയും. പാവപ്പെട്ടവർക്കു കേന്ദ്ര സർക്കാർ നൽകുന്ന പണത്തിന്റെ കണക്ക് ചോദിച്ചാൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എതിർക്കുന്നു. മുത്തലാഖ് നിയമവും എടുത്തു പറഞ്ഞു. 

സ്തീശക്തി മോഡിക്കൊപ്പം എന്നു കേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ ആർക്കാണ് കഴിയുക. മോഡിയുടെ ജൈത്രയാത്രക്ക് അടിത്തറയിട്ടതു തന്നെ ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറിയതടക്കമുള്ള അക്രമങ്ങളുടെ അടിത്തറയിലാണ്. ബൾക്കീസ് ബാനുവിനെ ക്രൂരമായി വലിച്ചു കീറിയവർക്ക് ജയിലിൽ നിന്നിറങ്ങിയപ്പോൾ സ്വീകരണം കൊടുത്തത് ആരാണ്? ഗൗരി ലങ്കേഷ് എന്ന പേരു മറക്കാറായിട്ടില്ലല്ലോ. കത്വ, ഹത്രാസ്, ഉന്നാവ തുടങ്ങിയ സ്ഥലനാമങ്ങളോ? ഇന്നത് മണിപ്പൂരിലെത്തി നിൽക്കുന്നു. കായിക താരങ്ങളായ മിന്നുമണിക്കും  പി.ടി. ഉഷക്കും  ഇടയിൽ മോഡി ഇരിക്കുമ്പോൾ സാക്ഷി മാലിക്കിനെ ഓർക്കുന്നതും സ്വാഭാവികം. കഴിഞ്ഞില്ല. ഇരുപതോളം പ്രമുഖ വ്യക്തികളെ ആദരിച്ചപ്പോൾ എൻ.ഡി.എയിൽ തന്നെയുള്ള സി.കെ. ജാനുവിനെ എന്തിനാണ് ഒഴിവാക്കിയത്? പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ മാത്രമല്ല, ഇപ്പോൾ രാമക്ഷേത്ര പ്രതിഷ്ഠയിലും രാഷ്ട്രപതിയെ ഒഴിവാക്കുന്നതോ? സ്ത്രീക്കും ദളിതനും ആദിവാസിക്കുമൊക്കെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന മനുസ്മൃതിയാണല്ലോ ഇവരുടെ അപ്രഖ്യാപിത ഭരണഘടന. 

ജനാധിപത്യവും മതേതരത്വവും മുറുകെ പിടിക്കുന്ന ഇരുമുന്നണികളേയും പിന്നിലാക്കി കേരളത്തിൽ തൃശൂരോ മറ്റേതെങ്കിലും മണ്ഡലമോ സ്വന്തമാക്കാൻ ബി.ജെ.പിക്കാവുമെന്നു കരുതാനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. ശരിയാണ്, സാംസ്‌കാരികമായും മാനസികമായുമൊക്കെ സംഘിവൽക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനം തന്നെയാണ് കേരളം. പക്ഷേ തൽക്കാലം അതിനെ രാഷ്ട്രീയ നേട്ടമാക്കാൻ ബി.ജെ.പിക്കാകുമെന്നു കരുതാവുന്ന അവസ്ഥ ഇപ്പോഴുമില്ല. ശക്തമായ ഇരുമുന്നണി സംവിധാനം അതനുവദിക്കില്ല.  


 

Latest News